• HOME
  • »
  • NEWS
  • »
  • world
  • »
  • ഗിനിയയിലെ കപ്പലിലുള്ളവർക്ക് ഭക്ഷണവുമായി ഇന്ത്യൻ എംബസി; മോചിപ്പിക്കാൻ ശ്രമം തുടരുന്നു

ഗിനിയയിലെ കപ്പലിലുള്ളവർക്ക് ഭക്ഷണവുമായി ഇന്ത്യൻ എംബസി; മോചിപ്പിക്കാൻ ശ്രമം തുടരുന്നു

മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 16 ഇന്ത്യക്കാരും 10 വിദേശികളുമാണ് കസ്റ്റഡിയിലുള്ളത്

Twitter/AllSeafarers

Twitter/AllSeafarers

  • Last Updated :
  • Share this:
    കൊച്ചി: ഗിനിയയിൽ കപ്പൽ തടഞ്ഞ് കസ്റ്റഡിയിലെടുത്ത നാവികർക്ക് ഭക്ഷണവും കുടിവെള്ളവും എത്തിച്ച് ഇന്ത്യൻ എംബസി. തടവിലുള്ള നാവികരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ഭക്ഷണവും വെള്ളവും എത്തിക്കാൻ ഇടപെട്ടതിന് നാവികർ കേന്ദ്ര സർക്കാരിന് നന്ദി പറഞ്ഞു. മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 16 ഇന്ത്യക്കാരും 10 വിദേശികളുമാണ് കസ്റ്റഡിയിലുള്ളത്. നാവികരുടെ മോചനത്തിന് ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഫസ്റ്റ് ഓഫീസര്‍ മലയാളിയായ സനു ജോസിനെ ഇന്നലെ അറസ്റ്റ് ചെയ്തു കപ്പലില്‍നിന്നു മാറ്റിയെങ്കിലും തിരികെ എത്തിച്ചു.

    കൊല്ലം സ്വദേശി വിജിത് വി നായര്‍, കൊച്ചി സ്വദേശി മില്‍ട്ടണ്‍ അടക്കമുള്ളവരാണ് ഗിനിയന്‍ സേനയുടെ തടവിലുള്ളത്. സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കൊല്ലത്തെ വിസ്‍മയയുടെ സഹോദരനാണ് വിജിത് വി നായർ. കഴിഞ്ഞ ദിവസമാണ് വിജിത്തും മറ്റ് ക്രൂ അംഗങ്ങളും ഇന്ത്യൻ സർക്കാരിന്റെ സഹായം അഭ്യർത്ഥിച്ച് വീഡിയോ ഇറക്കിയത്. 80 ദിവസത്തിലധികമായി കപ്പലും വിവിധ ദേശക്കാരായ 26 നാവികരും ഇക്വിറ്റോറിയൽ ഗിനിയുടെ തടങ്കലിലാണ്. പതിനാറ് ഇന്ത്യക്കാർ ഉൾപ്പെടുന്ന ഹെറോയിക് ഐഡൻ കപ്പലിന്റെ തൊട്ടടുത്ത് നൈജീരിയൻ നാവികസേന കപ്പൽ രണ്ട് ദിവസമായിട്ടുണ്ട്.

    അതേസമയം ജീവനക്കാരെ നൈജീരിയയ്ക്ക് കൈമാറും എന്നു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടായതോടെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു കൊണ്ടുപോയ തന്നെ തിരികെ കപ്പലില്‍ വിട്ടുവെന്ന് മലയാളിയായ ഫസ്റ്റ് ഓഫിസര്‍ സനു ജോസ് അറിയിച്ചു. ഹോട്ടലിലേക്കെന്നും പറഞ്ഞാണ് തടവിലുള്ള 15 പേരെ കപ്പലില്‍നിന്നു കൊണ്ടുപോയത്. മോചനം വൈകുന്നതോടെ ആശങ്കയിലാണ് ജീവനക്കാരുടെ കുടുംബങ്ങള്‍. ജീവനക്കാരുടെ മോചനത്തിനായി രാജ്യാന്തര തലത്തില്‍ ശ്രമങ്ങള്‍ തുടരുകയാണ്. ഹീറോയിക്ക് ഐഡന്‍ എന്ന കപ്പലാണ് ഗിനിയന്‍ നാവികസേന തടഞ്ഞുവച്ചിരിക്കുന്നത്.

    Also Read- ഗിനിയിൽ തടഞ്ഞ കപ്പലിലെ മലയാളി ചീഫ് ഓഫീസർ സനു അറസ്റ്റിൽ; നൈജീരിയയ്ക്ക് കൈമാറി

    നൈജീരിയയിലെ ആപ്‍കോ ടെർമിനലിൽ നിന്ന് എണ്ണ നിറയ്ക്കാനായി ഓഗസ്റ്റിൽ എത്തിയതാണ് ഹെറോയിക് ഐഡൻ എന്ന കപ്പൽ. രാത്രിയുടെ മറവിൽ നൈജീരിയൻ നാവികസേന കപ്പലിനടുത്തേക്ക് വന്നത് ആശങ്കയുണ്ടാക്കി. കടൽക്കൊള്ളക്കാരെന്ന് കരുതി കപ്പൽ വേഗം അന്താരാഷ്ട്ര സമുദ്രാതിർത്തിയിലേക്ക് കടന്നു. ദിവസങ്ങൾക്ക് ശേഷം നൈജീരിയൻ നാവികസേനയുടെ ആവശ്യപ്രകാരം ഇക്വറ്റോറിയൽ ഗിനിയുടെ നാവികസേന അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ നിന്ന് മലാബോയിൽ എത്തിച്ചു. കപ്പലിനെയും ക്രൂവിനെയും മോചിപ്പിക്കാമെന്ന ഉറപ്പിൽ സെപ്റ്റംബറോടെ അവർ ആവശ്യപ്പെട്ട പണം കപ്പലിന്റെ ഉടമസ്ഥ കമ്പനി നൽകിയെങ്കിലും വാക്ക് പാലിച്ചില്ല. കപ്പലിലുള്ളവരെ ക്രിമിനലുകളെ പോലെയാണ് നൈജീരിയൻ നാവികസേന കാണുന്നതെന്ന് ഗ്രൂപ്പ് സിഇഒ ഫിൻ അമുണ്ട് നോർബെ പറയുന്നു.
    Published by:Anuraj GR
    First published: