• HOME
  • »
  • NEWS
  • »
  • world
  • »
  • ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ച് ഇസ്രായേൽ; ജനരോഷത്തിന് കാരണമെന്ത്?

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ച് ഇസ്രായേൽ; ജനരോഷത്തിന് കാരണമെന്ത്?

ഇസ്രയേലി പ്രക്ഷോഭകരെ തെരുവിലിറക്കിയ പരിഷ്കാരങ്ങൾ എന്തൊക്കെ?

(Image: Reuters)

(Image: Reuters)

  • Share this:

    ഇസ്രായേലിൽ (Israel) ജനകീയ പ്രതിഷേധം ആളിപ്പടരുകയാണ്. സമാനതകളില്ലാത്ത വിധം രാജ്യമൊട്ടാകെ ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുന്നതായി വിവിധ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച (മാർച്ച് 11) ലക്ഷക്കണക്കിന് പ്രകടനക്കാർ രാജ്യത്തിന്റെ തെരുവുകളിൽ മാർച്ച് നടത്തിയപ്പോൾ ഇസ്രായേൽ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധത്തിനാണ് സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ തീവ്രവലതുപക്ഷ സർക്കാരിനെതിരെയും ജുഡീഷ്യൽ പരിഷ്കാരങ്ങൾക്കെതിരെയുമാണ് ഇപ്പോൾ പ്രതിഷേധം ഉയർന്നിരിക്കുന്നത്.ശനിയാഴ്ചയോടെ തുടർച്ചയായ പത്താം ആഴ്ചയാണ് ഇസ്രായേലിന്റെ തെരുവുകളിൽ പ്രകടനക്കാർ ഒഴുകിയെത്തിയത്.

    “ജനാധിപത്യത്തിന്റെ അടിത്തറയ്ക്ക് ഭീഷണി” എന്ന് വിളിക്കപ്പെടുന്ന നിർദ്ദിഷ്ട നിയമനിർമ്മാണം താൽക്കാലികമായി നിർത്താൻ ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് ഭരണസഖ്യത്തോട് ആവശ്യപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

    ഇസ്രയേലി പ്രക്ഷോഭകരെ തെരുവിലിറക്കിയ പരിഷ്കാരങ്ങൾ എന്തൊക്കെയാണ്? എന്തുകൊണ്ടാണ് ജനങ്ങൾ ജുഡീഷ്യറിയിലെ പരിഷ്‌ക്കാരങ്ങളെ എതിർക്കുന്നത്? നിയമത്തെ പിന്തുണയ്ക്കുന്നവർ എന്താണ് പറയുന്നത്? പരിശോധിക്കാം.

    ഇസ്രായേലിലെ ജുഡീഷ്യൽ പരിഷ്കാരങ്ങൾ

    ജനുവരി ആദ്യ ആഴ്ച ഇസ്രായേൽ നീതിന്യായ മന്ത്രി യാരിവ് ലെവിൻ രാജ്യത്തിന്റെ നിയമസംവിധാനം നവീകരിക്കാനുള്ള നെതന്യാഹു സർക്കാരിന്റെ പദ്ധതി വെളിപ്പെടുത്തി. ജഡ്ജിമാരെ നിയമിക്കുന്ന കമ്മറ്റിയിൽ സർക്കാരിന്റെ പങ്ക് വർധിപ്പിക്കാനാണ് ഈ നിയമനിർമ്മാണം ലക്ഷ്യമിടുന്നത്. നിലവിൽ രാഷ്ട്രീയക്കാരും ജഡ്ജിമാരും അഭിഭാഷകരും അടങ്ങുന്ന സെലക്ഷൻ കമ്മിറ്റിയാണ് ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നത്. എന്നാൽ പുതിയ നിയമം നിയമനിർമ്മാതാക്കൾക്ക് കമ്മിറ്റിയിൽ ഭൂരിപക്ഷം നൽകും.

    രണ്ടാമതായി, നിർദ്ദിഷ്ട നിയമത്തിന് ഒരു ‘അസാധുവാക്കൽ വ്യവസ്ഥ’ ഉണ്ട്, അത് 120 അംഗ നെസെറ്റിന് അഥവാ ഇസ്രായേൽ പാർലമെന്റിന് 61 വോട്ടുകളുടെ കേവലഭൂരിപക്ഷത്തിന് സുപ്രീം കോടതിയുടെ വിധികളെ അസാധുവാക്കാൻ അധികാരം നൽകും.

    ഇസ്രായേലിന് രേഖാമൂലമുള്ള ഒരു ഭരണഘടന ഇല്ലെങ്കിലും ‘അടിസ്ഥാന നിയമങ്ങൾ’ എന്ന് വിളിക്കപ്പെടുന്ന ഒരു കൂട്ടം നിയന്ത്രണങ്ങളെയാണ് രാജ്യം പിന്തുടരുന്നത്.

    Also read: ചൈനയുടെ മധ്യസ്ഥതയിൽ ഇറാനും സൗദിയും അടുക്കുന്നു; രണ്ട് മാസത്തിനുള്ളിൽ നയതന്ത്ര ബന്ധം പുന:സ്ഥാപിക്കും

    ‘ഇസ്രായേൽ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധം’

    ശനിയാഴ്ച നടന്നത് ‘രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകടനം’ എന്നാണ് ഹാരെറ്റ്സ് പത്രം റിപ്പോർട്ട് ചെയ്തത്. പ്രധാന തർക്കവിഷയമായ ജുഡീഷ്യൽ പരിഷ്കാരങ്ങൾക്കെതിരെ പ്രകടനക്കാർ പ്രതിഷേധം സംഘടിപ്പിച്ചു. ശനിയാഴ്ചത്തെ പ്രതിഷേധത്തിൽ 5,00,000 പേർ പങ്കെടുത്തതായി സംഘാടകർ അവകാശപ്പെടുന്നു, അതിൽ 2,40,000 പേർ ടെൽ അവീവിൽ ഒത്തുകൂടി. ജറുസലേമിലെ പ്രസിഡന്റ് ഹെർസോഗിന്റെ വീടിന് പുറത്ത് നൂറോളം പ്രകടനക്കാർ തടിച്ചുകൂടിയെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ പതാകകൾ പിടിച്ച് അവർ “ഇസ്രായേൽ സ്വേച്ഛാധിപത്യ രാജ്യമാകില്ല” എന്ന മുദ്രാവാക്യങ്ങൾ മുഴക്കി. നൂറുകണക്കിന് ഇസ്രായേലി വനിതാ അവകാശ പ്രവർത്തകർ, ഡിസ്റ്റോപ്പിയൻ ടിവി സീരീസായ ദി ഹാൻഡ്‌മെയ്‌ഡ്സ് ടെയിൽ കഥാപാത്രങ്ങളുടെ വേഷം ധരിച്ച് ടെൽ അവീവ് നഗരത്തിൽ പ്രതിഷേധക്കാർക്കൊപ്പം ചേർന്നു. വടക്കൻ നഗരമായ ഹൈഫയിൽ 50,000 ആളുകൾ പ്രകടനം നടത്തി, മറ്റൊരു 10,000 പേർ ബീർഷെബയിൽ ഒത്തുകൂടിയതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

    “പുതിയ സർക്കാർ സ്വീകരിക്കാൻ ആഗ്രഹിക്കുന്ന നടപടികൾ ഇസ്രായേലിന്റെ ജനാധിപത്യത്തിന് കടുത്ത ഭീഷണിയുയർത്തുന്നതാണ് എന്ന് പ്രതിഷേധക്കാരിൽ ഒരാളായ റാൻ ഷാഹോർ AFP വാർത്താ ഏജൻസിയോട് പറഞ്ഞു. “ഈ നിയമങ്ങൾ പാസാകുകയാണെങ്കിൽ, ഇസ്രായേൽ ഒരു ജനാധിപത്യ രാജ്യമല്ലാതായി മാറും’ പ്രതിഷേധ നേതാവ് ഷിക്മ ബ്രെസ്‌ലർ പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

    കഴിഞ്ഞ വ്യാഴാഴ്ച നെതന്യാഹുവിന് വിദേശത്തേയ്ക്ക് പോകാൻ രാജ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആകാശമാർഗ്ഗം പോകേണ്ടി വന്നു. റോഡുകൾ മുഴുവൻ കാറുകൾ കൊണ്ടിട്ട് പ്രതിഷേധക്കാർ തടഞ്ഞിരുന്നു.

    ഇസ്രായേൽ ഡെമോക്രസി ഇൻസ്റ്റിറ്റ്യൂട്ടിനായി കഴിഞ്ഞ മാസം നടത്തിയ ഒരു സർവ്വേ പ്രകാരം മൂന്നിൽ രണ്ട് അതായത് ഏകദേശം 66 ശതമാനം ഇസ്രയേലികൾ “ഇസ്രായേലിന്റെ അടിസ്ഥാന നിയമങ്ങളുമായി പൊരുത്തപ്പെടാത്ത നിയമങ്ങൾ റദ്ദാക്കാൻ സുപ്രീം കോടതിക്ക് കഴിയണം എന്നാണ് വ്യക്തമാക്കിയത്. ഏതാണ്ട് അതേ അനുപാതത്തിൽ 63 ശതമാനം ഇസ്രയേലികൾ ജഡ്ജിമാരെ നാമനിർദ്ദേശം ചെയ്യുന്ന നിലവിലെ സമ്പ്രദായത്തെ പിന്തുണയ്ക്കുന്നുവെന്ന് പറയുന്നതായി CNN റിപ്പോർട്ട് ചെയ്തു.

    പ്രതിപക്ഷത്തിന്റെ അഭിപ്രായം

    നിർദ്ദിഷ്‌ട നിയമനിർമ്മാണ പരിഷ്‌ക്കാരം പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ സഖ്യകക്ഷികൾക്കും അനിയന്ത്രിതമായ അധികാരം നൽകുമെന്ന് പ്രതിപക്ഷം ആശങ്കപ്പെടുന്നു. മാത്രമല്ല അഴിമതിക്കേസിൽ വിചാരണ നേരിടുന്ന നെതന്യാഹുവിന് രക്ഷപെടാൻ വേണ്ടിയാണ് ഈ നിയമപരിഷ്കാരം എന്നും പ്രതിപക്ഷം ആരോപിക്കുന്നു.

    പിന്തുണയ്ക്കുന്നവർ പറയുന്നതെന്ത്?

    ഇസ്രയേലിനെ പ്രതിസന്ധിയിലാക്കിയിട്ടും നെതന്യാഹു സർക്കാർ നിയമനിർമ്മാണം തുടരുകയാണ്. വിമർശകർ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സഖ്യകക്ഷികളും പ്രതിഷേധത്തെ അപലപിച്ചു.ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിലേക്ക് ‘ആക്ടിവിസ്റ്റ്’ സ്വഭാവമുള്ള ജുഡീഷ്യറിയിൽ നിന്ന് അധികാരം ‘പുനഃസന്തുലനം’ ചെയ്യേണ്ടത് ആവശ്യമാണെന്ന് നിയമ പരിഷ്‌കാരത്തെ പിന്തുണയ്ക്കുന്നവർ വാദിക്കുന്നു. ഇത് “ജനാധിപത്യത്തെ ശക്തിപ്പെടുത്തും എന്നാണ് അവരുടെ വാദമെന്ന് ദ ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.

    Published by:user_57
    First published: