തുർക്കിയിൽ ഭൂകമ്പം ഉണ്ടായി മൂന്ന് ദിവസത്തിന് ശേഷമാണ് ആറ് വയസ്സുകാരിയായ നൗറീനെ ഗാസിയാൻടെപ് നഗരത്തിലെ ഒരു വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തത്. 80 മണിക്കൂർ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കിടന്ന് പെൺകുട്ടിയെ രക്ഷപ്പെടുത്തിയ ടീമിൽ ജൂലി എന്ന നായയും ഉണ്ടായിരുന്നു. എൻഡിആർഎഫ് ഡോഗ് സ്ക്വാഡിലെആറ് വയസ്സുളള നായയാണ് ജൂലി.
ലാബ്രഡോർ ഇനത്തിൽപെട്ട ജൂലി എന്ന നായ ബഹുനില കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് നൗറീനെ കണ്ടെത്തിയത്. മണ്ണിനടിയിലെ മനുഷ്യന്റെ സാന്നിധ്യത്തെക്കുറിച്ച് അവൾ തന്റെ പരിശീലകനായ കോൺസ്റ്റബിൾ കുന്ദൻ കുമാറിനെ അറിയിച്ചു. തുടർന്ന് റെസ്‌ക്യൂ ടീമിന്റെ ഭാഗമായ മറ്റൊരു നായയായ റോമിയോയെ കൊണ്ടുവന്നു. അവനും മനുഷ്യ സാന്നിധ്യം സൂചിപ്പിച്ചതിനെ തുടർന്നാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്.
നൗറീന്റെ കുടുംബത്തിലെ മൂന്ന് മുതിർന്നവരെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ നൗറീൻ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ‘മൃതദേഹങ്ങൾ പുറത്തെടുക്കുന്നതിനിടെ ഈ പെൺകുട്ടി കണ്ണുതുറന്നു. 80 മണിക്കൂറിന് ശേഷമാണ് അവളെ ജീവനോടെ കണ്ടെത്തിയത്,’ എൻഡിആർഎഫ് ഡിജി അതുൽ കർവാൾ സിഎൻഎൻ-ന്യൂസ് 18-നോട് പറഞ്ഞു.
‘ഒരു സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള ഒരു സബ് ടീമായിരുന്നു അത്. തകർന്നുവീണ കെട്ടിടത്തിലായിരുന്നു ഇവർ. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് അവശിഷ്ടങ്ങളുടെ മുകൾ പാളി എടുത്തു മാറ്റുകയായിരുന്നു. താഴേക്ക് കൂടുതൽ അവശിഷ്ടങ്ങൾ മാറ്റിയതോടെ രക്ഷാപ്രവർത്തകർ ഇതിലേക്ക് ഇറങ്ങുകയായിരുന്നു ‘കർവാൾ പറഞ്ഞു.
ഡോഗ് സ്‌ക്വാഡ്
‘റോമിയോ, ജൂലി എന്നീ രണ്ട് നായ്ക്കൾ രക്ഷാപ്രവർത്തനത്തിൽ വലിയ പങ്കു വഹിച്ചു. ജൂലി ഞങ്ങളെ കെട്ടിടാവശിഷ്ടത്തിന്റെ അടിയിലുണ്ടായിരുന്ന കുട്ടിയുടെ അടുത്തേക്ക് നയിച്ചു. അവൾ ഞങ്ങൾക്ക് ഹീറോയാണ്, ”എൻഡിആർഎഫ് ഡയറക്ടർ ജനറൽ പറഞ്ഞു. ഉയർന്ന നിലവാരമുള്ള ഉപകരണങ്ങൾ ഉണ്ടെങ്കിലും നായ്ക്കളുടെ സ്‌ക്വാഡ് ഒരു അനുഗ്രഹമാണെന്ന് കർവാൾ പറഞ്ഞു.
റോമിയോ, ജൂലി, റാംബോ, ഹണി, ബോബ്, റോക്‌സി എന്നീ ആറ് നായ്ക്കൾ തുർക്കിയിലെ എൻഡിആർഎഫ് റെസ്‌ക്യൂ ടീമിന്റെ ഭാഗമായുണ്ട്.
വെല്ലുവിളികൾ
ഹൈപ്പോതെർമിയയും നിർജ്ജലീകരണവും രക്ഷാപ്രവർത്തകർക്ക് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. ഇതുമൂലം രണ്ട് രക്ഷാപ്രവർത്തകർ ബോധം കെട്ട് വീണതായി സിഎൻഎൻ-ന്യൂസ് ടീം വ്യക്തമാക്കി. ഇവിടെ പകൽ സമയത്തെ താപനില -5 ഡിഗ്രിയാണ്.
Also readTurkey-Syria Earthquake | മരണം 11200 കടന്നു; രക്ഷാപ്രവർത്തനത്തിലെ പാളിച്ച സമ്മതിച്ച് എർദോഗൻ
കെട്ടിടങ്ങൾ സുരക്ഷിതമല്ലാത്തതിനാൽ എൻഡിആർഎഫ് ടീമുകൾ ടെന്റുകളിലാണ് താമസിക്കുന്നത്. ഭൂകമ്പത്തിൽ കെട്ടിടം കുലുങ്ങുമ്പോൾ അലാറം മുഴക്കുന്ന ഡബ്ല്യൂഎഎസ്പി (WASP ) പോലെയുള്ള ഹൈ എൻഡ് സാങ്കേതികവിദ്യയും രക്ഷാപ്രവർത്തകർ ഉപയോഗിക്കുന്നുണ്ട്.
ഭൂകമ്പമുണ്ടായ തുർക്കി, സിറിയ രാജ്യങ്ങൾക്ക് ദുരിതാശ്വാസ സഹായവുമായി കേരളസർക്കാർ 10 കോടി രൂപ അനുവദിച്ചിരുന്നു. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് നൽകുന്ന മറുപടിയിലായിരുന്നു ധനമന്ത്രി കെഎൻ ബാലഗോപാൽ ഇക്കാര്യം അറിയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.