ഉത്തര കൊറിയയുടെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യനില വീണ്ടും ഒരു ചർച്ചാ വിഷയമായിരിക്കുകയാണ്. കഴിഞ്ഞ മാസം നടന്ന പല പൊതുപരിപാടികളിലും പങ്കെടുക്കവെ ഉത്തര കൊറിയൻ പരമാധികാരിയുടെ തലയ്ക്ക് പിന്നിൽ ഒരു കറുത്ത പാടും ബാൻഡേജുമുണ്ടായിരുന്നതായി എൻകെ ന്യൂസ് സൈറ്റ് റിപ്പോർട്ട് ചെയ്തു.
ജൂലൈ 24 മുതൽ ജൂലൈ 27 വരെ കൊറിയൻ പീപ്പിൾസ് ആർമിയുടെ വിവിധ പരിപാടികളിലും ജൂലൈ 27 മുതൽ ജൂലൈ 29 വരെ യുദ്ധത്തിൽ സേവനമനുഷ്ഠിച്ച ഭടന്മാരുടെ സമ്മേളനത്തിലും ബന്ധപ്പെട്ട മറ്റു പരിപാടികളിലും കിം ജോങ് ഉൻ സന്നിഹിതനായിരുന്നതായും വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പരാമർശമുണ്ട്. ഈ പരിപാടികളിൽ പങ്കെടുക്കവെ കിമ്മിന് തലയ്ക്ക് പിന്നിലായി ഒരു മുറിവുണ്ടായിരുന്നു.
"അദ്ദേഹത്തിന്റെ തലയുടെ പിൻഭാഗത്ത് വലതു വശത്തായി കാണപ്പെട്ട ഇരുണ്ട പച്ചനിറത്തിലുള്ള പാട് ചില ഫൂട്ടേജുകളിൽ ബാൻഡേജ് കൊണ്ട് മറച്ചിട്ടുണ്ട്. ചിത്രങ്ങളിൽ നിന്ന് മാത്രം ഈ മുറിവിന്റെ സ്വഭാവമോ കാരണമോ തിരിച്ചറിയുക പ്രയാസമാണ്", വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ജൂൺ 29ന് നടന്ന പോളിറ്റ്ബ്യൂറോ യോഗത്തിലോ ജൂലൈ 11ന് സംഘടിപ്പിക്കപ്പെട്ട സംഗീതജ്ഞരുടെ പരിപാടിയിലോ പങ്കെടുക്കുമ്പോൾ കിമ്മിന്റെ തലയിൽ ഈ മുറിവ് ഉണ്ടായിരുന്നില്ല എന്നും എൻകെ ന്യൂസ് പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
Mysterious spot and bandage appear on back of Kim Jong Un’s head https://t.co/IaRCEzzyTR pic.twitter.com/jd2Ppz7jdX
— Chad O'Carroll (@chadocl) August 2, 2021
ഉത്തര കൊറിയൻ നേതാവായ കിം ജോങ് ഉന്നിന്റെ ആരോഗ്യത്തെ സംബന്ധിച്ച വാർത്തകൾ വലിയ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. കിമ്മിന് ഭാരം കൂടിയോ? ചെറിയ ദൂരങ്ങൾ നടക്കുമ്പോഴും കിം അമിതമായി കിതയ്ക്കുന്നുണ്ടോ? വളരെ സുപ്രധാനമായ ഭരണകൂടത്തിന്റെ വാർഷികച്ചടങ്ങിൽ അദ്ദേഹം പങ്കെടുക്കാത്തത് എന്തുകൊണ്ട്? തുടങ്ങിയ ആശങ്കകൾ, പ്രധാനമായും ഉത്തര കൊറിയയുടെ എതിരാളികളായ ദക്ഷിണ കൊറിയയിൽ വലിയ ചർച്ചാവിഷയമായി മാറാറുണ്ട്. ഇപ്പോഴിതാ 37കാരനായ ഉത്തര കൊറിയൻ പരമാധികാരി വീണ്ടും തന്റെ ആരോഗ്യത്തെ സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിട്ടു കഴിഞ്ഞു. ശ്രദ്ധേയമായ വിധത്തിൽ അദ്ദേഹം മെലിഞ്ഞതാണ് ഇപ്പോൾ ചർച്ചകൾക്ക് കാരണമായ മറ്റൊരു വിഷയം.
അടുത്തിടെ ഭരണകൂടത്തിന്റെ മാധ്യമങ്ങളിലൂടെ തന്നെ പുറത്തുവന്ന ചിത്രങ്ങളിൽ അദ്ദേഹത്തിന് വലിയ തോതിൽ തടി കുറഞ്ഞതായി കാണാം. മുമ്പ് 5 അടി എട്ട് ഇഞ്ച് ഉയരവും 140 കിലോഗ്രാം ഭാരവും ഉണ്ടായിരുന്ന കിമ്മിന് ഇപ്പോൾ 10-20 കിലോഗ്രാമോളം ഭാരം കുറഞ്ഞിട്ടുണ്ടാകും എന്നാണ് നിരീക്ഷകർ കണക്കാക്കുന്നത്.
കിമ്മിന്റെ തടി കുറഞ്ഞത് എന്തെങ്കിലും അസുഖത്തിന്റേതിനേക്കാൾ ആരോഗ്യനില മെച്ചപ്പെട്ടതിന്റെ സൂചനയാവാം എന്നാണ് സിയോളിലെ കൊറിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ യൂണിഫിക്കേഷനിലെ സീനിയർ അനലിസ്റ്റ് ആയ ഹോങ് മിൻ അഭിപ്രായപ്പെടുന്നത്. അമിത മദ്യപാനത്തിന്റെയും പുകവലിയുടെയും പേരിലും കുപ്രസിദ്ധിയുള്ള കിമ്മിന്റെ കുടുംബത്തിൽ പരമ്പരാഗതമായി ഹൃദ്രോഗികൾ ധാരാളമുണ്ട്. അദ്ദേഹത്തിന് മുമ്പ് രാജ്യം ഭരിച്ച അദ്ദേഹത്തിന്റെ അച്ഛനും മുത്തച്ഛനും ഹൃദയസംബന്ധിയായ അസുഖങ്ങളെ തുടർന്നാണ് മരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kim Jong Un, Kim jong un weight, Kim jong un weight watch