ടെഹ്റാന്: സർക്കാർ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് തൂക്കിലേറ്റപ്പെട്ട മജിദ്റെസ റഹ്നാവാദിന്റെ അന്ത്യാഭിലാഷമായി പറഞ്ഞകാര്യങ്ങൾ ഉൾപ്പെടുന്ന വീഡിയോ പുറത്ത്. തൂക്കിലേറ്റുന്നതിന് തൊട്ടുമുമ്പ് ചിത്രീകരിച്ച വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.
മഷ്ഹാദ് നഗരത്തില്‍ തിങ്കളാഴ്ചയാണ് റഹ്നാവാദിനെ തൂക്കിലേറ്റിയത്. മുഖംമൂടി ധരിച്ച രണ്ട് കാവല്‍ക്കാര്‍ക്കൊപ്പം കണ്ണ് കെട്ടിയാണ് വീഡിയോയില്‍ റഹ്നാവാദ് സംസാരിക്കുന്നത്. ആരും തന്റെ മരണത്തില്‍ വിലപിക്കരുതെന്ന് റഹ്നാവാദ് വീഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്. തന്റെ ശവകുടീരത്തിന് മുന്നിൽ ഖുറാൻ വായിക്കുയോ പ്രാർത്ഥിക്കുകയോ ചെയ്യരുതെന്നു റഹ്നാവാദ് ആവശ്യപ്പെടുന്നുണ്ട്.
എന്റെ മരണത്തില്‍ ആരും വിലപിക്കരുത്. ശവകുടീരത്തിന് മുന്നില്‍ ഖുറാന് വായിക്കുകയോ പ്രാര്‍ഥിക്കുകയോ ചെയ്യരുത്. ആഘോഷം മതി. ആഘോഷ ഗീതങ്ങളും മുഴങ്ങണം’ വീഡിയോയില്‍ പറയുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ രണ്ട് സുരക്ഷാ ഭടന്മാരെ കുത്തിക്കൊല്ലുകയും നാല് പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തെന്ന കുറ്റം ചുമത്തിയാണ് റഹ്നാവാദിനെ തൂക്കിലേറ്റിയത്.
ശരിയായ രീതിയില്‍ ശിരോവസ്ത്രം ധരിച്ചില്ലെന്ന കാരണംപറഞ്ഞ് മതപോലീസ് കസ്റ്റഡിയിലെടുത്ത കുര്‍ദ് വംശജയായ മഹ്സ അമിനി എന്ന യുവതി സെപ്റ്റംബര്‍ 16-ന് മരിച്ചതിന് പിന്നാലെയാണ് ഇറാനിൽ പ്രതിഷേധം ആരംഭിച്ചത്. പ്രക്ഷോഭത്തിൽ 475 പേർ കൊല്ലപ്പെട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.