• HOME
 • »
 • NEWS
 • »
 • world
 • »
 • Sri Lanka Crisis | ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരവാദി ചൈനയോ? യഥാർഥ പ്രശ്നം അത് മാത്രമല്ല

Sri Lanka Crisis | ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരവാദി ചൈനയോ? യഥാർഥ പ്രശ്നം അത് മാത്രമല്ല

ആധുനിക കൊളോണിയൽ ശക്തിയായ ചൈന ഒരു അന്താരാഷ്ട്ര തുറമുഖപട്ടണം നിർമ്മിക്കുന്നതിനായി കൊളംബോ തുറമുഖ മേഖലയെ തങ്ങളുടെ വരുതിയിലാക്കിയിട്ടുണ്ടായിരുന്നു

Image AFP

Image AFP

 • Share this:
  ഡി പി സതീഷ്

  ബെംഗളൂരു: ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് വീണ്ടെടുത്തതെന്ന് തോന്നിക്കുന്ന തരത്തിലുള്ള, 750 ഏക്കറിൽ പരന്ന് കിടക്കുന്ന കൂറ്റൻ മണൽപ്പാടം. കൊളംബോയിലെ (Colombo) തുറമുഖ പട്ടണം സന്ദർശകരെ സ്വാഗതം ചെയ്ത് കൊണ്ട് നിൽക്കുന്നു. ഈ തുറമുഖ നഗരം നിർമ്മിച്ചതിൽ ഡച്ചുകാർക്കും ബ്രിട്ടീഷുകാർക്കും ഒരുപോലെ പങ്കുണ്ട്. ഒരു കാലത്ത് ഡച്ചുകാരുടെയും ബ്രിട്ടീഷുകാരുടെയും കോളനിയായിരുന്നു സിലോൺ (Ceylon) എന്നറിയപ്പെട്ടിരുന്ന പ്രദേശം. ഇന്നത് ശ്രീലങ്കയെന്ന് (Sri Lanka) അറിയപ്പെടുന്നു.

  ആധുനിക കൊളോണിയൽ ശക്തിയായ ചൈന (China) ഒരു അന്താരാഷ്ട്ര തുറമുഖപട്ടണം നിർമ്മിക്കുന്നതിനായി കൊളംബോ തുറമുഖ മേഖലയെ തങ്ങളുടെ വരുതിയിലാക്കിയിട്ടുണ്ടായിരുന്നു. സിംഗപ്പൂരിനെയും ദുബായിയെയും മറികടക്കുന്ന തരത്തിലുള്ള നഗരമാണ് ചൈന ഇവിടെ ലക്ഷ്യം വെച്ചിരുന്നത്. എന്നാൽ ആ സ്വപ്നങ്ങളെല്ലാം ഇപ്പോൾ പ്രതിസന്ധിയിലാണ്.

  ആധുനിക ശ്രീലങ്ക നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണക്കാർ ചൈനയാണെന്നാണ് പൊതുവിലുള്ള ധാരണ. അന്താരാഷ്ട്ര മാധ്യമങ്ങൾ ഈ സാമ്പത്തിക ദുരന്തത്തിന് ചൈനയെ പഴിചാരി നിരവധി ലേഖനങ്ങളും വാർത്തകളുമാണ് പടച്ചുവിടുന്നത്. എന്നാൽ ചൈന ഈ പ്രതിസന്ധിയുടെ ഒരു കാരണം മാത്രമാണ്. അതിലും വലിയ നിരവധി പ്രശ്നങ്ങൾ ശ്രീലങ്കൻ സമ്പദ് വ്യവസ്ഥയെ ഇതിനോടകം തന്നെ താറുമാറാക്കിയിട്ടുണ്ടെന്നതാണ് യാഥാർഥ്യം.

  1948 ഫെബ്രുവരി 4നാണ് സിലോൺ ബ്രിട്ടണിൽ നിന്ന് സ്വാതന്ത്ര്യം നേടിയത്. പുതുതായി സ്വാതന്ത്ര്യം നേടിയ കോമൺവെൽത്ത് അംഗമായ ഈ രാജ്യം സാമ്പത്തിക ശക്തിയായി വളരാൻ തുടങ്ങിയത് 1972ൽ റിപ്പബ്ലിക് ആയതിന് ശേഷം മാത്രമാണ്. സിലോൺ വിട്ടെങ്കിലും ആ രാജ്യത്തെ പ്രധാന വ്യവസായശാലകളെ നിയന്ത്രിച്ചിരുന്നത് ബ്രിട്ടീഷുകാരും യൂറോപ്യൻ ശക്തികളും തന്നെയായിരുന്നു. ഏകദേശം 40000ത്തോളം യൂറോപ്യൻമാർ സിലോണിൽ തങ്ങളുടെ വ്യവസായം ലാഭകരമായി തുടർന്നിരുന്നു. ഇതിൽ നൂറുകണക്കിന് അമേരിക്കക്കാരും ഉണ്ടായിരുന്നു. വിദേശികളായ ബ്യൂറോക്രാറ്റുകളും പോലീസുകാരും സൈനിക ഉദ്യോഗസ്ഥരുമെല്ലാം ശ്രീലങ്കൻ ജനതയെ നിയന്ത്രണത്തിലാക്കി ഭരിച്ചിരുന്നു. സിലോൺ രൂപ അക്കാലത്ത് ലോകത്ത് എല്ലായിടത്തും വിനിമയം നടക്കുന്നതും അതിനാൽ ഏറെ മൂല്യമുള്ളതുമായ കറൻസിയായിരുന്നു.

  സിംഹളർക്ക് കൂടുതൽ ആധിപത്യം നൽകുന്ന നിയമനിർമാണങ്ങൾ വന്ന് തുടങ്ങിയതോടെ ലങ്ക മാറിത്തുടങ്ങി. വ്യവസായ മേഖലയിൽ സിംഹളർ ആധിപത്യം സ്ഥാപിച്ചു. പ്രധാനമന്ത്രി സിരിമാവോ ബണ്ടാരനായകയുടെ അമിത സോഷ്യലിസത്തിലൂന്നിയ നയങ്ങളും വ്യവസായ മേഖലയെ ബാധിച്ചു. സ്വകാര്യമേഖലയിലെ വൻ വ്യവസായങ്ങൾക്ക് പലതിനും രാജ്യം വിട്ട് പോവേണ്ടി വന്നു. 1970കളിലെ ജെവിപി കലാപവും ശ്രീലങ്കയുടെ പ്രതിസന്ധിക്ക് ആക്കം കൂട്ടി. എന്നാൽ 1977ൽ ജെആർ ജയവർധനെയുടെ നേതൃത്വത്തിലുള്ള യുഎൻപി സർക്കാർ ബണ്ടാരനായകയുടെ സോഷ്യലിസ്റ്റ് നയങ്ങൾ പിൻവലിച്ചു. സാമ്പത്തികരംഗം എല്ലാവർക്കുമായി തുറന്നിടുകയും ചെയ്തു. ദക്ഷിണ ഏഷ്യയിൽ ഉദാരവൽക്കരണം നടപ്പിലാക്കുന്ന ആദ്യരാജ്യമായി ശ്രീലങ്ക മാറി.

  എന്നാൽ 25 വർഷത്തോളം നീണ്ടുനിന്ന തമിഴ് ഈഴം ആഭ്യന്തരയുദ്ധം ലങ്കയെ വീണ്ടും പ്രതിസന്ധിയിലേക്ക് എടുത്തെറിഞ്ഞു. കലാപകാരികൾക്കെതിരെയുള്ള പോരാട്ടം ലങ്കയിൽ പിന്നീട് വന്ന സർക്കാരുകളുടെ പ്രധാന ഉത്തരവാദിത്വമായി മാറി. കരുത്തുള്ള, സ്ഥിരതയുള്ള ഒരു സാമ്പത്തിക ശക്തിയായി ലങ്കയെ വളർത്തുവാൻ ഭരണകൂടവും മറന്നു. തേയില, കറുവപ്പട്ട, സുഗന്ധവ്യഞ്ജനങ്ങൾ, റബ്ബർ, തേങ്ങ, കടൽ ഉൽപ്പന്നങ്ങൾ, രത്നങ്ങൾ, വസ്ത്രങ്ങൾ എന്നിവ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ശ്രീലങ്ക. ഭക്ഷ്യവസ്തുക്കളാണ് രാജ്യം കാര്യമായി ഇറക്കുമതി ചെയ്യുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന ശ്രീലങ്കക്കാർ പ്രതിവർഷം 3-4 ബില്യൺ ഡോളർ വരെ നാട്ടിലേക്ക് അയയ്ക്കുന്നുവെന്നാണ് കണക്ക്. ടൂറിസം മേഖലയിൽ 3 ദശലക്ഷത്തിലധികം പേർ ജോലി ചെയ്യുന്നു, ഇത് പ്രതിവർഷം 4-5 ബില്യൺ ഡോളർ സാമ്പത്തിക മേഖലയിൽ സംഭാവന ചെയ്യുന്നുണ്ട്.

