ചൈനയെ മറികടന്ന് ജനസംഖ്യയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തേയ്ക്ക് കുതിക്കുന്നു എന്ന് യു എൻ പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ഈ വർഷം പകുതിയോടെ തന്നെ ഏകദേശം 30 ലക്ഷം ആളുകളുടെ മുൻതൂക്കത്തോടെ ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയെന്ന് യു എൻ ബുധനാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ ( യുഎൻഎഫ്പിഎ) “സ്റ്റേറ്റ് ഓഫ് വേൾഡ് പോപ്പുലേഷൻ റിപ്പോർട്ട്, 2023″ലാണ് ചൈനയുടെ 1.4257 ബില്യണിൽ നിന്ന് ഇന്ത്യയുടെ ജനസംഖ്യ 1428.6 മില്യൺ അഥവാ 1.4286 ബില്യണായി ഉടനടി മാറുമെന്ന് പറയുന്നത്. 340 മില്യൺ ജനസംഖ്യയുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് മൂന്നാം സ്ഥാനത്താണ് എന്നും റിപ്പോർട്ടിൽ പറയുന്നു. 2023 ഫെബ്രുവരി വരെ ലഭ്യമായ വിവരങ്ങളാണ് ഈ ഡാറ്റയിൽ ഉൾപെട്ടിട്ടുള്ളത്. മുൻ യുഎൻ ഡാറ്റ ഉപയോഗിച്ച് ജനസംഖ്യാ വിദഗ്ധർ ഈ മാസം ഇന്ത്യ ചൈനയെ മറികടക്കുമെന്ന് പ്രവചിച്ചിരുന്നു. എന്നാൽ യുഎന്നിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ മാറ്റം എപ്പോൾ സംഭവിക്കുമെന്ന കാര്യം കൃത്യമായി വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും ലഭിക്കുന്ന ഡാറ്റയിൽ നിലനിൽക്കുന്ന “അനിശ്ചിതത്വം” കാരണം ഒരു തീയതി കൃത്യമായി പറയുക എന്നത് അസാധ്യമാണെന്ന് യുഎൻ ജനസംഖ്യാ വിഭാഗത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രത്യേകിച്ചും ഇന്ത്യയുടെ അവസാന സെൻസസ് 2011 ലാണ് നടത്തിയത്. 2021 ൽ നടക്കേണ്ട അടുത്ത സെൻസസ് കോവിഡ് മഹാമാരി കാരണം വൈകുകയും ചെയ്തു.
Also Read-മലയാളിയടക്കം 97 പേർ കൊല്ലപ്പെട്ട സുഡാൻ കലാപത്തിന് കാരണമെന്ത്?
8.045 ബില്യൺ വരുന്ന ആഗോള ജനസംഖ്യയുടെ മൂന്നിലൊന്ന് ഇന്ത്യയും ചൈനയുമായി പങ്കിടുമെങ്കിലും ഈ രണ്ട് ഏഷ്യൻ ഭീമൻമാരുടെയും ജനസംഖ്യാ നിരക്കിലെ വളർച്ച മന്ദഗതിയിലാണ് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ചൈനയുടെ ജനസംഖ്യ ആറ് പതിറ്റാണ്ടിനിടെ ആദ്യമായി കുറഞ്ഞു. ചരിത്രപരമായ ഒരു വഴിത്തിരിവായാണ് ആ കുറവിനെ കാണേണ്ടത്. കാരണം അത് ചൈനയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും ലോകത്തിനും അഗാധമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേയ്ക്കും.
സർക്കാർ കണക്കുകൾ പ്രകാരം ഇന്ത്യയുടെ വാർഷിക ജനസംഖ്യാ വളർച്ച 2011 മുതൽ ശരാശരി 1.2% ആണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 10 വർഷമായി അത് 1.7% ആയിരുന്നു. ജനസംഖ്യാ വർദ്ധനവിനെ സംബന്ധിച്ച ഉത്കണ്ഠകൾ പൊതുജനങ്ങളിൽ വലിയ തോതിൽ വ്യാപിച്ചിട്ടുണ്ടെന്ന് ഇന്ത്യയിൽ നടത്തിയ സർവേയിലെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു എന്ന് യുഎൻഎഫ്പിഎ ഇന്ത്യയുടെ പ്രതിനിധി ആൻഡ്രിയ വോജ്നാർ പറഞ്ഞു. അതേസമയം ജനസംഖ്യാ കണക്കുകളിൽ പൊതുജനങ്ങൾ ഉത്കണ്ഠ പെടുകയോ ആശങ്കപെടുകയോ ചെയ്യേണ്ടതില്ലെന്നും വ്യക്തിഗതമായ അവകാശങ്ങളും മുൻഗണനകളും ഉയർത്തിപ്പിടിക്കുകയാണെങ്കിൽ അത് പുരോഗതിയുടെയും വികസനത്തിന്റെയും പ്രതീകമായി കാണാമെന്നും ആൻഡ്രിയ വോജ്നാർ കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.