ന്യൂയോർക്ക്: യുഎസിൽ ഇന്ത്യൻ വംശജയായ സംരംഭകയ്ക്ക് വീട്ടിലുണ്ടായ തീപിടിത്തത്തിൽ ദാരുണാന്ത്യം. ന്യൂയോർക്കിലെ ലോങ് ഐലൻഡിൽ ഡിക്സ് ഹിൽസ് കോട്ടേജിൽ ഉണ്ടായ തീപിടിത്തത്തിലാണ് താനിയ ബത്തിജ (32) എന്ന യുവതി മരിച്ചത്. ഈ മാസം 14ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം.
കാൾസ് സ്ട്രെയിറ്റ് പാത്തിൽ മാതാപിതാക്കൾ താമസിച്ചിരുന്ന വീടിനു പിന്നിലെ കോട്ടേജിലാണ് താനിയ താമസിച്ചിരുന്നത്. താനിയയുടെ പിതാവ് ഗോവിന്ദ് ബത്തിജ 14നു പുലർച്ചെ നടക്കാൻ ഇറങ്ങിയപ്പോഴാണ് മകളുടെ കോട്ടേജിൽനിന്നു തീ ഉയരുന്നത് കണ്ടത്. ഉടൻ തന്നെ ഭാര്യയെ വിളിച്ചുണർത്തുകയും അധികൃതരെ വിവരമറിയിക്കുകയും ചെയ്തു.
പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണച്ചെങ്കിലും താനിയയെ രക്ഷിക്കാനായില്ല. തീപിടത്തിൽ ദുരൂഹതയില്ലെന്ന് സഫോക്ക് കൗണ്ടി പൊലീസ് അറിയിച്ചു. താനിയയുടെ വളർത്തുനായയും അപകടത്തിൽ പൊള്ളലേറ്റു ചത്തു.
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത താനിയ അക്കൗണ്ടിങ്ങിലും ഫിനാൻസിലും എംബിഎ കരസ്ഥമാക്കിയിട്ടുണ്ട്. അടുത്തിടെ ബെൽപോർട്ടിൽ ഡോനട്ട്സ് ഔട്ട്ലറ്റ് തുറന്നിരുന്നു, ബ്ലൂ പോയിന്റിൽ മറ്റൊരു ഔട്ട്ലറ്റും സ്വന്തമായുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.