  രാജ്യത്തെ ഉൽപ്പാദന, സേവന മേഖലയെ പുരോഗതിയിലേക്ക് നയിക്കാനോ ശക്തമായ സാമ്പത്തികനില കെട്ടിപ്പടുക്കുവാനോ മാറിമാറി വന്ന സർക്കാരുകൾ കാര്യമായ ശ്രമങ്ങളൊന്നും പിന്നീട് നടത്തിയില്ല. എന്നാൽ 2009ന് ശേഷം ചെറിയൊരു കാലത്തേക്ക് ശ്രീലങ്ക വീണ്ടും സാമ്പത്തിക മേഖലയിൽ കുതിപ്പ് നടത്തിത്തുടങ്ങി. രാജ്യത്ത് വൻതോതിൽ ആഭ്യന്തര-വിദേശ നിക്ഷേപവും ഇക്കാലത്തുണ്ടായി. സർക്കാരും ജനങ്ങളും വലിയ പ്രതീക്ഷകൾ വെച്ച് പുലർത്തിത്തുടങ്ങി. എന്നാൽ അലസമായി കോടിക്കണക്കിന് ഡോളറുകളുടെ പരമാധികാര ബോണ്ടുകൾ രാജ്യം ഇഷ്യൂ ചെയ്തു. അമിതമായ കടമെടുപ്പും പാഴ് ചെലവുകളും കഴിഞ്ഞ 10 വർഷമായി സമ്പദ്‌വ്യവസ്ഥയെ തകർത്ത് തരിപ്പണമാക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.

  ചൈനയിൽ നിന്ന് വൻതോതിൽ കടമെടുക്കുകയും കൂടി ചെയ്തതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. 2009 - 12 കാലത്ത് ശ്രീലങ്ക IMF സഹായവും സ്വീകരിച്ചു. എന്നാൽ സാമ്പത്തിക മേഖലയിൽ അച്ചടക്കം പാലിക്കുന്നതിൽ പരാജയപ്പെട്ടതോടെ കാര്യങ്ങൾ കൈവിട്ടു. 2019ലെ ഈസ്റ്റർ ബോംബിംഗും തുടർന്ന് രണ്ട് വർഷം ലോകമാകെ പടർന്ന് പിടിച്ച കൊവിഡ് 19 മഹാമാരി ഏൽപ്പിച്ച പ്രഹരവും അതിന് പിന്നാലെ വന്ന ലോക്ക്ഡൗണുമെല്ലാം ദ്വീപ് രാഷ്ട്രത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ കൂടുതൽ തകർച്ചയിലേക്ക് നയിച്ചു. ഇപ്പോൾ ലങ്കയുടെ സാമ്പത്തികമേഖല അതിൻെറ ഏറ്റവും മോശം അവസ്ഥയിൽ എത്തിനിൽക്കുകയാണ്. നിലവിലെ ഭരണകക്ഷിയായ രാജപക്‌സെ കുടുംബം ഇപ്പോൾ രാജ്യത്തെ പാപ്പരത്തത്തിലേക്കും പട്ടിണിയിലേക്കും തള്ളിവിടുകയാണ് ചെയ്യുന്നത്.

  Also Read- Sri Lanka | ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ: 'ഗോ ഹോം ഗോട്ട' പ്രസിഡന്‍റിന്‍റെ വസതിക്ക് മുന്നില്‍ വന്‍ പ്രതിഷേധം

  നിലവിലെ സർക്കാരിന് ദ്വീപ് രാഷ്ട്രത്തെ ഒരുതരത്തിലും പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ സാധിക്കില്ലെന്ന് പ്രാദേശിക സാമ്പത്തിക വിദഗ്ദർ വിലയിരുത്തുന്നു. അന്താരാഷ്ട്ര സമൂഹം ഉണർന്ന് പ്രവർത്തിച്ചാൽ മാത്രമേ ശ്രീലങ്കൻ ജനതയെ പഴയ സ്ഥിതിയിലേക്ക് എത്തിക്കാൻ സാധിക്കുകയുള്ളൂ. മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ മുന്നറിയിപ്പ് നൽകിയത് പോലെ സ്ഥിതിഗതികൾ ഏറ്റവും വഷളായ അവസ്ഥയിലാണ്. ഇതിലും വലുതൊന്നും ഇനി ശ്രീലങ്കയ്ക്ക് വരാനില്ല.

  തങ്ങളെ രക്ഷിക്കാൻ അയൽരാജ്യമായ ഇന്ത്യക്ക് കഴിയുമെന്ന് ശ്രീലങ്ക പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യയിൽ നിന്ന് സഹായം വാങ്ങി നിലവിലെ ബുദ്ധിമുട്ടുകളിൽ നിന്ന് ചെറിയ ആശ്വാസം കണ്ടെത്താമെന്നാണ് കരുതുന്നത്. എന്നാലത് ലങ്കയെ വീണ്ടും കടക്കെണിയിലേക്ക് തള്ളിവിടാൻ മാത്രമേ സഹായിക്കുകയുള്ളൂ. പ്രസിഡന്റ് രാജപക്‌സെയെ പുറത്താക്കണമെന്ന ആവശ്യം ശക്തമാകുമ്പോഴും ലങ്ക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കൈകാലിട്ടടിക്കുകയാണ്.
  Published by:Anuraj GR
  First published: