• HOME
 • »
 • NEWS
 • »
 • world
 • »
 • Israel-Turkey | അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും ഭിന്നത പരിഹരിക്കുമെന്ന പ്രഖ്യാപനവുമായി ഇസ്രായേലും തുർക്കിയും

Israel-Turkey | അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും ഭിന്നത പരിഹരിക്കുമെന്ന പ്രഖ്യാപനവുമായി ഇസ്രായേലും തുർക്കിയും

പതിനാല് വർഷത്തിനിടെ തുർക്കി സന്ദർശിക്കുന്ന ആദ്യ ഇസ്രായേലി നേതാവാണ് ഐസക് ഹെർസോഗ്.

Image: Reuters

Image: Reuters

 • Share this:
  അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിൽ സമ്മതം പ്രകടിപ്പിച്ച് തുർക്കിയും (Turkey) ഇസ്രായേലും (Israel). ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് (Isaac Herzog) തുർക്കിയിൽ സന്ദർശനം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇസ്രായേലും തുർക്കിയും ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. പതിനാല് വർഷത്തിനിടെ തുർക്കി സന്ദർശിക്കുന്ന ആദ്യ ഇസ്രായേലി നേതാവാണ് ഐസക് ഹെർസോഗ്.

  ഹെർസോഗുമായുള്ള ചർച്ചകൾക്ക് ശേഷം ക്യാമറകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട തുർക്കി പ്രസിഡന്റ് റെജപ് തയ്യിപ് എർദോഗൻ (Recep Tayyip Erdogan), ഇസ്രായേൽ പ്രസിഡന്റിന്റെ സന്ദർശനത്തെ "ചരിത്രപരമെന്നും" തുർക്കി-ഇസ്രായേൽ ബന്ധത്തിലെ "വഴിത്തിരിവെന്നുമാണ്" വിശേഷിപ്പിച്ചത്. ഊർജ മേഖലയിൽ ഇസ്രയേലുമായി സഹകരിക്കാൻ തുർക്കി തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കൂടുതൽ ചർച്ചകൾക്കായി തുർക്കി വിദേശകാര്യ മന്ത്രിയും ഊർജ മന്ത്രിയും ഉടൻ ഇസ്രയേൽ സന്ദർശിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
  “പൊതു താൽപ്പര്യങ്ങളും പരസ്പര പ്രതികരണങ്ങളോടുള്ള ബഹുമാനവും അടിസ്ഥാനമാക്കി ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംവാദം പുനരുജ്ജീവിപ്പിക്കുക എന്നതാണ് ഞങ്ങളുടെ പൊതു ലക്ഷ്യം”, എർദോഗൻ വ്യക്തമാക്കി.

  തന്റെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ നിമിഷമാണെന്ന് ഹെർസോഗ് പറഞ്ഞു. എന്നിരുന്നാലും, അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അത് പലസ്തീനികളുടെ വിഷയത്തിൽ മാത്രമല്ലെന്നും ഇരു നേതാക്കളും സമ്മതിച്ചു.

  Also Read-Ukraine War | നാസി ചിഹ്നമോ അതോ വിജയസൂചനയോ? റഷ്യന്‍ ടാങ്കുകളിലെയും വാഹനങ്ങളിലെയും 'Z' അടയാളത്തിന്റെ അർത്ഥമെന്ത്?

  "പ്രശ്നമേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരമെന്ന കാഴ്ചപ്പാട് സംരക്ഷിക്കുന്നതിനും ഞങ്ങൾ നൽകുന്ന പ്രാധാന്യം എത്രത്തോളമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്", എർദോഗൻ പറഞ്ഞു. "ജറുസലേമിന്റെ ചരിത്രപരമായ പദവിക്കും മസ്ജിദ് അഖ്സയുടെ മതപരമായ സവിശേഷതയുടെയും വിശുദ്ധിയുടെയും സംരക്ഷണത്തിനും ഞങ്ങൾ നൽകുന്ന പ്രാധാന്യം ഞാൻ ഊന്നിപ്പറഞ്ഞു" അദ്ദേഹം കൂട്ടിച്ചേർത്തു. ജറുസലേമിലെ ചരിത്രപ്രസിദ്ധമായ പഴയ നഗരത്തിലാണ് അൽ-അഖ്സ മസ്ജിദ്.

