സ്ത്രീകൾ നീന്തൽക്കുളത്തിൽ നിന്ന് ഗർഭിണികളാകാനുള്ള സാധ്യതയുണ്ടെന്ന് ഇന്തോനേഷ്യയിലെ ബാലാവകാശ ഉദ്യോഗസ്ഥയുടെ വിചിത്രമായ പ്രസ്താവന വിവാദമായി. നീന്തൽക്കുളത്തിൽ ഇറങ്ങുന്ന പുരുഷൻമാർ വെള്ളത്തിൽ സ്ഖലനം നടത്തിയാൽ അത് ചില സാഹചര്യത്തിൽ സംഭോഗമില്ലാതെ തന്നെ നീന്തൽക്കുളത്തിൽ ഒപ്പമുള്ള സ്ത്രീകളിൽ ഗർഭധാരണത്തിന് ഇടയാക്കിയേക്കുമെന്നായിരുന്നു പ്രസ്താവന. സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനം ഉണ്ടായതിനെ തുടർന്ന് ഉദ്യോഗസ്ഥ പ്രസ്താവന പിൻവലിച്ചു.
'ശക്തമായ പുരുഷബീജങ്ങൾ നീന്തൽക്കുളത്തിൽ ഉണ്ടെങ്കിൽ അത് ചിലപ്പോൾ നീന്തൽക്കുളത്തിൽ ഒപ്പമുള്ള സ്ത്രീ ഗർഭിണിയാകുന്നതിന് കാരണമാക്കിയേക്കാം. അതിന് സംഭോഗത്തിൽ ഏർപ്പെടണമെന്നില്ല. പുരുഷൻമാർക്ക് സ്ഖലനം സംഭവിക്കുകയും സ്ത്രീയുടെ ശരീരം ഗർഭം ധരിക്കാൻ പ്രാപ്തമായിരിക്കുന്ന അവസ്ഥയിലുമാണെങ്കിൽ ഈ സാഹചര്യത്തിൽ ഗർഭിണിയായേക്കാം. സ്ത്രീകളെ നീന്തൽക്കുളത്തിൽ കാണുമ്പോൾ പുരുഷൻമാർ എങ്ങനെ പ്രതികരിക്കുമെന്ന് പറയാൻ കഴിയില്ല' - ഉദ്യോഗസ്ഥയുടെ വിവാദമായ പ്രസ്താവന ഇങ്ങനെ.
ട്രിബ്യൂൺ ജക്കാർത്തയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിട്ടി ഹിക്മാവട്ടി ഇങ്ങനെ പറഞ്ഞിരിക്കുന്നത്. എന്നാൽ, വിവാദമായതിനെ തുടർന്ന് പ്രസ്താവന തെറ്റായി പോയെന്നും മാപ്പു പറയുന്നതുമായി അവർ വ്യക്തമാക്കി. വ്യക്തിപരമായി നടത്തിയ പ്രസ്താവന ആയിരുന്നു അതെന്നും ഒരിക്കലും ഇന്തോനേഷ്യൻ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മീഷന്‍റെ ഭാഗത്തു നിന്നുള്ള പ്രസ്താവനയല്ല അതെന്നും അവർ പറഞ്ഞു.
പ്രസ്താവന പിൻവലിച്ച സാഹചര്യത്തിൽ ഇനിയാരും ഇത് പ്രചരിപ്പിക്കരുതെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. പ്രസ്താവനയെ ഇന്തോനേഷ്യയിലെ ഡോക്ടർമാരും തള്ളിക്കളഞ്ഞിരുന്നു. ഇത്തരത്തിൽ സ്ത്രീകൾ ഗർഭം ധരിക്കാൻ യാതൊരു സാധ്യതയുമില്ലെന്ന് ഡോക്ർമാർ പറഞ്ഞതായി ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Swimming