യുക്രെയ്നും (Ukraine) റഷ്യയും (Russia) തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ, യുക്രെയ്നിൽ താമസിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് (Indian Students) മുന്നിൽ രണ്ട് വഴികളാണുള്ളത്. ഒന്ന് ഇന്ത്യൻ എംബസിയുടെ (Indian Embassy) മുന്നറിയിപ്പ് അവഗണിച്ച് അനിശ്ചിതത്വങ്ങൾക്കിടയിലും ഓഫ്ലൈൻ ക്ലാസുകളിൽ തുടരുക, രണ്ട് ലക്ഷങ്ങൾ മുടക്കി ഇന്ത്യയിലേക്ക് (India) മടങ്ങുക.
യുക്രെയ്നിലെ ചില സർവ്വകലാശാലകൾ ഓൺലൈൻ വിദ്യാഭ്യാസരീതി തുടരുന്നുണ്ടെങ്കിലും, വിദ്യാർത്ഥികൾ, പ്രത്യേകിച്ച് മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥികൾ ഓൺലൈൻ കോഴ്സുകളിലൂടെ ഡോക്ടർമാരാകാൻ കഴിയില്ലെന്ന് അവകാശപ്പെടുന്നു. കൂടാതെ, നാഷണൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും (NMC) ഓൺലൈൻ എംബിബിഎസ് (MBBS) ബിരുദങ്ങൾ സാധുതയുള്ളതായി അംഗീകരിച്ചിട്ടില്ല.
കൂടാതെ തിരിച്ചുവരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ കുത്തനെ ഉയർന്ന ടിക്കറ്റ് നിരക്കാണ് തടസ്സം സൃഷ്ടിക്കുന്ന മറ്റൊരു കാര്യം. സാധാരണഗതിയിൽ 50,000 മുതൽ 70,000 രൂപയ്ക്ക് ലഭിച്ചിരുന്ന വിമാന ടിക്കറ്റുകൾ ഇപ്പോൾ ഒരു ലക്ഷം രൂപയ്ക്കാണ് ലഭിക്കുന്നതെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.
കോഴ്സുകളിലെ മൂന്നാമത്തെയും ആറാം വർഷത്തിലെയും വിദ്യാർത്ഥികൾക്ക് മെയ്-ജൂൺ മാസങ്ങളിൽ പരീക്ഷയുണ്ട്. പരീക്ഷാ തീയതികളിലും മോഡുകളിലും വ്യക്തതയില്ലാത്തതിനാൽ, പലരും ഇത് സംബന്ധിച്ച വിവരങ്ങൾക്ക് വ്യക്തത വന്ന ശേഷം മടങ്ങിവരവ് ആസൂത്രണം ചെയ്യാൻ കാത്തിരിക്കുകയാണ്. എന്നാൽ കൂടുതൽ കാത്തിരിക്കുന്തോറും വിമാന ടിക്കറ്റ് നിരക്കുകൾ വീണ്ടും ഉയരുന്ന സാഹചര്യമാണുള്ളത്.
“പ്രാദേശികമായി രാജ്യത്ത് സ്ഥിതിഗതികൾ ശാന്തമാണ്. എന്നാൽ പ്രദേശവാസികൾ പോലും ഒരു യുദ്ധ സാഹചര്യത്തെ നേരിടാൻ തയ്യാറെടുക്കുകയാണ്” ബീഹാർ സ്വദേശിയും ഇവാനോ ഫ്രാങ്ക്വിസ്ക് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ മൂന്നാം വർഷ വിദ്യാർത്ഥിയുമായ അനുഭവ് ആര്യ പറഞ്ഞു.
ഡിജിറ്റൽ മോഡിലേക്ക് മാറാൻ തയ്യാറുള്ളവർക്ക് ഓൺലൈൻ ക്ലാസുകൾ നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശ വിദ്യാർത്ഥികൾ സർവകലാശാലയിൽ പ്രതിഷേധം നടത്തി. മാർച്ച് 12 വരെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ തുടരാൻ സർവകലാശാല അനുമതി നൽകിയിട്ടുണ്ട്.
"ഓൺലൈൻ മോഡിലേക്ക് മാറുന്നത് പഠനത്തിൽ വലിയ നഷ്ടമുണ്ടാക്കും, പ്രത്യേകിച്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക്, എങ്കിലും സുരക്ഷിതരായി തുടരുക എന്നതിനാണ് ഇപ്പോൾ പ്രഥമ പരിഗണന നൽകേണ്ടത്" അനുഭവ് പറഞ്ഞു.
ഇന്ത്യയിലുള്ള തന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും ആശങ്കാകുലരാണെന്നും തന്നെ വീട്ടിലേക്ക് തിരികെ വിളിച്ചു കൊണ്ടിരിക്കുകയാണെന്നും അനുഭവ് ന്യൂസ് 18 നോട് പറഞ്ഞു. എന്നാൽ ഇത്രയും ഉയർന്ന നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാനും സാധിക്കില്ല,
“സർവകലാശാല 20 ദിവസത്തെ ഓൺലൈൻ ക്ലാസുകൾ അനുവദിക്കുകയും അതിനുശേഷം കാര്യങ്ങൾ മെച്ചപ്പെടാൻ തുടങ്ങുകയും ചെയ്താൽ, ഞങ്ങൾ തിരികെ വരേണ്ടി വരും. നിലവിലെ ടിക്കറ്റ് നിരക്ക് കണക്കാക്കിയാൽ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുന്നതിന് ഏകദേശം 2 ലക്ഷം രൂപ ചിലവാകും. ഇത്രയും ചെറിയ സമയപരിധിക്കുള്ളിൽ ഇത്രയും തുക ചെലവഴിക്കാൻ ഞങ്ങൾക്ക് കഴിയില്ല" വിദ്യാർത്ഥികൾ പറയുന്നു.
“ചില സർവകലാശാലകൾ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും മെയ്, ജൂൺ മാസങ്ങളിൽ പരീക്ഷകൾ ഉള്ളതിനാൽ മൂന്ന്, ആറ് വർഷ വിദ്യാർത്ഥികൾ ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ല. ഈ പരീക്ഷകളിൽ വിജയിക്കാതെ ഞങ്ങൾക്ക് ബിരുദം നേടാനാകില്ല. ഇതിനുപുറമെ, ഞങ്ങൾ യുക്രെയ്നിലായതിനാൽ ആശങ്കാകുലരായ മാതാപിതാക്കളിൽ നിന്നും ഞങ്ങൾ സമ്മർദ്ദം നേരിടുന്നു. എന്നാൽ ഒരു തീരുമാനമെടുക്കാൻ ഞങ്ങളുടെ പരീക്ഷയെക്കുറിച്ചും വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ചും ഞങ്ങൾക്ക് കൂടുതൽ വിവരങ്ങൾ ആവശ്യമാണ്.“ യുക്രെയ്നിലെ ഖാർകിവ് ആസ്ഥാനമായുള്ള യൂണിവേഴ്സിറ്റിയിലെ ആറാം വർഷ വിദ്യാർത്ഥിയും യുപിയിലെ ബറേലി സ്വദേശിയുമായ വിദ്യാർത്ഥി ന്യൂസ് 18-നോട് പറഞ്ഞു.
ഗുജറാത്തിലെ സുരേന്ദ്രനഗർ സ്വദേശിയും യുക്രെയ്നിൽ നിന്ന് എംബിബിഎസ് ബിരുദം നേടിയ കേതുൽ കരേലിയ തന്റെ ജൂനിയർ വിദ്യാർത്ഥികൾ തന്നോട് നിരവധി സംശയങ്ങൾ ചോദിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. “തെരുവുകളിൽ ഇതുവരെ ഏറ്റുമുട്ടൽ ഉണ്ടായിട്ടില്ല. എന്നാൽ സ്ഥിതിഗതികൾ പ്രവചനാതീതമാണ്. ഇത് വിദ്യാർത്ഥികൾക്കിടയിൽ പിരിമുറുക്കം സൃഷ്ടിക്കുന്നുണ്ട്“ കരേലിയ പറയുന്നു.
“വിദ്യാർത്ഥികൾ വലിയ പ്രതിസന്ധിയിലാണ്, അവർക്ക് സുരക്ഷിതത്വമില്ല, ഭാവിയെക്കുറിച്ച് അവർ ആശങ്കാകുലരാണ്. കാരണം എംബസി അവരോട് ഇന്ത്യയിലേയ്ക്ക് മടങ്ങാനും ഓൺലൈൻ വിദ്യാഭ്യാസം തുടരാനും നിർദ്ദേശിക്കുന്നു. എന്നാൽ ഇന്ത്യയിലെ എൻഎംസി ഓൺലൈൻ വിദ്യാഭ്യാസം അംഗീകരിക്കുന്നില്ല. ഭൂരിഭാഗം വിദ്യാർത്ഥികളും തങ്ങൾക്ക് ലഭിക്കുന്ന ആദ്യ വിമാനത്തിൽ തന്നെ നാട്ടിലേയ്ക്ക് മടങ്ങുകയാണ്. എന്നാൽ ബിരുദം പൂർത്തിയാക്കാറായ അവസാന വർഷ വിദ്യാർത്ഥികളും ഇത്രയും ചെലവേറിയ വിമാന ടിക്കറ്റ് നിരക്ക് താങ്ങാനാകാത്ത വിദ്യാർത്ഥികളും മാത്രമാണ് മടങ്ങാൻ കഴിയാതെ യുക്രെയ്നിൽ തന്നെ കഴിയുന്നവരിൽ ഭൂരിഭാഗവും” കരേലിയ ന്യൂസ് 18നോട് പറഞ്ഞു.
യുക്രെയ്നിലെ ബൊഗോമോലെറ്റ്സ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ മൂന്നാം വർഷ വിദ്യാർത്ഥി തന്റെ പ്രദേശത്ത് സ്ഥിതി ഏതാണ്ട് സാധാരണ നിലയിലാണെങ്കിലും താൻ മടങ്ങി വരാൻ ഒരുങ്ങുകയാണെന്ന് വ്യക്തമാക്കി. "ഞാൻ ഇന്ത്യൻ എംബസിയിൽ എത്തി കാര്യങ്ങൾ അന്വേഷിച്ചു, ഒരു ഒഴിപ്പിക്കൽ ആവശ്യമായി വന്നേക്കാമെന്നാണ് അവർ മറുപടി നൽകിയത്" വിദ്യാർത്ഥി പറഞ്ഞു.
എന്നാൽ പ്രാക്ടിക്കൽ എക്സ്പോഷർ നഷ്ടപ്പെടുന്നതിനെക്കുറിച്ച് പലരും ആശങ്കാകുലനാണ്, പ്രത്യേകിച്ച് കോവിഡ്-19 കാരണം പരിമിതമായ ഓഫ്ലൈൻ ക്ലാസുകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. “ഞാൻ നാലാം വർഷ വിദ്യാർത്ഥിയാണ്. എന്നാൽ എനിക്ക് ഓഫ്ലൈൻ മോഡിൽ കുറച്ച് മാസങ്ങൾ മാത്രമേ പഠിക്കാൻ സാധിച്ചിട്ടുള്ളൂ” മധ്യപ്രദേശ് സ്വദേശിയായ വിദ്യാർത്ഥി പറഞ്ഞു.
വിഘടനവാദികളുടെ നിയന്ത്രണത്തിലുള്ള യുക്രെയ്നിലെ ഡൊനെറ്റ്സ്കിൽ അഞ്ച് തവണ സ്ഫോടനങ്ങളുണ്ടായെന്നാണ് നിലവിലെ റിപ്പോർട്ട്. പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിഘടനവാദികളുടെ നിയന്ത്രണത്തിലുള്ള കിഴക്കൻ യുക്രെയ്ൻ നഗരമായ ഡൊനെറ്റ്സ്കിൽ വ്യാഴാഴ്ച പുലർച്ചെ അഞ്ച് സ്ഫോടനങ്ങളെങ്കിലും കേട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യുക്രെയ്നിൽ സൈനിക നടപടിയെന്ന് റഷ്യൻ പ്രസിഡനറ് വ്ലാഡിമിർ പുടിൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്ഫോടനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.