നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • മുസ്ലിംകളുടെ വിവരങ്ങൾ പരസ്യമാക്കി 'ഇസ്ലാം മാപ്പ്'; ഓസ്ട്രിയൻ സർക്കാരിനെതിരെ പ്രതിഷേധം ശക്തം

  മുസ്ലിംകളുടെ വിവരങ്ങൾ പരസ്യമാക്കി 'ഇസ്ലാം മാപ്പ്'; ഓസ്ട്രിയൻ സർക്കാരിനെതിരെ പ്രതിഷേധം ശക്തം

  ഡാറ്റ പുറത്തുവന്നതോടെ നിരവധി മുസ്ലിംകൾ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ഭയക്കുന്നതായി അക്കാദമികും ആന്റി ഇസ്ലാമോഫോബിയ സ്കോളാറുമായ ഫരീദ് ഹാഫിസ് പറഞ്ഞു

  Islam_Map

  Islam_Map

  • Share this:
   ഓസ്ട്രിയൻ സർക്കാർ പുറത്തിറക്കിയ വിവാദമായ 'മാപ്പ് ഓഫ് ഇസ്ലാമി'നെതിരെ കടുത്ത വിമർശനം ഉയരുന്നു. ഇസ്ലാമിക സമൂഹത്തെയും സംഘടനകളെയും നിയന്ത്രിക്കാനും അവരെ നിരീക്ഷണത്തിലാക്കാനും വേണ്ടിയാണ് സർക്കാർ ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് വിമർശനം. ഇസ്ലാമോഫോബിയ ഉൾപ്പെടെയുള്ള നിരവധി വിമർശനങ്ങൾ നേരിടുന്ന തീവ്ര വലതുപക്ഷ സർക്കാരിന്റെ ഇത്തരമൊരു നീക്കം ഓസ്ട്രിയയിലെ മുസ്ലിം സമൂഹത്തിനിടയിലും അന്താരാഷ്ട്ര തലത്തിലും കടുത്ത വിമർശനങ്ങൾക്ക് കാരണമാവുകയാണ്.

   കഴിഞ്ഞ ആഴ്ചയാണ് ഓസ്ട്രിയിൻ സർക്കാർ വിയന്ന സർവകലാശാലയിലെ അധ്യാപകരുമായി സഹകരിച്ച് 'നാഷണൽ മാപ്പ് ഓഫ് ഇസ്ലാം' എന്ന പേരിൽ മുസ്ലിം പള്ളികൾ, സംഘടനകൾ, നേതാക്കൾ എന്നിവരുടെ വിവരങ്ങൾ ഒരു വെബ്സൈറ്റിലൂടെ പുറത്തുവിട്ടത്. പേര്, സ്ഥലം എന്നിവയടക്കമുള്ള 620ലധികം മുസ്ലിം പള്ളികളുടെ ഡാറ്റയാണ് ഇത്തരത്തിൽ പരസ്യമാക്കിയത്.

   മുസ്ലിംകളുടെ പ്രവർത്തനങ്ങൾ സ്ഥിരമായി നിരീക്ഷിക്കുന്ന ഓസ്ട്രിയയുടെ നടപടികൾ കുപ്രസിദ്ധമാണ്. സർക്കാർ പുറത്തിറക്കിയ ഡാറ്റ മുസ്ലിംകളെ ആക്രമിക്കാൻ വലതുപക്ഷ തീവ്രവാദികൾക്ക് സൗകര്യമൊരുക്കുമെന്നും ഇത് സമുദായത്തെ സംശയത്തോടെ വീക്ഷിക്കുന്നതിന് കാരണമാവുമെന്നും പരക്കെ വിമർശനമുണ്ട്. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച ഓസ്ട്രിയൻ ചാൻസലർ സെബാസ്റ്റ്യൻ കുർസ് ഇത് ഏതെങ്കിലും മതത്തിനെതിരായ നീക്കമല്ലെന്നും വ്യത്യസ്ത രാഷ്ട്രീയ ആശയങ്ങൾക്കിടയിലെ സംഘട്ടനമാണെന്നും പറഞ്ഞു.

