• HOME
  • »
  • NEWS
  • »
  • world
  • »
  • ഇന്ത്യ- യുഎഇ- ഫ്രാന്‍സ് ത്രികക്ഷി സഖ്യം; പ്രതിരോധ മേഖലയില്‍ സുപ്രധാന പദ്ധതികള്‍ക്ക് തുടക്കമിടുമെന്ന് സൂചന

ഇന്ത്യ- യുഎഇ- ഫ്രാന്‍സ് ത്രികക്ഷി സഖ്യം; പ്രതിരോധ മേഖലയില്‍ സുപ്രധാന പദ്ധതികള്‍ക്ക് തുടക്കമിടുമെന്ന് സൂചന

സൗരോർജം, ആണവോർജം, കാലാവസ്ഥ വ്യതിയാനം എന്നിവയ്ക്ക് ഊന്നൽ നൽകി സഹകരണത്തോടെ പദ്ധതികൾക്ക് രൂപം നൽകുമെന്ന് മൂന്ന് രാജ്യങ്ങളുടെ പ്രതിനിധികളും ഉറപ്പ് നൽകിയിട്ടുണ്ട്

  • Share this:

    ന്യൂഡൽഹി: പ്രതിരോധമടക്കമുള്ള തന്ത്രപ്രധാന മേഖലകളിൽ വിവിധ പദ്ധതികൾക്ക് തുടക്കമിട്ട് ഇന്ത്യ, ഫ്രാൻസ്, യുഎഇ സഖ്യം. റഷ്യ- യുക്രൈൻ സംഘർഷം തുടരുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

    ഇരുരാജ്യങ്ങളിലെയും പ്രതിനിധികളുമായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഹരിതോർജം, പ്രതിരോധം, സാങ്കേതിക വിദ്യ, കാലാവസ്ഥ വ്യതിയാനം എന്നീ വിഷയങ്ങളെപ്പറ്റിയും ചർച്ച നടത്തിയിരുന്നു.

    ഫ്രാൻസിലെ വിദേശകാര്യമന്ത്രി കാതറിൻ കോളോണ, യുഎഇ പ്രതിനിധി ഷെയ്ഖ് അബ്ദുള്ള ബിൻ സെയ്ദ് അൽ നഹ്യാൻ എന്നിവരുമായാണ് ജയശങ്കർ ചർച്ച നടത്തിയത്. മൂവരും ചേർന്ന് ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കുകയും ചെയ്തു. ഇതിൽ നിന്നും പ്രതിരോധ മേഖലയിൽ മൂന്ന് രാജ്യങ്ങളുടെയും സഹകരണത്തിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

    Also read: ‘മുസ്ലീങ്ങളെക്കുറിച്ചുള്ള മോഹൻ ഭാഗവതിന്റെ പ്രസ്താവനയോട് യോജിക്കുന്നു’: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

    സൗരോർജം, ആണവോർജം, കാലാവസ്ഥ വ്യതിയാനം എന്നിവയ്ക്ക് ഊന്നൽ നൽകി സഹകരണത്തോടെ പദ്ധതികൾക്ക് രൂപം നൽകുമെന്ന് മൂന്ന് രാജ്യങ്ങളുടെ പ്രതിനിധികളും ഉറപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യൻ മഹാസമുദ്ര മേഖല കൂടി ലക്ഷ്യമിട്ടാണ് പദ്ധതികൾ വിഭാവനം ചെയ്യുന്നത്.

    കൂടാതെ പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങളുടെ നിർവ്വഹണവുമായി ബന്ധപ്പെട്ടാകും മൂന്ന് രാജ്യങ്ങളും പ്രവർത്തിക്കുകയെന്നും ചർച്ചയ്ക്ക് ശേഷമുള്ള പ്രസ്താവനയിൽ പറയുന്നു.

    പ്രതിരോധ മേഖലയ്ക്ക് പ്രാധാന്യം നൽകിയുള്ള പദ്ധതികൾക്കായി മൂന്ന് രാജ്യങ്ങളും പരസ്പരം സഹകരിക്കുന്നതാണ്. മൂന്ന് രാജ്യങ്ങളുടെയും പ്രതിരോധ സേനകൾ തമ്മിലുള്ള സഹകരണത്തിനും പരിശീലനത്തിനുമുള്ള പുതിയ പദ്ധതികൾ പ്രഖ്യാപിക്കും. അതോടൊപ്പം ഈ മേഖലയ്ക്ക് ആവശ്യമായ ഉൽപ്പാദനവും വികസനവും പദ്ധതി ലക്ഷ്യമിടുന്നു,”സംയുക്ത പ്രസ്താവനയിൽ പറയുന്നു.

    സാങ്കേതിക വിദ്യയിൽ മുൻനിരയിൽ നിൽക്കുന്ന രാജ്യങ്ങളെന്ന നിലയിൽ ഈ ത്രിരാഷ്ട്ര സഹകരണം അക്കാദമിക-ഗവേഷണ മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും യോഗത്തിൽ ചർച്ച ചെയ്തിരുന്നു. പരസ്പര സഹകരണത്തോടെയുള്ള പദ്ധതികൾ, സാങ്കേതികത കൈമാറ്റം, എന്നിവയെല്ലാം ഇതിന്റെ ഭാഗമായിരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

    സാംസ്‌കാരിക സഹകരണം ഉറപ്പാക്കുന്ന ഒരു പ്ലാറ്റ്‌ഫോമായി ഈ മൂന്ന് രാജ്യങ്ങളുടെ കൂട്ടായ്മ പ്രവർത്തിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. അതിന് ആവശ്യമായ സംയുക്ത പദ്ധതികൾക്കും തുടക്കം കുറിക്കുമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

    നിലവിൽ റഷ്യ-യുക്രൈൻ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് പുതിയ കൂട്ടായ്മയുമായി ഈ മൂന്ന് രാജ്യങ്ങളും രംഗത്തെത്തുന്നത്.
    റഷ്യൻ അധിനിവേശം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിൽ നിർണായക പങ്ക് വഹിക്കാൻ കഴിവുള്ള രാജ്യമാണ് ഇന്ത്യയെന്ന് കഴിഞ്ഞ ഡിസംബറിൽ യുക്രൈയ്ൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്‌കി പറഞ്ഞിരുന്നു. സംഘർഷം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും നൽകാൻ തയ്യാറാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലും വ്യക്തമാക്കിയിരുന്നു. അതോടൊപ്പം തന്നെ സംഘർഷബാധിത പ്രദേശത്ത് ജീവിക്കുന്ന ജനങ്ങൾക്ക് ആവശ്യമായ സഹായം നൽകുന്നതിനും തങ്ങൾ തയ്യാറാണെന്നും പ്രസ്താവനയിൽ ഇന്ത്യ വ്യക്തമാക്കിയിരുന്നു.

    First published: