• HOME
 • »
 • NEWS
 • »
 • world
 • »
 • KIDNEY OR LIVER CAN BE DONATED TO HELP ESCAPE FROM AFGHANISTAN SAYS 25 YEAR OLD WOMAN

'അഫ്ഗാനിൽനിന്ന് രക്ഷപ്പെടാൻ സഹായിച്ചാൽ വൃക്കയോ കരളോ നൽകാം': ഇന്ത്യയിലെത്താൻ സഹായം തേടി 25കാരി

'അവരുടെ കൈകളിൽ കിട്ടിയാൽ എന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുമെന്ന് ഉറപ്പാണ്'- യുവതി പറഞ്ഞു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  കാബൂൾ: 'അഫ്ഗാനിസ്ഥാനിൽ നിന്ന് എന്നെ രക്ഷിക്കുന്ന ആർക്കും പണം നൽകാൻ എന്റെ കരൾ, വൃക്ക അല്ലെങ്കിൽ മറ്റേതെങ്കിലും ശരീരഭാഗം വിൽക്കാൻ തയ്യാറാണ്', കാബൂൾ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള തന്റെ സുഹൃത്തിന്റെ ബന്ധുവീട്ടിൽ ഒളിച്ചിരിക്കുന്ന 25-കാരിയായ ഒരു വനിതാ സാമൂഹിക പ്രവർത്തകയുടെ വാക്കുകളാണിത്. ഔട്ട്ലുക്കിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. ഫോണിലൂടെ അവർ കരയുകയായിരുന്നു, 'സർ, ഞാൻ ഒരു ലൈംഗിക അടിമയാകും, നിങ്ങൾ എന്നോട് ആവശ്യപ്പെടുന്നതെന്തും ചെയ്യാം, പക്ഷേ ദയവായി എന്നെ ഇവിടെ നിന്ന് പുറത്തെത്തിക്കുക. ഏത് അടിമത്തവും താലിബാനി തീവ്രവാദികളുടെ കൈകളിലെത്തുന്നതിനേക്കാൾ മികച്ചതായിരിക്കും'- അവർ പറഞ്ഞു.

  'എനിക്ക് ഇന്ത്യയിൽ ഒരു സുഹൃത്ത് ഉള്ളതിനാൽ അവിടേക്ക് ഒരു വിസ ലഭിക്കാൻ എന്നെ സഹായിക്കാമോ? എനിക്ക് സാധുവായ വിസ ഉണ്ടെങ്കിൽ ഇറാൻ വഴിയോ പാകിസ്താൻ വഴിയോ ഇന്ത്യയിലേക്ക് വരാം. എനിക്ക് ലോകത്തെവിടെയും മറ്റൊരു സുഹൃത്തും ഇല്ല. '- അവർ പറഞ്ഞു. ടെലിവിഷൻ ചാനലുകളിലും പത്രങ്ങളിലും താലിബാനും അവരുടെ സ്ത്രീവിരുദ്ധ അജണ്ടയ്ക്കുമെതിരെ ശക്തമായി പ്രതികരിച്ചിട്ടുള്ള സാമൂഹിക പ്രവർത്തകയാണ് ഇപ്പോൾ ഇന്ത്യയിലേക്ക് വരാൻ സഹായം തേടിയിരിക്കുന്നത്. ഓഗസ്റ്റ് 15 ന് മുമ്പ്, താലിബാൻ തീവ്രവാദികൾ കാബൂൾ നഗരത്തിന്റെ പുറം ഭാഗത്തേക്ക് പ്രവേശിച്ച ദിവസം, അവർ മുഴുവൻ നഗരവും ഇത്ര പെട്ടെന്ന് പിടിച്ചെടുക്കുമെന്ന് താൻ പ്രതീക്ഷിച്ചില്ലെന്നും അവർ പറഞ്ഞു.

  താലിബാൻ ആധിപത്യം പൂർണമാകുന്നതിന് മുമ്പ് രാജ്യം വിടാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് യുവതി പറയുന്നു. വിമാനത്താവളത്തിലേക്ക് പോയെങ്കിലും വിമാനം ലഭിക്കാതിരുന്നത് തിരിച്ചടിയായി. ഇതേത്തുടർന്ന് വീട്ടിലേക്ക് മടങ്ങേണ്ടിവന്നു. സുഹൃത്തുക്കളുടെ സഹായത്തോടെ ഒരു ഒളിത്താവളം കണ്ടെത്തി, പക്ഷേ അഫ്ഗാനിസ്ഥാനോടും യുഎസ് സർക്കാരിനോടും അനുഭാവം പുലർത്തുന്ന ആളുകൾക്കായി താലിബാൻ വീടുകൾ കയറിയുള്ള പരിശോധന ആരംഭിച്ചതിനാൽ യുവതി പരിഭ്രാന്തിയിലാണ്.

  'അവർ ഏതു നിമിഷവും ഇവിടെ വരാം. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, അവർ എന്റെ വീട്ടിന് അടുത്തുള്ള രണ്ട് തെരുവുകളിൽ വ്യാപക പരിശോധന നടത്തിയിരുന്നു. ചില സൈനിക ഉദ്യോഗസ്ഥർ അവിടെ ഒളിച്ചിരിക്കുകയാണെന്ന് അവർ സംശയിച്ചു. പക്ഷേ അവർക്ക് ഒന്നും കിട്ടിയില്ല. അന്ന് ഞാൻ ശരിക്കും പേടിച്ചുപോയി',- അവർ പറഞ്ഞു.

  Also Read- താലിബാനെ പിന്തുണച്ച് സോഷ്യൽമീഡിയ പോസ്റ്റിട്ട 14 പേർ അറസ്റ്റിൽ

  'താലിബാനെതിരെയും അവർ സ്ത്രീകളോട് പെരുമാറുന്നതിനെക്കുറിച്ചും ഞാൻ എപ്പോഴും രൂക്ഷമായി സംസാരിച്ചിട്ടുണ്ട്. എന്റെ കാഴ്ചപ്പാടുകൾ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചു. അവർ എന്നെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ, അവരിൽ ചിലർക്ക് എന്നെ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുമെന്ന് ഉറപ്പുണ്ട്, 'അവർ പറഞ്ഞു.

  'അവർ എന്നെ വെടിവെച്ചാൽ ഒരു പ്രശ്നവുമില്ല. മരിക്കാൻ തയ്യാറാണ്, പക്ഷേ അവർ അത് ചെയ്യില്ല. അവരുടെ കൈകളിൽ കിട്ടിയാൽ എന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുമെന്ന് ഉറപ്പാണ്'- യുവതി പറഞ്ഞു.

  ജനിച്ച് ആറു വർഷം കഴിഞ്ഞപ്പോൾ മാതാപിതാക്കൾ നഷ്ടമായ ഇവരെയും സഹോദരിയെയും ബന്ധുക്കളാണ് വളർത്തിയത്. ഏതാനും വർഷങ്ങൾക്കുമുമ്പ്, യുവതിയുടെ സഹോദരി കാബൂൾ നഗരത്തിൽ നിന്ന് അപ്രത്യക്ഷയായി, പിന്നീട് അവൾക്ക് ഇന്നുവരെ സഹോദരിയെ കണ്ടെത്താൻ കഴിഞ്ഞില്ല. 'അവൾ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് എനിക്കറിയില്ല,' യുവതി പറഞ്ഞു.

  പഠനം പൂർത്തിയാക്കിയ ശേഷം, ഒരു സാമൂഹിക പ്രവർത്തകയാകാനും സ്ത്രീകളുടെ പ്രശ്നങ്ങൾക്കായി പ്രവർത്തിക്കാനും അവർ തീരുമാനിച്ചു. സ്ത്രീ അവകാശങ്ങളുടെ വക്താവായ അവർ കാബൂളിലെ ടെലിവിഷൻ ഷോകളിൽ അതിഥിയായി പലപ്പോഴും എത്തിയിരുന്നു. 'ഞാൻ താലിബാനെതിരെ സംസാരിക്കരുതെന്ന് എന്റെ സുഹൃത്തുക്കൾ എപ്പോഴും മുന്നറിയിപ്പ് നൽകിയിരുന്നു, പക്ഷേ ഞാൻ സത്യസന്ധത പുലർത്തി, സ്ത്രീകൾക്കെതിരായ തീവ്രവാദികളുടെ പ്രാകൃത നടപടിക്കെതിരെ സ്ത്രീകളുടെ ശബ്ദം ഉയർത്താൻ ഞാൻ ആഗ്രഹിച്ചു. ഒരു ദിവസം അവർ അഫ്ഗാനിസ്ഥാൻ ഭരിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു, 'അവർ പറഞ്ഞു.
  Published by:Anuraj GR
  First published:
  )}