   ഡാറ്റ പുറത്തുവന്നതോടെ നിരവധി മുസ്ലിംകൾ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ഭയക്കുന്നതായി അക്കാദമികും ആന്റി ഇസ്ലാമോഫോബിയ സ്കോളാറുമായ ഫരീദ് ഹാഫിസ് പറഞ്ഞു. മുസ്ലിം സ്ഥാപനങ്ങളുടെ മാത്രമല്ല, ചില സ്വകാര്യ വ്യക്തികളുടെ വിലാസം ഉൾപ്പെടെയുള്ള തികച്ചും സ്വകാര്യമായ വിവരങ്ങൾ പോലും പരസ്യപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.

   സർക്കാരിന്റെ നടപടിക്കെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് ഓസ്ട്രിയയിലെ പ്രധാനപ്പെട്ട മുസ്ലിം സംഘടനകളെന്ന് ടിആർടി വേൾഡ് റിപോർട്ട് ചെയ്യുന്നു. സ്വകാര്യ വിവരങ്ങൾ പുറത്തുവിട്ട നടപടി സംഭവം രാജ്യത്തിന്റെ ജനാധിപത്യ - നിയമ സംവിധാനത്തെ അപകടപ്പെടുത്തുന്നതാണെന്ന് ദി ഇസ്ലാമിക് റിലീജ്യസ് കമ്മ്യൂണിറ്റി ഇൻ ഓസ്ട്രിയ വ്യക്തമാക്കി. സർക്കാരിന്റെ നടപടി മുസ്ലിം വിരുദ്ധമാണെന്നും ഇത് വിപരീത ഫലങ്ങളുണ്ടാക്കുമെന്നും അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ദി കൗൺസിൽ ഓഫ് യൂറോപ്പ് പ്രസ്താവനയിൽ പറഞ്ഞു.

   2020ൽ സ്ഥാപിച്ച ഡോക്യുമെന്റേഷൻ സെന്റർ ഫോർ പൊളിറ്റിക്കൽ ഇസ്ലാമിന്റെ പ്രോജക്ടാണ് ഇസ്ലാം മാപ്. മുസ്ലിം സംഘടനകളെയും വ്യക്തികളെയും നിരീക്ഷിക്കുക അവരുടെ രാഷ്ട്രീയ ആഭിമുഖ്യം പരിശോധിക്കുക തുടങ്ങിയവക്ക് നേതൃത്വം നൽകുന്ന സെന്ററിന് അഞ്ച് ലക്ഷത്തിലധികം ഡോളറാണ് ബജറ്റിൽ നീക്കിവച്ചിരുന്നത്. മാപ്പ് പ്രസിദ്ധീകരിച്ചതിനു പിന്നാലെ വലതുപക്ഷ ഓസ്ട്രിയൻ മാധ്യമങ്ങൾ മുസ്ലിം സമുദായത്തെ പ്രതിക്കൂട്ടിലാക്കുന്ന വിധത്തിൽ നിരവധി വാർത്തകളും പ്രസിദ്ധീകരിച്ചിരുന്നു.

   അതേസമയം, ഇസ്ലാം മാപ്പ് എത്രയും വേഗം പിൻവലിക്കണമെന്ന് രാജ്യത്തെ പ്രൊട്ടസ്റ്റന്റ് ചർച്ച് സർക്കാരിനോട് ആവശ്യപ്പെട്ടു. മാപ്പിനെതിരെ വിവാദങ്ങൾ ഉയർന്നതോടെ തങ്ങളുടെ ലോഗോ ഇസ്ലാമിക് മാപ്പിൽ ഉപയോഗിക്കരുതെന്ന് വിയന്ന സർവകലാശാലയും ആവശ്യപ്പെട്ടു.

   അടുത്തിടെ ഓസ്ട്രിയയിൽ മുസ്ലിം സംഘടനകൾക്കെതിരെ ഭരണകക്ഷിയും തീവ്ര വലതുപക്ഷവുമായ പീപ്പിൾസ് പാർട്ടിയിൽ നിന്നും നീക്കങ്ങളുണ്ടാകുന്നതായി ആരോപണമുണ്ട്. കഴിഞ്ഞ നവംബറിൽ നിരവധി മുസ്ലിം സംഘടനകളുടെയും ആക്ടിവിസ്റ്റുകളുടെയും വീടുകളിൽ ഓസ്ട്രിയൻ പോലീസ് റെയ്ഡ് നടത്തിയിരുന്നു.

   Keywords: Austria, Islam Map, Protests, Islamophobia, ഓസ്ട്രിയ, ഇസ്ലാം മാപ്പ്, പ്രതിഷേധം, ഇസ്ലാമോഫോബിയ
   Published by:Anuraj GR
   First published:
   )}