• HOME
 • »
 • NEWS
 • »
 • world
 • »
 • JIL BIDEN TO LEAVE THE WHITE HOUSE FOR A FULL TIME JOB AR

Jil Biden വൈറ്റ് ഹൗസ് വിട്ട് മുഴുവൻ സമയ ജോലിയ്ക്ക് പോകുന്ന ആദ്യ പ്രഥമ വനിത; വീണ്ടും ക്ലാസ് മുറിയിലേക്ക്

“അധ്യാപനം ഞാൻ ചെയ്യുന്ന ജോലി മാത്രമല്ല. അതാണ് ഞാൻ, ” ജിൽ ബൈഡൻ പറയുന്നു

Jill-biden

Jill-biden

 • Share this:
  വാഷിംഗ്ടൺ: അമേരിക്കൻ പ്രഥമ വനിത ജിൽ ബൈഡൻ ക്ലാസ് മുറിയിലേക്ക് മടങ്ങി. കോവിഡിനെ തുടർന്നുള്ള ഓൺലൈൻ ക്ലാസുകൾക്ക് ശേഷം കമ്മ്യൂണിറ്റി കോളേജ് വിദ്യാർത്ഥികളുടെ സ്വന്തം അധ്യാപിക ജിൽ ബൈഡൻ കോളേജിലെത്തി. 2009 മുതൽ നോർത്തേൺ വിർജീനിയ കമ്മ്യൂണിറ്റി കോളേജിലെ അധ്യാപികയായിരുന്ന നിലവിലെ പ്രഥമ വനിത ചൊവ്വാഴ്ച നേരിട്ട് കോളേജിലെത്തി ക്ലാസുകൾ പുനരാരംഭിച്ചു. വൈറ്റ് ഹൗസ് വിട്ട് മുഴുവൻ സമയ ജോലി ചെയ്യുന്ന ആദ്യ പ്രഥമ വനിതയാണ് ജിൽ ബൈഡൻ.

  "ചില കാര്യങ്ങൾ നമുക്ക് പകരം വയ്ക്കാൻ കഴിയില്ല. ക്ലാസ് മുറിയിലേയ്ക്ക് തിരിച്ചെത്താൻ എനിക്ക് കാത്തിരിക്കാനാവുന്നില്ലെന്ന്" ജിൽ ബൈഡൻ അടുത്തിടെ ഗുഡ് ഹൗസ് കീപ്പിംഗ് മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

  ബൈഡൻ ഭരണകൂടത്തെ വെല്ലുവിളിച്ച കോവിഡ് മഹാമാരിയെ തുടർന്ന് ഒരു വർഷത്തിലധികമായി വെർച്വൽ ക്ലാസുകൾ എടുക്കുന്ന പ്രഥമവനിത തന്റെ വിദ്യാർത്ഥികളെ നേരിൽ കാണാൻ കാത്തിരിക്കുകയായിരുന്നു.

  ഒരു പ്രഥമ വനിത ജോലിയ്ക്ക് പോകുക എന്നത് ഒരു വലിയ കാര്യമാണ്. ബോസ്റ്റൺ യൂണിവേഴ്സിറ്റി കമ്മ്യൂണിക്കേഷൻ പ്രൊഫസർ ടമ്മി വിജിൽ പറഞ്ഞു. പ്രഥമ വനിതകളായ മിഷേൽ ഒബാമയെക്കുറിച്ചും മെലാനിയ ട്രംപിനെക്കുറിച്ചും പുസ്തകങ്ങൾ എഴുതിയ വ്യക്തിയാണ് ഇദ്ദേഹം.

  രാജ്യത്തെ ആദ്യകാല പ്രഥമ വനിതകൾ വീടിന് പുറത്ത് ജോലിയ്ക്ക് പോയിരുന്നില്ല. പ്രത്യേകിച്ചും വൈറ്റ് ഹൗസിൽ താമസിക്കുമ്പോൾ. അവർ അവരുടെ ഭർത്താക്കന്മാരെ പിന്തുണയ്ക്കുകയും കുട്ടികളെ വളർത്തുകയും പ്രഥമ വനിതയുടെ പങ്ക് നിർവഹിക്കുകയുമാണ് ചെയ്തിരുന്നത്.

  ചില പ്രഥമ വനിതകൾ അവരുടെ ഭർത്താവിന്റെ പ്രത്യേക അംബാസഡർമാരായി പ്രവർത്തിച്ചിരുന്നു. എലനോർ റൂസ്വെൽറ്റ് ഇത്തരത്തിൽ സജീവമായിരുന്നു. അമേരിക്കയിൽ ചുറ്റി സഞ്ചരിച്ച് ഇവർ പാവപ്പെട്ടവർക്കും ന്യൂനപക്ഷങ്ങൾക്കും മറ്റ് പിന്നാക്കക്കാർക്കും വേണ്ടി വാദിക്കുകയും
  പ്രവർത്തിക്കുകയും ചെയ്തിരുന്നു.

  പ്രൈമറി സ്കൂൾ അധ്യാപികയും ലൈബ്രേറിയനുമായിരുന്ന ലോറ ബുഷിനെപ്പോലുള്ള പ്രഥമ വനിതകൾ, കുട്ടികളുണ്ടായ ശേഷം വീടിന് പുറത്തുള്ള ജോലി നിർത്തി. ഭർത്താക്കന്മാർ പ്രസിഡന്റായപ്പോൾ പലരും ജോലി ചെയ്തിരുന്നില്ല. ഹിലരി ക്ലിന്റണും മിഷേൽ ഒബാമയും ജോലി ചെയ്തിരുന്ന അമ്മമാരായിരുന്നു. എന്നാൽ വൈറ്റ് ഹൗസിൽ എത്തിയതോടെ അവർ കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചു.

  എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തയായ 70 കാരിയായ പ്രഥമ വനിതയാണ് ജിൽ ബൈഡൻ. തനിക്കും തന്റെ പിൻഗാമികൾക്കും ഒരു പുതിയ പാതയാണ് ജിൽ സൃഷ്ടിച്ചിരിക്കുന്നത്.

  ഒരു ജോലിയുള്ള സ്ത്രീയായിരിക്കാനാണ് എപ്പോഴും ആഗ്രഹിക്കുന്നതെന്ന് പ്രഥമ വനിത വ്യക്തമാക്കിയിട്ടുണ്ട്. എട്ട് വർഷമായി വിർജീനിയ കമ്മ്യൂണിറ്റി കോളേജിൽ അധ്യാപികയാണ് ജിൽ ബൈഡൻ. ഭർത്താവ് വൈസ് പ്രസിഡന്റായിരുന്നപ്പോഴും കരിയർ ഉപേക്ഷിക്കാൻ ജിൽ തയ്യാറായിരുന്നില്ല.

  “അധ്യാപനം ഞാൻ ചെയ്യുന്ന ജോലി മാത്രമല്ല. അതാണ് ഞാൻ, ” ജിൽ ബൈഡൻ പറയുന്നു.

  2019ലെ കണക്ക് അനുസരിച്ച് യുഎസ് തൊഴിൽ വിഭാഗത്തിന്റെ പകുതിയോളം അല്ലെങ്കിൽ 47%സ്ത്രീകളാണ്.

  ഓൺലൈനിൽ എങ്ങനെ പഠിപ്പിക്കാമെന്ന് ഭാര്യയെ നിരീക്ഷിച്ചതിലൂടെ മനസ്സിലായെന്നും അധ്യാപകരുടെ ബുദ്ധിമുട്ട് മനസ്സിലാക്കാനായെന്നും നാഷണൽ എഡ്യൂക്കേഷൻ അസോസിയേഷന്റെ വാർഷിക യോഗത്തിൽ പങ്കെടുത്ത അധ്യാപകരോട് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു.

  1976ൽ ബൈഡനും ജില്ലും കണ്ടുമുട്ടി ഒരു വർഷത്തിനുശേഷം ഒരു റോമൻ കത്തോലിക്കാ ഹൈസ്കൂളിൽ ജിൽ ബൈഡൻ ഇംഗ്ലീഷ് അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് ഒരു മനോരോഗ ആശുപത്രിയിലും ഡെലവെയർ ടെക്നിക്കൽ കമ്മ്യൂണിറ്റി കോളേജിലും പഠിപ്പിച്ചു. ആ വർഷങ്ങളിൽ ജിൽ രണ്ട് ബിരുദാനന്തര ബിരുദങ്ങളും എഡ്യൂക്കേഷൻ ലീഡർഷിപ്പിൽ ഡോക്ടറേറ്റും നേടി.

