ന്യൂയോര്‍ക്ക്: അധികാരത്തിലെത്തിയ നാള് മുതല്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന ദമ്പതികളാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും അദ്ദേഹത്തിന്റെ ഭാര്യയും ജില് ബൈഡനും. തങ്ങളുടെ പ്രണയത്തെപ്പറ്റി ഈയടുത്തിടെ ഒരു അഭിമുഖത്തില്‍ ജോ ബൈഡന് തുറന്നുപറഞ്ഞിരുന്നു. അഞ്ച് തവണ താന്‍ ജില്ലിന് മുന്നില്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയെന്നാണ് ബൈഡന് പറഞ്ഞത്. അഞ്ച് തവണയും തന്റെ പ്രണയാഭ്യര്‍ത്ഥന ജില് നിഷേധിച്ചുവെന്നും ബൈഡന് പറഞ്ഞു.
ഹോളിവുഡ് നടി ഡ്രൂ ബാരിമോറുമായി നടത്തിയ അഭിമുഖത്തിനിടെയായിരുന്നു ബൈഡന്റെ തുറന്നുപറച്ചില്‍. ജില്ലിനോട് ആദ്യമായി സംസാരിച്ചപ്പോള്‍ തന്നെ ഇതായിരിക്കും എന്റെ ജീവിതപങ്കാളിയെന്ന് തനിക്ക് തോന്നിയിരുന്നുവെന്ന് ബൈഡന് പറഞ്ഞു. ആദ്യ കാഴ്ചയിലെ പ്രണയത്തില്‍ വിശ്വസിക്കുന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. രണ്ട് തവണയാണ് തനിക്ക് പ്രണയം എന്ന വികാരം അതിതീവ്രമായി തോന്നിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില് ബൈഡനുമായുള്ള ബന്ധത്തെ മുന്നോട്ടുകൊണ്ടുപോകണമെന്ന് തന്നോട് പറഞ്ഞത് ആദ്യ വിവാഹത്തിലെ തന്റെ മക്കളായ ബ്യൂയും ഹണ്ടറുമാണെന്നും ബൈഡന് പറഞ്ഞു.
‘എനിക്ക് ഉറപ്പായിരുന്നു ജില്ലുമായുള്ള വിവാഹം എല്ലാത്തിനും ഒരു പരിഹാരമാകും എന്ന്. കാരണം എന്റെ മക്കള്‍ക്ക് അവരുടെ അമ്മയെയും സഹോദരിയേയും ഒരുമിച്ചാണ് നഷ്ടപ്പെട്ടത്. ഒരുപാട് നഷ്ടങ്ങളാണ് അവര്‍ക്കുണ്ടായത്. അതുകൊണ്ട് തന്നെ ഈ വിവാഹത്തിലൂടെ അവര്‍ക്ക് ഒരു ആശ്വാസമുണ്ടാകും എന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു’, ബൈഡന് പറഞ്ഞു.
നെയിലിയ ഹണ്ടര്‍ ബൈഡന് ആയിരുന്നു ജോ ബൈഡന്റെ ആദ്യ ഭാര്യ. 1972ല്‍ നടന്ന ഒരു കാറപകടത്തിലാണ് അവര്‍ മരിച്ചത്. ബൈഡന്റെ മകള്‍ നവോമിയും ആ അപകടത്തില്‍ മരിച്ചിരുന്നു. 1977ലാണ് ബൈഡന് ജില് ബൈഡനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ബൈഡന് ആഷ്ലി ബൈഡന് എന്ന ഒരു മകളുമുണ്ട്. 2021 ജനുവരിയിലാണ് ബൈഡന് അമേരിക്കയുടെ പ്രസിഡന്റായി അധികാരത്തിലെത്തിയത്.
രാജ്യത്തിന്റെ പ്രഥമ വനിത പദവിയിലിരിക്കുമ്പോഴും അധ്യാപനം എന്ന തന്റെ കരിയര്‍ മുന്നോട്ടുകൊണ്ടുപോകുന്ന വ്യക്തിയാണ് ജില് ബൈഡന്.
Also Read- ‘റഷ്യൻ അധിനിവേശം തടയാനുള്ള ശ്രമങ്ങളില്‍ ഇന്ത്യയ്ക്ക് നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ കഴിയും’; നരേന്ദ്രമോദിയോട് യുക്രൈയ്ന് പ്രസിഡന്റ്
രാജ്യത്തെ ആദ്യകാല പ്രഥമ വനിതകള്‍ വീടിന് പുറത്ത് ജോലിയ്ക്ക് പോയിരുന്നില്ല. പ്രത്യേകിച്ചും വൈറ്റ് ഹൗസില്‍ താമസിക്കുമ്പോള്‍. അവര്‍ അവരുടെ ഭര്ത്താക്കന്മാരെ പിന്തുണയ്ക്കുകയും കുട്ടികളെ വളര്‍ത്തുകയും പ്രഥമ വനിതയുടെ പങ്ക് നിര്‍വഹിക്കുകയുമാണ് ചെയ്തിരുന്നത്.
ചില പ്രഥമ വനിതകള്‍ അവരുടെ ഭര്‍ത്താവിന്റെ പ്രത്യേക അംബാസഡര്‍മാരായി പ്രവര്‍ത്തിച്ചിരുന്നു. എലനോര്‍ റൂസ്വെല്‍റ്റ് ഇത്തരത്തില്‍ സജീവമായിരുന്നു. പ്രൈമറി സ്കൂള്‍ അധ്യാപികയും ലൈബ്രേറിയനുമായിരുന്ന ലോറ ബുഷിനെപ്പോലുള്ള പ്രഥമ വനിതകള്‍, കുട്ടികളുണ്ടായ ശേഷം വീടിന് പുറത്തുള്ള ജോലി നിര്‍ത്തി. ഭര്ത്താക്കന്മാര് പ്രസിഡന്റായപ്പോള്‍ പലരും ജോലി ചെയ്തിരുന്നില്ല. ഹിലരി ക്ലിന്റണും മിഷേല്‍ ഒബാമയും ജോലി ചെയ്തിരുന്ന അമ്മമാരായിരുന്നു. എന്നാല്‍ വൈറ്റ് ഹൗസില്‍ എത്തിയതോടെ അവര്‍ കരിയര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.
എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തയായ 70 കാരിയായ പ്രഥമ വനിതയാണ് ജില് ബൈഡന്. തനിക്കും തന്റെ പിന്ഗാമികള്ക്കും ഒരു പുതിയ പാതയാണ് ജില് സൃഷ്ടിച്ചിരിക്കുന്നത്.
ഒരു ജോലിയുള്ള സ്ത്രീയായിരിക്കാനാണ് എപ്പോഴും ആഗ്രഹിക്കുന്നതെന്ന് പ്രഥമ വനിത വ്യക്തമാക്കിയിട്ടുണ്ട്. എട്ട് വര്‍ഷമായി വിര്‍ജീനിയ കമ്മ്യൂണിറ്റി കോളേജില്‍ അധ്യാപികയാണ് ജില് ബൈഡന്. ഭര്‍ത്താവ് വൈസ് പ്രസിഡന്റായിരുന്നപ്പോഴും കരിയര്‍ ഉപേക്ഷിക്കാന്‍ ജില് തയ്യാറായിരുന്നില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.