ഇറാനും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം പുനരാംഭിക്കുന്നു എന്ന വാർത്ത മിഡിൽ ഈസ്റ്റിൽ സമാധാനം ആഗ്രഹിക്കുന്നവർക്ക് ശുഭവാർത്തയാണ്. ചൈനയുടെ മധ്യസ്ഥതയിൽ നടന്ന ഉന്നത സുരക്ഷാ ഉദ്യോഗസ്ഥതല ചർച്ചകളിൽ ഇത് സംബന്ധിച്ച് ധാരണ ആയി. നാല് ദിവസം ബീജിംഗിൽ വച്ച് നടന്ന ചർച്ചകൾക്ക് ശേഷമാണ് കരാറിന്റെ വിവരങ്ങൾ പ്രഖ്യാപിച്ചത്. ഇറാൻ, സൗദി അറേബ്യ, ചൈന എന്നീ രാജ്യങ്ങൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവന പ്രകാരം രണ്ട് മാസത്തിനുള്ളിൽ നയതന്ത്ര ബന്ധം പുനരാരംഭിക്കാനും എംബസികൾ വീണ്ടും തുറക്കാനും ടെഹ്‌റാനും റിയാദും സമ്മതിച്ചു.
“സംസ്ഥാനങ്ങളുടെ പരമാധികാരത്തോടുള്ള അവരുടെ സ്ഥിരീകരണവും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുക എന്നതും കരാറിൽ ഉൾപ്പെടുന്നു,” സംയുക്ത പ്രസ്താവനയിൽ പറയുന്നു. ഷിയാ മുസ്ലീം പുരോഹിതനെ റിയാദിൽ വധിച്ചതിനെ തുടർന്ന് ടെഹ്റാനിലെ സൗദി എംബസിയ്ക്ക് നേരെ 2016 ൽ ആക്രമണമുണ്ടായി. അതിനെ തുടർ സൗദി അറേബ്യ ഇറാനുമായുള്ള ബന്ധം പൂർണ്ണമായി വിച്ഛേദിച്ചിരുന്നു. 2019-ൽഎണ്ണ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്കും ഗൾഫ് കടലിലെ ടാങ്കറുകൾക്ക് നേരെയുണ്ടായ ആക്രമണത്തിനും സൗദി ഇറാനെ കുറ്റപ്പെടുത്തിയിരുന്നുവെങ്കിലും ആരോപണങ്ങൾ ഇറാൻ അന്ന് നിഷേധിച്ചു.
Also read-സാമ്പത്തിക മാന്ദ്യത്തിനിടെ പാകിസ്ഥാനില്‍ ഇന്ധന പ്രതിസന്ധിയും രൂക്ഷം
ഇറാനിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ അലി ഷംഖാനിയും സൗദി അറേബ്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുസായ്ദ് ബിൻ മുഹമ്മദ് അൽ-ഐബാനും ഒപ്പുവച്ച വെള്ളിയാഴ്ചത്തെ കരാറിൽ 2001 ലെ സുരക്ഷാ സഹകരണ കരാറും വാണിജ്യം, സമ്പദ്‌വ്യവസ്ഥ, നിക്ഷേപം എന്നിവയെക്കുറിച്ചുള്ള മറ്റൊരു മുൻ കരാറും വീണ്ടും സജീവമാക്കാൻ തീരുമാനിച്ചു. ചൈനയുടെ ഉന്നത നയതന്ത്രജ്ഞൻ വാങ് യി ഈ കരാറിനെ സമാധാനത്തിന്റെ വിജയമായി വിശേഷിപ്പിച്ചു. കടുത്ത ആഗോള പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ ബെയ്ജിംഗ് ക്രിയാത്മകമായ പങ്ക് വഹിക്കുമെന്ന് കൂട്ടിച്ചേർത്തു.
ബെയ്ജിംഗിലെ ചർച്ചകളെക്കുറിച്ച് സൗദി അറേബ്യ അമേരിക്കയെ അറിയിച്ചിരുന്നുവെങ്കിലും വാഷിംഗ്ടൺ നേരിട്ട് ഇടപെട്ടിരുന്നില്ല. യെമനിലെ യുദ്ധം അവസാനിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് വാഷിംഗ്ടൺ ഈ പ്രക്രിയയെ പിന്തുണച്ചതായി വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി പറഞ്ഞു. റിയാദും വാഷിംഗ്ടണും തമ്മിലുള്ള ദീർഘകാല തന്ത്രപരമായ ബന്ധം ഈയിടെ യെമൻ യുദ്ധം, റഷ്യയുമായുള്ള ബന്ധം, ഒപെക് + എണ്ണ ഉൽപ്പാദനം എന്നിവയെച്ചൊല്ലി വഷളായിരുന്നു. ഇതിനു വിപരീതമായി മൂന്ന് മാസം മുമ്പ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ഉന്നതതല സന്ദർശനം ചൈനയുമായുള്ള സൗദി അറേബ്യയുടെ ബന്ധം കൂടുതൽ മെച്ചപ്പെടുത്തി.
ശരിയായ ദിശയിൽ നീങ്ങുന്നു
ദീർഘകാലമായി ഇറാനും സൗദി അറേബ്യയും യഥാക്രമം മിഡിൽ ഈസ്റ്റിലെ രണ്ട് മുൻനിര ഷിയ സുന്നി മുസ്ലീം ശക്തികളാണ്. യെമനിൽ നിന്ന് സിറിയയിലേക്കും മറ്റിടങ്ങളിലേക്കും നടന്ന യുദ്ധങ്ങളിൽ പരസ്പരം എതിർ പക്ഷത്തെ പിന്തുണച്ചിട്ടുണ്ട്. മേഖലയിൽ തങ്ങളെ ഒറ്റപ്പെടുത്താനുള്ള അമേരിക്കൻ ശ്രമങ്ങളെ ചെറുക്കാൻ ഇറാനും സാമ്പത്തിക വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സൗദി അറേബ്യയും ശ്രമിക്കുന്നതിനാൽ സംഘർഷം കുറയ്ക്കുന്നത് ഇരുപക്ഷത്തിനും ഗുണം ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു.
യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഒമാൻ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ് , ഇറാഖ്, ഈജിപ്ത്, തുർക്കി എന്നെ രാജ്യങ്ങൾ എല്ലാം സൗദി-ഇറാൻ ബന്ധം പുനഃസ്ഥാപിച്ചതിനെ സ്വാഗതം ചെയ്തു. സൗദി അറേബ്യയുമായുള്ള പിരിമുറുക്കങ്ങൾ പരിഹരിക്കുന്നത് ടെഹ്‌റാന്റെ മുൻഗണനയായി മാറിയെന്നും ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ദീർഘകാല പ്രശ്ങ്ങൾ പരിഹരിക്കാൻ ഇത് സഹായിക്കുമെന്നും ഒരു മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇറാനുമായി ആണവ കരാറിലെത്താൻ ഇത് പാശ്ചാത്യ രാജ്യങ്ങളെ പ്രേരിപ്പിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.