  2009ൽ ജോ ബിഡൻ വൈസ് പ്രസിഡന്റായ ശേഷം, നോർത്തേൺ വിർജീനിയ കമ്മ്യൂണിറ്റി കോളേജിൽ അധ്യാപികയായി. ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മാത്രമായിരുന്നു ജിൽ ബൈഡൻ തന്റെ അധ്യാപക ജീവിതത്തിന് ഇടവേള നൽകിയത്. എന്നാൽ പ്രസിഡന്റിനൊപ്പമുള്ള യാത്രകളിലും വൈറ്റ് ഹൗസ് ഈസ്റ്റ് വിംഗിലെ ഓഫീസിൽ നിന്നും ഹോട്ടൽ റൂമുകളിൽ നിന്നുമെല്ലാം പ്രഥമ വനിത വെർച്വൽ അധ്യാപനം തുടർന്നു. ഫ്ലൈറ്റുകളിലിരുന്ന് വിദ്യാർത്ഥികളുടെ പരീക്ഷ പേപ്പറുകൾ നോക്കുകയും ചെയ്യാറുണ്ട്.

  ക്ലാസ്റൂമിൽ തന്റെ രാഷ്ട്രീയ പദവി പുറത്തു കാണിക്കാൻ ജിൽ ബൈഡന് തീരെ താത്പര്യമില്ല. വിർജീനിയയിലെ തന്റെ മുൻ വിദ്യാർത്ഥികളിൽ പലർക്കും വൈസ് പ്രസിഡന്റിന്റെ ഭാര്യയാണ് ജിൽ എന്ന് അറിയില്ലായിരുന്നു. എന്നാൽ രഹസ്യ ഏജന്റുമാർ സുരക്ഷയ്ക്കായി ജില്ലിനെ അനുഗമിച്ചിരുന്നു.

  ദേശീയ, പ്രാദേശിക വാർത്താ മാധ്യമങ്ങളിൽ ഇടം നേടുന്നതിനായി പ്രഥമ വനിതകൾ പ്രസിഡന്റിനൊപ്പമോ അല്ലാതെയോ നിരവധി പൊതു പരിപാടികളിൽ പങ്കെടുക്കാറുണ്ട്. എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തയാണ് ജിൽ. വോഗ് മാസികയുടെ ആഗസ്റ്റ് ലക്കം കവർ പേജിൽ പ്രഥമ വനിതയായ ജിൽ ബൈഡന്റ് ചിത്രമായിരുന്നു.

  ചൊവ്വാഴ്ചകളിലും വ്യാഴാഴ്ചകളിലുമാണ് ജിൽ ബൈഡൻ ക്ലാസുകൾ എടുക്കുന്നത്. ക്ലാസ് ഇല്ലാത്ത ദിവസങ്ങളിൽ യാത്രകൾ ചെയ്യും. ക്യാമ്പസിൽ എത്തുമ്പോൾ എല്ലാവരും മാസ്കുകൾ ധരിക്കേണ്ടത് നിർബന്ധമാണ്. പ്രഥമ വനിത രണ്ട് ഡോസ് പ്രതിരോധ കുത്തിവയ്പ്പും എടുത്തിട്ടുണ്ട്. വിദ്യാർഥികൾ ഡോ. ബി എന്നാണ് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപികയെ വിളിക്കുന്നത്.

  ആദ്യ ഭർത്താവ് ബിൽ സ്റ്റീവൻസണുമായി പിരിഞ്ഞു കഴിയുകയായിരുന്നു ജിൽ വിവാഹമോചന നടപടികൾ നടക്കുന്നതിനിടെയാണ് ബൈഡനെ കണ്ടുമുട്ടുന്നത്. മക്കൾക്ക് ആറും ഏഴും വയസ്സുള്ളപ്പോഴാണു ജില്ലിനെ വിവാഹം കഴിക്കുന്നതിനെപ്പറ്റി ബൈഡൻ ചിന്തിക്കുന്നത്. മക്കളാണ് അതിനെപ്പറ്റി ആദ്യം പറഞ്ഞതെന്നു ബൈഡൻ മുമ്പ് പറഞ്ഞിട്ടുണ്ട്. 1977 ജൂൺ 17ന് മക്കളെയും 40 അതിഥികളെയും സാക്ഷിയാക്കിയാണ് ബൈഡൻ ജില്ലിനെ വിവാഹം കഴിച്ചത്. 1981 ൽ ജോ–ജിൽ ദമ്പതികൾക്ക് ഒരു മകൾ പിറന്നു.
  Published by:Anuraj GR
  First published:
  )}