  1967ലെ മിഡ്ഈസ്റ്റ് യുദ്ധത്തിൽ ജൂത, ക്രിസ്ത്യൻ, മുസ്ലീം പുണ്യസ്ഥലങ്ങൾ ഉൾപ്പെടെ കിഴക്കൻ ജറുസലേം ഇസ്രായേൽ പിടിച്ചെടുക്കുകയും തങ്ങളോട് കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നു. നൂറ്റാണ്ടിലേറെ നീണ്ട സംഘർഷത്തിന്റെ വൈകാരിക അടിത്തറയായിരുന്നു ഈ പുണ്യസ്ഥലങ്ങൾ. അന്താരാഷ്ട്ര സമൂഹം പൊതുവിൽ അംഗീകരിക്കാത്ത ഒരു നീക്കമായിരുന്നു ഇത്. വെസ്റ്റ് ബാങ്കും ഗാസ മുനമ്പും ചേർന്ന ഭാവി രാഷ്ട്രത്തിന്റെ തലസ്ഥാനമായാണ് കിഴക്കൻ ജറുസലേം പലസ്തീനികൾ ആവശ്യപ്പെടുന്നത്. ഒരു ദശാബ്ദത്തിലേറെയായി സംഘർഷത്തിന് ഒരു ദ്വിരാഷ്ട്ര പരിഹാരം കണ്ടെത്താനായി ഇസ്രായേലികളും പലസ്തീനികളും കാര്യമായ സമാധാന ചർച്ചകളൊന്നും നടത്തിയിട്ടില്ല.

  Also Read-Che Guevara |ചെ ഗുവേരയെ വെടിവെച്ചു കൊന്ന ബൊളീവിയന്‍ സൈനികന്‍ മരിച്ചു

  "ഞങ്ങൾക്ക് എല്ലാ വിഷയങ്ങളിലും യോജിപ്പില്ലെന്ന് മുൻകൂട്ടി സമ്മതിക്കേണ്ടതുണ്ട്", ഹെർസോഗ് പറഞ്ഞു.“പക്ഷേ, ഭാവിയെ മുൻനിർത്തി അഭിപ്രായവ്യത്യാസങ്ങൾ പരസ്പര ബഹുമാനത്തോടെയും തുറന്ന മനസ്സോടെയും ശരിയായ സംവിധാനങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും പരിഹരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു”, അദ്ദേഹം പറഞ്ഞു.

  തുർക്കിയും ഇസ്രായേലും ഒരിക്കൽ അടുത്ത സഖ്യകക്ഷികളായിരുന്നു, എന്നാൽ പലസ്തീനികൾക്കെതിരായ ഇസ്രായേൽ നയങ്ങളെ എർദോഗൻ തുറന്നു വിമർശിച്ചതോടെ ഈ ബന്ധം തകർന്നു. ഗാസ മുനമ്പ് നിയന്ത്രിക്കുന്ന ഹമാസിനെ എർദോഗൻ അംഗീകരിച്ചതും ഇസ്രായേലിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഹമാസിനെ ഭീകര സംഘടനയായാണ് ഇസ്രായേൽ കാണുന്നത്.

  Also Read-War in Ukraine | 'രക്ഷപ്പെടാന്‍ സഹായിച്ചത് ഇന്ത്യ'; ഇന്ത്യന്‍ എംബസിയ്ക്കും നരേന്ദ്രമോദിയ്ക്കും നന്ദി പറഞ്ഞ് പാക് വിദ്യാര്‍ഥിനി

  ഇസ്രായേൽ ഉപരോധം തകർത്ത് പലസ്തീനികൾക്കുള്ള മാനുഷിക സഹായവുമായി ഗാസയിലേക്ക് പോയ കപ്പൽകൂട്ടത്തെ ഇസ്രായേൽ സൈന്യം ആക്രമിച്ചതിനെത്തുടർന്ന് 2010ൽ ഇരു രാജ്യങ്ങളും അതാത് സ്ഥാനപതികളെ പിൻവലിച്ചു. ഈ സംഭവം തുർക്കിയിലെ ഒമ്പത് സാമൂഹ്യപ്രവർത്തകരുടെ മരണത്തിന് കാരണമായി. യുഎസ് ഇസ്രായേലിലെ തങ്ങളുടെ എംബസി ജറുസലേമിലേക്ക് മാറ്റിയതിൽ രോഷാകുലരായ തുർക്കി 2018ൽ വീണ്ടും തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ചത് ഇസ്രായേലിനെയും അതേ രീതിയിൽ പ്രതികരിക്കാൻ പ്രേരിപ്പിച്ചു. ഇരു രാജ്യങ്ങളും തങ്ങളുടെ അംബാസഡർമാരെ ഇതുവരെ പുനർനിയമിച്ചിട്ടില്ല.

