HOME » NEWS » World » ISRAELI POLICE RAID AL AQSA MOSQUE AHEAD OF JERUSALEM DAY MARCH MORE THAN 200 PEOPLE WERE INJURED JK

ജറുസലേം ദിന മാർച്ചിന് മുന്നോടിയായി ഇസ്രയേൽ പോലീസ് അൽ-അക്സാ പള്ളി ആക്രമിച്ചു; 200ലധികം പേർക്ക് പരിക്ക്

പാലസ്തീൻ കുടുംബങ്ങളെ അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്യിപ്പിക്കുകയാണ് ആക്രമണത്തിന്റെ പ്രധാന ലക്ഷ്യം

News18 Malayalam | news18-malayalam
Updated: May 10, 2021, 8:07 PM IST
ജറുസലേം ദിന മാർച്ചിന് മുന്നോടിയായി ഇസ്രയേൽ പോലീസ് അൽ-അക്സാ പള്ളി ആക്രമിച്ചു; 200ലധികം പേർക്ക് പരിക്ക്
Image Reuters
  • Share this:
പാലസ്തീൻ പ്രക്ഷോഭകരുമായുള്ള രാത്രിയിലെ ഏറ്റുമുട്ടലിനുശേഷം പവിത്രമായ ജറുസലേമിലെ അൽ-അക്സാ പള്ളിയിൽ ഇസ്രായേൽ പോലീസ് ആക്രമണം നടത്തി. കിഴക്കൻ ജറുസലേമിൽ വച്ച് നടന്ന സംഘർഷത്തിൽ 200ലധികം ആളുകൾക്ക് പരിക്കേറ്റു. ജനക്കൂട്ടം പോലീസിന് നേരെ കല്ലെറിയുകയും പോലീസ് ഗ്രനേഡുകൾ പ്രയോഗിക്കുകയും ചെയ്തിനെ തുടർന്ന് സംഘർഷം രൂക്ഷമാകുകയായിരുന്നു.



ജറുസലേം ദിനാചരണത്തിന്റെ ഭാഗമായി പള്ളി സ്ഥിതിചെയ്യുന്ന കോമ്പൗണ്ട് സന്ദർശിക്കുന്നതിൽ നിന്ന് ജൂതന്മാരെ വിലക്കാൻ ഇസ്രായേൽ പോലീസ് നേരത്തെ തീരുമാനിച്ചിരുന്നു. പാലസ്തീനികൾ ഇത് മനപൂർവമായ പ്രകോപനമായാണ് കണക്കാക്കുന്നത്. ഇസ്ലാമിക പുണ്യമാസമായ റമദാനിന്റെ അവസാന ദിനങ്ങളിലാണ് സംഘർഷം ഉടലെടുത്തിരിക്കുന്നത്. പാലസ്തീൻ പ്രകടനക്കാരുമായി കലാപത്തിൽ ഏർപ്പെട്ട 278 പേർക്ക് പരിക്കേറ്റതായി പലസ്തീൻ റെഡ് ക്രസന്റ് റിപ്പോർട്ട് ചെയ്തു.




ഇസ്ലാം മത വിശ്വാസികളുടെ മൂന്നാമത്തെ ഏറ്റവും വിശുദ്ധ സ്ഥലമായാണ് അൽ-അക്‌സാ പള്ളി കണക്കാക്കുന്നത്. ഒരു കുന്നിൻ മുകളിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ഇസ്ലാം മതക്കാർ ഹറം അൽ-ഷെരീഫ് (ഉത്തമ സങ്കേതം) എന്നും ജൂതമത വിശ്വാസികൾ ടെമ്പിൾ മൌണ്ട് എന്നുമാണ് ഈ സ്ഥലത്തെ വിശേഷിപ്പിക്കുന്നത്. യഹൂദമതത്തിലെ ഏറ്റവും വിശുദ്ധമായ സ്ഥലമായാണ് ഇവിടം കണക്കാക്കുന്നത്.


കിഴക്കൻ ജറുസലേമിന് അടുത്തുള്ള ഷെയ്ഖ് ജറാ ജില്ലയിൽ പലസ്തീനികളും ഇസ്രായേൽ പോലീസും തമ്മിൽ നടന്ന ഏറ്റുമുട്ടലിനെ തുടർന്നാണ് ഇപ്പോൾ സംഘർഷം രൂക്ഷമായിരിക്കുന്നത്. പാലസ്തീൻ കുടുംബങ്ങളെ അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്യിപ്പിക്കുകയാണ് ആക്രമണത്തിന്റെ പ്രധാന ലക്ഷ്യം. ഇസ്രായേലിന്റെ സുപ്രീം കോടതി തിങ്കളാഴ്ച കേസിൽ വാദം കേൾക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സംഘർഷങ്ങൾ കാരണം വാദം കോടതി മാറ്റിവച്ചു. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ യുഎൻ സുരക്ഷാ സമിതി തിങ്കളാഴ്ച യോഗം ചേരും.


അൽ അക്സ പള്ളിയിൽ സംഭവിച്ചത് എന്ത്?

ജറുസലേം ദിന പതാക മാർച്ചിൽ ഏറ്റുമുട്ടൽ പ്രതീക്ഷിച്ച് ആയിരക്കണക്കിന് പാലസ്തീനികൾ ഒറ്റരാത്രികൊണ്ട് കല്ലുകളും മറ്റും ഉപയോഗിച്ച് വലിയ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നതായി ഇസ്രായേൽ പോലീസ് സേന അറിയിച്ചു. തുടർന്ന് പോലീസ് പോസ്റ്റിനെ ആക്രമിക്കുകയും അടുത്തുള്ള റോഡിലേക്ക് കല്ലെറിയുകയും ചെയ്തതിനെത്തുടർന്ന് തിങ്കളാഴ്ച രാവിലെ കലാപകാരികളെ പിന്തിരിപ്പിക്കാൻ പള്ളി വളപ്പിലേക്ക് പ്രവേശിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കല്ലുകളും മറ്റ് വസ്തുക്കളും എറിഞ്ഞ പാലസ്തീനികൾക്ക് നേരെ ഒരു മണിക്കൂറിലധികം നേരം പോലീസ് സ്റ്റൺ ഗ്രനേഡുകൾ പ്രയോഗിച്ചു.


215 ലധികം പാലസ്തീനികൾക്ക് പരിക്കേറ്റതായും 80 പേരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പാലസ്തീൻ റെഡ് ക്രസന്റ് വ്യക്തമാക്കി. ഒരാൾ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഒൻപത് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും ഒരാൾക്ക് ആശുപത്രിയിൽ ചികിത്സ ആവശ്യമാണെന്നും ഇസ്രായേൽ പോലീസ് സേന അറിയിച്ചു. വടക്കൻ ഇസ്രായേലി നഗരമായ ഹൈഫയിലും വെസ്റ്റ് ബാങ്ക് നഗരമായ റാമല്ലയിലും പാലസ്തീനികളും ഇസ്രായേലികളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Published by: Jayesh Krishnan
First published: May 10, 2021, 8:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories