• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

നിപയെ വരുതിയിലാക്കിയതിനുള്ള ആദരം കേരളം ഏറ്റുവാങ്ങി

News18 Malayalam
Updated: July 7, 2018, 1:31 PM IST
നിപയെ വരുതിയിലാക്കിയതിനുള്ള ആദരം കേരളം ഏറ്റുവാങ്ങി
News18 Malayalam
Updated: July 7, 2018, 1:31 PM IST
ന്യൂയോർക്ക്: നിപ വൈറസ് ബാധ പ്രതിരോധിക്കുന്ന കേരള സര്‍ക്കാരിന്റെ പ്രവർത്തനങ്ങൾക്ക് അമേരിക്കയിലെ ഇന്‍സ്റ്റ്റ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുടെ ആദരം. ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സഹസ്ഥാപകൻ ഡോ. റോബര്‍ട്ട് ഗെലോ മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു. നിപ വൈറസ് ബാധ പ്രതിരോധിക്കുന്നതിന് കേരള സര്‍ക്കാര്‍ എടുത്ത ഫലപ്രദമായ നടപടികള്‍ക്ക് അംഗീകാരമായാണ് മുഖ്യമന്ത്രിയെ ആദരിച്ചത്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ചടങ്ങില്‍ സംബന്ധിച്ചു.എയ്ഡ്സിന് കാരണമാകുന്ന എച്ച്ഐവി. വൈറസ് കണ്ടെത്തിയ ശാസ്ത്ര സംഘത്തിലെ പ്രമുഖനാണ് ഡോ. ഗെലോ. ഗവേഷണ രംഗത്ത് കേരളവുമായുളള സഹകരണം, തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രവര്‍ത്തനം എന്നിവ സംബന്ധിച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ശാസ്ത്രജ്ഞരുമായി മുഖ്യമന്ത്രി ചർച്ച ചെയ്തു. പരസ്പരം പ്രയോജനകരമായ ഗവേഷണ മേഖലകളില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുമായി സഹകരിക്കാന്‍ കേരളത്തിന് താല്പര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബാള്‍ടിമോറില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുടെ ബഹുമതി സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരത്ത് സ്ഥാപിതമാകുന്ന അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കാര്യത്തില്‍ സഹകരിക്കാന്‍ കഴിയും. ഐ.എച്ച്.വിയുടെ ബഹുമതി കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിനുളള വലിയ അംഗീകാരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാമത്തെ രോഗിയില്‍ നിന്ന് തന്നെ നിപ വൈറസ് സ്ഥിരീകരിക്കാന്‍ കേരളത്തിന് കഴിഞ്ഞുവെന്നത് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദ്യം രോഗം ബാധിച്ച് മരിച്ച രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവനാളുകളെയും കണ്ടെത്തി നിരീക്ഷണവലയത്തില്‍ കൊണ്ടുവന്നു. രോഗലക്ഷണങ്ങള്‍ കണ്ട മുഴുവന്‍ പേരെയും ഒറ്റപ്പെടുത്തി പ്രത്യേകം നിരീക്ഷിച്ചു. നിപ സ്ഥിരീകരിക്കുന്നതിന് മുമ്പു തന്നെ കേരളത്തിന്‍റെ ആരോഗ്യസംവിധാനം മുഴുവന്‍ ജാഗ്രതയിലായിരുന്നു. നിപ സ്ഥിരീകരിച്ചതോടെ മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ഒന്നിച്ചു നീങ്ങി. എബോള വൈറസ് ബാധയുണ്ടായപ്പോള്‍ ചെയ്തതു പോലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കി പ്രവര്‍ത്തിച്ചു. ആശുപത്രി ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയും രക്ഷാ ഉപകരണങ്ങള്‍ പെട്ടെന്ന് ലഭ്യമാക്കുകയും ചെയ്തു. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് സംശയിക്കുന്ന രണ്ടായിരത്തിലധികം പേരെ നിരീക്ഷണത്തില്‍ കൊണ്ടുവന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നിത്യേന അവരുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. ജാഗ്രതയോടെയും കൂട്ടായുമുളള ഈ പ്രവര്‍ത്തനമാണ് മരണ സംഖ്യ കുറച്ചതും രോഗം പടരാതെ നിയന്ത്രിച്ചതുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൊതുജനാരോഗ്യ സംവിധാനത്തിന് കേരളം വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ-സാമൂഹ്യ-സാമ്പത്തിക മേഖലകളില്‍ മുന്നേറണമെങ്കില്‍ ആരോഗ്യമുളള ജനത എന്ന അടിത്തറ വേണം. ആയുര്‍വേദത്തിന്‍റെ നാടായ കേരളത്തില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നമ്മുടെ പച്ചമരുന്നുകളിലെ രോഗം സുഖപ്പെടുത്തുന്ന രാസഘടകങ്ങള്‍ വേര്‍തിരിച്ചറിയേണ്ടതുണ്ട്. അതു സാധിച്ചാല്‍ ശാസ്ത്രീയമായി വലിയ തേതില്‍ മരുന്നുകള്‍ ഉല്പാദിപ്പിക്കാനും ലഭ്യമാക്കാനും സാധിക്കും. നിര്‍ദിഷ്ട ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന് ഈ ദിശയില്‍ വലിയ സംഭാവന നല്‍കാന്‍ കഴിയും. സാമൂഹ്യ വികസന സൂചികകളില്‍ കേരളം മുന്നില്‍ നില്‍ക്കുന്നതിന് പ്രധാന കാരണം നമ്മുടെ സാര്‍വത്രികമായ പൊതുജനാരോഗ്യ സംവിധാനങ്ങളാണ്. മിക്കവാറും സൗജന്യമായി ചികിത്സ നല്‍കാന്‍ കേരളത്തിന് കഴിയുന്നു. ആരോഗ്യരംഗത്തെ സൂചികകളില്‍ കേരളം വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
First published: July 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...