  ഈജിപ്ത്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സൗദി അറേബ്യ എന്നിവയുൾപ്പെടെ മിഡിൽ ഈസ്റ്റിലെ നിരവധി രാജ്യങ്ങളുമായുള്ള ബന്ധം സാധാരണ നിലയിലാക്കി അന്താരാഷ്ട്ര തലത്തിലുള്ള ഒറ്റപ്പെടൽ അവസാനിപ്പിക്കാൻ തുർക്കി ശ്രമം നടത്തുന്ന സാഹചര്യത്തിലാണ് ഇസ്രയേലുമായി അനുരഞ്ജനത്തിനുളള നീക്കം ഉണ്ടാകുന്നത്.

  തുർക്കിഷ് മൗണ്ടഡ് കളർ ഗാർഡിന്റെ അകമ്പടിയോടെയാണ് ഹെർസോഗ് തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിലെത്തിയത്. 2008ന് ശേഷം ആദ്യമായി ഒരു ബാൻഡ് ഇസ്രായേലി ഗാനം ആലപിച്ചപ്പോൾ എർദോഗൻ സൈനിക ബഹുമതികളോടെ അദ്ദേഹത്തെ അഭിവാദ്യം ചെയ്തു. ഹീബ്രു, ടർക്കിഷ്, ഇംഗ്ലീഷ് ഭാഷകളിൽ "സമാധാനം", "ഭാവി", "പങ്കാളിത്തം" എന്നീ വാക്കുകൾ ആലേഖനം ചെയ്ത ഒരു വിമാനത്തിലാണ് ഹെർസോഗ് എത്തിയത്.

  അതേസമയം ഇസ്താംബൂളിൽ, 150 ഓളം പേരുടെ ഒരു സംഘം ഹെർസോഗിന്റെ സന്ദർശനത്തിനെതിരെ പ്രതിഷേധിച്ചു. ഇസ്‌ലാമിക അനുകൂല ഗ്രൂപ്പുകളുടെ അംഗങ്ങൾ ആണ് സംഘത്തിൽ കൂടുതലായും ഉൾപ്പെട്ടിരുന്നത്. ഇവർ ഇസ്രായേൽ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയും ഇസ്രായേൽ പ്രസിഡന്റിനെ "കൊലയാളി" എന്ന് വിളിക്കുന്ന ബാനറുകൾ ഉയർത്തിയും പ്രതിഷേധിച്ചു.

  അനുരഞ്ജനത്തിലേക്കുള്ള ചുവടുവെയ്പ്പ് എന്ന നിലയിൽ കഴിഞ്ഞ വർഷം ഇസ്രായേൽ രാഷ്ട്രത്തലവനായി അധികാരമേറ്റതിന് ശേഷം ഹെർസോഗിനെ എർദോഗൻ ഫോണിൽ വിളിച്ചിരുന്നു. അതിനുശേഷം ഇരുവരും നിരവധി ടെലിഫോൺ സംഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇസ്താംബൂളിൽ ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്ത ഇസ്രായേലി ദമ്പതികളെ മോചിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായി എർദ്വാൻ സംസാരിച്ചിരുന്നു.

  കഴിഞ്ഞയാഴ്ച സൈപ്രസ് സന്ദർശിച്ചപ്പോൾ, തുർക്കിയുമായുള്ള ഇസ്രായേലിന്റെ ഊഷ്മളമായ ബന്ധം നിക്കോസിയയുമായുള്ള ബന്ധത്തെ ബാധിക്കില്ല എന്ന് ഹെർസോഗ് ഉറപ്പ് നൽകിയിരുന്നു. തുർക്കിയുമായി പിരിമുറുക്കമുള്ള ഗ്രീസുമായും സൈപ്രസുമായും ഇസ്രായേൽ സഹകരണം വിപുലീകരിക്കുന്നത് തുടരുമെന്ന് ഊന്നിപ്പറഞ്ഞു കൊണ്ട് ഹെർസോഗ് കഴിഞ്ഞ മാസം ഗ്രീസിലും സമാനമായ പ്രസ്താവനകൾ നടത്തിയിരുന്നു.

  കിഴക്കൻ മെഡിറ്ററേനിയൻ കടലിൽ ഗണ്യമായ പ്രകൃതി വാതക നിക്ഷേപം കണ്ടെത്തിയതിനെ തുടർന്നാണ് ഗ്രീസുമായും സൈപ്രസുമായും ഇസ്രായേൽ ബന്ധം വികസിച്ചത്. ഊർജം അടസ്ഥാനമാക്കിയുള്ള സഹകരണം കെട്ടിപ്പടുക്കുന്നതിനുള്ള വഴികൾ രാജ്യങ്ങൾ തേടുകയാണ്. വ്യാഴാഴ്ച ഇസ്താംബൂളിൽ വെച്ച് തുർക്കിയിലെ ജൂത സമൂഹത്തിലെ അംഗങ്ങളുമായി ഹെർസോഗ് കൂടിക്കാഴ്ച നടത്തും.
  Published by:Jayesh Krishnan
  First published: