വാഷിങ്ടൻ: യുഎസ് പ്രസിഡന്റായി അധികാരം ഏറ്റെടുത്തതിനു പിന്നാലെ മുൻ പ്രസിഡന്റെ ഡൊണാൾഡ് ട്രംപിന്റെ വിവാദ ഉത്തരവുകൾ റദ്ദാക്കി
ജോ ബൈഡൻ. പാരീസ് ഉടമ്പടിയിൽ വീണ്ടും ചേരുന്നത് ഉൾപ്പെടെ ട്രംപിന്റെ നയങ്ങൾ തിരുത്തുന്ന 15 എക്സിക്യുട്ടീവ് ഉത്തരവുകളിലാണ് ബൈഡൻ ഒപ്പുവെക്കുന്നത്.
ലോകാരോഗ്യ സംഘടനയിൽ നിന്ന് പുറത്ത് പോകാനുള്ള ട്രംപിന്റെ തീരുമാനവും ബൈഡൻ തിരുത്തി. ഏഴോളം മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയിരുന്ന സന്ദർശനവിലക്ക് റദ്ദാക്കുകയും മെക്സിക്കൻ അതിർത്തിയിലെ മതിൽ നിർമ്മാണം നിർത്തിവയ്ക്കാൻ ഉത്തരവിറക്കുകയും ചെയ്തു.
ലോകാരോഗ്യ സംഘടനയിലേക്കുള്ള യുഎസ് പ്രതിനിധി സംഘത്തിന്റെ അധ്യക്ഷനായി ഡോ. ആന്തണി ഫൗച്ചിയെയും തീരുമാനിച്ചു. രാജ്യത്ത് മാസ്ക് നിർബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്നതെന്നു വിലയിരുത്തപ്പെടുന്ന കീസ്റ്റോൺ എക്സ്എൽ പൈപ്പ്‌ലൈൻ പദ്ധതിയും റദ്ദാക്കി.
Also Read
'ഇത് ജനാധിപത്യത്തിന്‍റെ ദിനം'; അമേരിക്കൻ പ്രസിഡന്‍റായി ചുമതലയേറ്റ ശേഷം ജോ ബൈഡൻവംശീയാടിസ്ഥാനത്തിൽ സമത്വം ഉറപ്പാക്കുക, തൊഴിലിടത്ത് ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം ഒഴിവാക്കുക, കോൺഗ്രസിലെ പ്രതിനിധി എണ്ണം പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സെൻസസിൽ പൗരത്വമില്ലാത്തവരെയും ഉൾപ്പെടുത്തുക എന്നിവയുമായി ബന്ധപ്പെട്ട നടപടികളും ബൈഡന്റെ ഒന്നാം ദിനത്തിന്റെ ഭാഗമായി.
അനധികൃത കുടിയേറ്റക്കാർക്ക് എട്ടുവർഷത്തിനുള്ളിൽ പൗരത്വം ലഭിക്കാൻ സാവകാശം നൽകുന്നതാണ് ബിൽ. തൊഴിലുമായി ബന്ധപ്പെട്ട ഗ്രീൻ കാർഡുകളിലെ നിയന്ത്രണങ്ങൾ ഒഴിവാക്കുന്ന വ്യവസ്ഥകളും ബില്ലിൽ ഉൾപ്പെടും. പതിനായിരക്കണക്കിന് ഇന്ത്യൻ ഐ.ടി. ജീവനക്കാർക്ക് ബിൽ സഹായകമാകും.
അധികാരത്തിലേറി ബൈഡൻ ഫോൺ ബന്ധപ്പെട്ട ആദ്യ വിദേശ നേതാവ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ നാലുവർഷത്തെ ഭരണത്തിനു അന്ത്യംകുറിച്ചാണ് ജോ ബൈഡൻ അമേരിക്കയുടെ 46-ാമത്തെ പ്രസിഡന്റായി ബുധനാഴ്ച ചുമതലയേറ്റത് 49-ാമത് വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജ കമല ഹാരിസ് സത്യപ്രതിജ്ഞ ചെയ്തു. ട്രംപ് അനുകൂല തീവ്രവാദികളുടെ സംഘം രണ്ടാഴ്ച മുമ്പ് ആക്രമിച്ച കാപ്പിറ്റലിൽ സുരക്ഷാ ആശങ്കകൾക്കിടയിലാണ് ചടങ്ങ് നടന്നത്. വെസ്റ്റ് ഫ്രണ്ട് ഓഫ് കാപ്പിറ്റലിൽ അമേരിക്കൻ സമയം 12 മണി ആയതിന് തൊട്ടുപിന്നാലെ ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് 78 കാരനായ ബൈഡന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തലസ്ഥാനത്തെ ഒരു ഗാരിസൺ നഗരമാക്കി മാറ്റിയ 25,000 ത്തിലധികം ദേശീയ ഗാർഡുകളുടെ അഭൂതപൂർവമായ സുരക്ഷാ കുടക്കീഴിലാണ് ചരിത്രപരമായ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. 127 വർഷം പഴക്കമുള്ള ഫാമിലി ബൈബിളിലാണ് ബൈഡൻ സത്യപ്രതിജ്ഞ ചെയ്തത്. ഇത് ജനാധിപത്യത്തിന്‍റെ ദിനമാണെന്ന് സ്ഥാനമേറ്റ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിൽ ജോ ബൈഡൻ പറഞ്ഞു.
ബൈഡന്‍റെ സത്യപ്രതിജ്ഞയ്ക്ക് മൂന്ന് മുന്‍ പ്രസിഡണ്ടുമാര്‍ സാക്ഷികളായി. അമേരിക്കയുടെ മുന്‍ പ്രസിഡണ്ടുമാരായ ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ഡബ്ല്യൂ ബുഷ്, ബരാക്ക് ഒബാമ എന്നിവരാണ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തത്. അതേസമയം ഡൊണാള്‍ഡ് ട്രംപ് ചടങ്ങില്‍ പങ്കെടുത്തില്ല. മുന്‍ പ്രസിഡണ്ട് ജിമ്മി കാര്‍ട്ടറും പരിപാടിക്കെത്തിയില്ല. അമേരിക്കയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ പ്രസിഡണ്ടാണ് ജിമ്മി കാര്‍ട്ടര്‍. അനാരോഗ്യം മൂലമാണ് അദ്ദേഹം ചടങ്ങിനെത്താത്തത്. ഡൊണാള്‍ഡ് ട്രംപിന്റെ അസാന്നിധ്യത്തില്‍ വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സ് സത്യപ്രജ്ഞയ്ക്ക് എത്തി. സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി വൈറ്റ് ഹൗസില്‍ നിന്നിറങ്ങിയ ട്രംപിനെ കാണാന്‍ മൈക്ക് പെന്‍സ് എത്തിയിരുന്നില്ല. ഫ്‌ളോറിഡയിലേക്കാണ് ഡൊണാള്‍ഡ് ട്രംപ് പോയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.