ചൈനയില്‍ (china) ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കും, പഠിക്കുന്ന വിദ്യാർഥികൾക്കും ആശ്വാസവാർത്ത. കോവിഡ് -19 മഹാമാരിയെ തുടർന്ന് ചൈന നടപ്പാക്കിയിരുന്ന വിസ നിരോധനം (visa ban) പിന്‍വലിച്ചു. നിരോധനം പിന്‍വലിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികൾക്ക് വിസ നല്‍കാനുള്ള അഭ്യര്‍ത്ഥനകളും രാജ്യം പരിഗണിച്ചു തുടങ്ങി.
കഴിഞ്ഞ മാസം ചൈനയില്‍ ജോലി ചെയ്യുന്ന നിരവധി ഇന്ത്യന്‍ പൗരന്മാര് തങ്ങളുടെ കുടുംബാംഗങ്ങളെ തിരികെ എത്തിക്കാന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇന്ത്യക്കാര്‍ക്ക് (indians) പുറമെ, ചൈനീസ് പൗരത്വം നേടിയവരുടെ കുടുംബാംഗങ്ങള്‍ക്കും ചൈനയില്‍ സ്ഥിരതാമസ പെര്‍മിറ്റുള്ള വിദേശികള്‍ക്കും ചൈനയിലേക്ക് തങ്ങളുടെ കുടുംബത്തെ എത്തിക്കാൻ വിസയ്ക്ക് (visa) അപേക്ഷിക്കാമെന്നും ന്യൂഡല്‍ഹിയിലെ ചൈനീസ് എംബസി അറിയിച്ചു. എന്നാൽ, ടൂറിസത്തിനും വ്യക്തിഗത ആവശ്യങ്ങള്‍ക്കുമായുള്ള വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണെന്നും എംബസി അറിയിച്ചു.
2020 നുശേഷമുള്ള മാറ്റങ്ങള്‍
കൊറോണ വൈറസ് കേസുകള്‍ വര്‍ധിച്ചതിനാല്‍, വിസയോ റസിഡന്‍സ് പെര്‍മിറ്റോ ഉള്ള വിദേശ പൗരന്മാര്ക്ക് പ്രവേശനം നിരോധിക്കാന്‍ ചൈന തീരുമാനിച്ചു. ബംഗ്ലാദേശ്, ബെല്‍ജിയം, എത്യോപ്യ, ഫ്രാന്‍സ്, ഇന്ത്യ, ഇറ്റലി, ഫിലിപ്പീന്‍സ്, റഷ്യ, യുകെ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്ക്ക് ചൈന താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
എപിഇസി ബിസിനസ് യാത്രാ കാര്‍ഡുകളുള്ള (APEC business travel cards) വിദേശ പൗരന്മാര്ക്കും നിരോധനം ബാധകമായിരുന്നു. പോര്‍ട്ട് വിസകള്‍, 24/72/144- മണിക്കൂര്‍ വിസ ഫ്രീ ട്രാന്‍സിറ്റ് പോളിസി, ആസിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദേശ ടൂര്‍ ഗ്രൂപ്പുകള്‍ക്കുള്ള 15 ദിവസത്തെ ഗുവാങ്ഷി വിസ ഫ്രീം പോളിസി എന്നിവയും രാജ്യം നിരോധിച്ചിരുന്നു.
ഇന്ത്യ പ്രതികരിച്ചത് എങ്ങനെ?
ചൈനയുടെ നിരോധനം നിരാശാജനകമെന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. 'അശാസ്ത്രീയമായ രീതി' എന്നാണ് തീരുമാനത്തെ ചൈനയിലെ മുന്‍ ഇന്ത്യന്‍ അംബാസഡറും നിലവിലെ ഡെപ്യൂട്ടി നാഷണല്‍ വൈഡ് സേഫ്റ്റി അഡൈ്വസറുമായ വിക്രം മിശ്രി വിളിച്ചത്. കര്‍ശനമായ നിയന്ത്രണങ്ങള്‍ തുടരുന്നത് നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുമെന്നും ഇന്ത്യ പറഞ്ഞിരുന്നു. അതിനാല്‍, അനുയോജ്യമായ നിലപാട് സ്വീകരിക്കണമെന്നും ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിരുന്നു. അതിനിടെ, 2022 ഏപ്രിലില്‍ ചൈനീസ് പൗരന്മാര്ക്ക് അനുവദിച്ച അവധിക്കാല വിസകള്‍ ഇന്ത്യ സസ്പെന്‍ഡ് ചെയ്തിരുന്നു.
പുതിയ പ്രഖ്യാപനം?
വിദേശ പൗരന്മാര്ക്കും അവരുടെ ബന്ധുക്കള്‍ക്കും ഇപ്പോള്‍ വിസയ്ക്ക് അപേക്ഷിക്കാം. ചൈനീസ് പൗരന്മാരുടെ കുടുംബാഗങ്ങള്‍ക്കും ചൈനയില്‍ സ്ഥിരതാമസ പെര്‍മിറ്റുള്ള വിദേശികള്‍ക്കും ചൈനയിലേക്ക് കുടുംബ സംഗമത്തിനോ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനോ വിസ അനുവദിക്കുന്നതാണ്.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമാകുമോ?
ചൈനയിലെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന ഏകദേശം 23,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് തിരിച്ചു പോകാനാകാതെ വിഷമിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്. കൊറോണ വൈറസ് കേസുകള്‍ കുറയാന്‍ തുടങ്ങിയതോടെ കോളേജ് വിദ്യാര്‍ത്ഥികളില്‍ പലരും ചൈനയിലേയ്ക്ക് മടങ്ങി പോകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളിലായി പാകിസ്ഥാന്, തായ്ലന്ഡ്, സോളമന് ദ്വീപുകള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ചൈന പ്രവേശനം അനുവദിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.