• HOME
  • »
  • NEWS
  • »
  • world
  • »
  • Liz Truss | ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ നിന്നും ലിസ് ട്രസ് പുറത്തേക്കോ? നാല് സാധ്യതകൾ ഇങ്ങനെ

Liz Truss | ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ നിന്നും ലിസ് ട്രസ് പുറത്തേക്കോ? നാല് സാധ്യതകൾ ഇങ്ങനെ

ലിസ് പുറത്തേക്കു പോകുമെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ വിശ്വസിക്കുന്നത്.

  • Share this:
സാമ്പത്തിക നയങ്ങൾ പാളിപ്പോയതിനെ തുടർന്ന് കടുത്ത പ്രതിസന്ധിയിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് (Liz Truss). കാര്യപ്രാപ്തിയില്ലാത്ത പ്രധാനമന്ത്രിയാണ് ലിസ് എന്ന തരത്തിൽ വിമർശനങ്ങളുയരുന്നുണ്ട്. ലിസിനു പകരം ആരെ കൊണ്ടുവരും എന്നതു സംബന്ധിച്ച് കൺസർവേറ്റീവ് പാർട്ടിയിൽ ഭിന്നത തുടരുന്നതുകൊണ്ടാണ് അവർ ഇപ്പോഴും പ്രധാനമന്ത്രി സ്ഥാനത്ത് തുടരുന്നത്.

ബ്രിട്ടണ്‍ നേരിടുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് കാരണം ട്രഷറി ചീഫ് അവതരിപ്പിച്ച പുതിയ സാമ്പത്തിക നയമാണെന്നും പുനർവിചിന്തനം ചെയ്യാതെ അത് നടപ്പാക്കിയതില്‍ മാപ്പു ചോദിക്കുന്നുവെന്നും ലിസ് ട്രസ് തുറന്നു സമ്മതിച്ചിരുന്നു.

ലിസ് പുറത്തേക്കു പോകുമെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ വിശ്വസിക്കുന്നത്. ലിസിന് പ്രധാനമന്ത്രി പദം നഷ്ടമായേക്കാമെന്നും അതിനുള്ള നാലു കാരണങ്ങളും ഗാർഡിയന്റെ ഒരു റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. താഴെ പറയുന്നവയാണ് അവ.

1. കൺസർവേറ്റീസ് എംപിമാരുടെ സമ്മർദം

ട്രസ് രാജിവയ്ക്കണമെന്ന് കൺസർവേറ്റീവ് പാർട്ടി എംപിമാർക്ക് പരസ്യമായി ആവശ്യപ്പെടാം. അതിനായി കൂടുതൽ സമയം കാത്തിരിക്കുന്നതിനേക്കാൾ, വേഗത്തിൽ നീങ്ങുന്നതാണ് നല്ലതെന്ന് അവരിൽ പലരും വിശ്വസിക്കുന്നുണ്ട്. പാർട്ടിയുടെ ആഭ്യന്തര നിയമങ്ങളിൽ ചിലതിൽ മാറ്റം വരുത്തി, അവിശ്വാസ വോട്ട് തേടാനും ഇവർ തയ്യാറായേക്കാം. ബോറിസ് ജോൺസണോടും തെരേസ മേയോടും ചെയ്തത് പോലെ അവസാനമായി ലിസിനെ പാർട്ടി സമീപിച്ചേക്കാം. തങ്ങൾ നിർദേശിക്കുന്നതു പോലെ കാര്യങ്ങൾ ചെയ്യുക അല്ലെങ്കിൽ പുറത്തു പോകുക എന്ന് ലിസിനോട് അവർ ആവശ്യപ്പെട്ടേക്കാം. പ്രധാനമന്ത്രി പദത്തില്‍ ഒരു മാസം മാത്രം തികയ്ക്കുന്ന ട്രസിനെതിരെ പാര്‍ട്ടിയില്‍ തന്നെ വിമത നീക്കം തുടങ്ങിക്കഴിഞ്ഞു. പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ ലിസ് ട്രസിനെ കൈവിടാനും ഒരുക്കമാണ് പാർട്ടി അം​ഗങ്ങൾ എന്നാണ് അണിയറ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്.

2. ജറമി ഹണ്ടിന്റെ നയങ്ങൾ

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ പ്രമുഖ നേതാവും തിരഞ്ഞെടുപ്പില്‍ ഋഷി സുനക് അനുഭാവിയുമായ ജെറമി ഹണ്ടിനെ പുതിയ ധനമന്ത്രിയായി ലിസ് ട്രസ് പ്രഖ്യാപിച്ചത് രാഷ്ട്രീയ നിലനില്‍പ് ലക്ഷ്യമിട്ടെന്നാണെന്ന വിലയിരുത്തലുകളുണ്ട്. ഒക്ടോബർ 31ന് അദ്ദേഹം പ്രഖ്യാപിക്കുന്ന പ്രധാന നടപടികളിലേക്കാണ് പലരും ഉറ്റുനോക്കുന്നത്. ചെലവ് ചുരുക്കലിന് സാധ്യതയുണ്ടെന്ന സൂചനകൾ വന്നിട്ടുണ്ട്. ജെറമി ഹണ്ടിനും ട്രസിനും ഒക്ടോബർ 31ന് ബജറ്റ് അവതരിപ്പിക്കാനും രാജ്യത്തിന്റെ സാമ്പത്തിക തന്ത്രം രൂപപ്പെടുത്താനുള്ള അവസരം നൽകണമെന്ന് വാദിക്കുന്നവരുമുണ്ട്.
നികുതി വർദ്ധനയിലൂടെ സാമ്പത്തിക പ്രതിസന്ധി കുറക്കാനാകുമെന്ന് ജറമി പ്രഖ്യാപിച്ചിട്ടുണ്ട്. ഉയർന്ന പണപ്പെരുപ്പം കാരണം ബജറ്റുകൾ ഇതിനകം തന്നെ താളം തെറ്റിയിരിക്കുന്ന സമയത്ത്, ഈ നയങ്ങൾ പൊതു സേവനങ്ങളെ ബാധിക്കുമെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, ട്രസിനെതിരെ നീങ്ങാൻ എംപിമാർ തീരുമാനിച്ചേക്കാം.

നിലവിലെ വിപണി സാഹചര്യം പരിഗണിച്ച് വ്യത്യസ്തമായ രീതിയില്‍ ആ പദ്ധതി നടപ്പാക്കുക മാത്രമാണ് താൻ വരുത്താൻ പോകുന്ന മാറ്റമെന്ന് ലിസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതും പാർട്ടിക്കുള്ളിൽ പലരുടെയും അതൃപ്തിക്ക് കാരണമാകുന്നുണ്ട്.

Also read : വീണ്ടും ബ്രിട്ടന്റെ അമരത്ത് പെൺകരുത്ത്; ലിസ് ട്രസ് പുതിയ ഉരുക്കു വനിതയാകുമോ?

3. ഉപതെരഞ്ഞെടുപ്പും രാജി സമ്മർ​ദവും

ഉതിരഞ്ഞെടുപ്പ് നടന്നാൽ അതിൽ പരാജയപ്പെടാൻ സാധ്യത ഉള്ളതിനാൽ ചില കൺസർവേറ്റീവ് എംപിമാർ പാർലമെന്റിൽ നിന്ന് രാജിവെക്കുന്ന കാര്യം പരിഗണിക്കുന്നതായി വെസ്റ്റ്മിൻസ്റ്ററിൽ ചില കിംവദന്തികൾ പ്രചരിക്കുന്നുണ്ട്. പാർട്ടി അധികാരത്തിലിരിക്കുമ്പോൾ മാത്രമാണ് തങ്ങൾക്ക് വിലയുള്ളതെന്ന് അവർ വിശ്വസിക്കുന്നു. തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വിജയിച്ചാൽ അവർക്കത് തിരിച്ചടിയാകും. ഇത് കണക്കിലെടുത്ത്, ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ ലിസിന്റെ രാജിയാണ് ഇവർക്കു മുന്നിലുള്ള വഴി.

പൊതുതിരഞ്ഞെടുപ്പിൽ തങ്ങളുടെ നൂറുകണക്കിന് സീറ്റുകൾ നഷ്‌ടപ്പെടുമെന്ന് എംപിമാർ ഭയപ്പെടുന്നുമുണ്ട്. ലിസ് ട്രസിനെ പാര്‍ട്ടി നീക്കിയാലും ഇല്ലെങ്കിലും പൊതു തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്.

Also read : കാപ്പിയും ചോക്ലേറ്റും വേണ്ട; ചാള്‍സ് രാജാവിന് ഇഷ്ടമില്ലാത്ത ഭക്ഷണങ്ങൾ

4. പ്രാദേശിക തിരഞ്ഞെടുപ്പുകൾ

ബ്രിട്ടനിലെ ലോക്കൽ പോളുകൾ ബോറിസ് ജോൺസണ് തിരിച്ചടിയായതു പോലെ ലിസ് ട്രസിന്റെ കാര്യത്തിലും അത് സംഭവിക്കാം. പല കൗൺസിലുകളിലും അടുത്ത മെയ് മാസത്തിൽ തിരഞ്ഞെടുപ്പു നടക്കാനിരിക്കുകയാണ്. കൗൺസിലർമാർക്കിടയിൽ ഇതിനകം തന്നെ ഭിന്നാഭിപ്രായങ്ങളാണ് ഉള്ളത്. ''അടുത്ത വർഷം തങ്ങളുടെ സീറ്റുകൾ ഭീഷണിയിലാണെന്ന് കൗൺസിലർമാർക്കറിയാം. അതിന്റെ യഥാർത്ഥ കാരണം ലിസ് ട്രസാണ് ,” ഒരു മുതിർന്ന കൺസർവേറ്റീവ് നേതാവ് ഗാർഡിയനോട് പറഞ്ഞു.
Published by:Amal Surendran
First published: