ന്യൂയോര്‍ക്ക്: വിവാഹേതര ലൈംഗിക ബന്ധം മറച്ചുവെയ്ക്കാന്‍ പോണ്‍ താരത്തിന് പണം വാഗ്ദാനം ചെയ്ത കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് കീഴടങ്ങി. ഈ സാഹചര്യത്തില്‍ ട്രംപിന്റെ വിവാഹങ്ങളെപ്പറ്റിയും അദ്ദേഹത്തിനെതിരെ ഉയർന്ന ലൈംഗികാരോപങ്ങളെക്കുറിച്ചും കൂടുതൽ അറിയാം. 1977ലാണ് ട്രംപ് തന്റെ ആദ്യഭാര്യയായ ഇവാന ട്രംപിനെ വിവാഹം കഴിക്കുന്നത്. അന്ന് ഒരു റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ ആയിരുന്നു ഡോണാള്‍ട് ട്രംപ്.
ഈ ബന്ധത്തില്‍ ജനിച്ച കുട്ടികളാണ് ഡോണാള്‍ഡ് ജൂനിയര്‍, ഇവാങ്ക (ഇവാന മേരി), എറിക് ട്രംപ് എന്നിവര്‍. ട്രംപ് ഓര്‍ഗനൈസേഷന്റെ ഇന്റീരിയര്‍ ഡിസൈന്‍ വൈസ് പ്രസിഡന്റ് ആയി ഇവാന സേവനമനുഷ്ടിച്ചിരുന്നു. കുറഞ്ഞത് 26 സ്ത്രീകളെങ്കിലും ട്രംപിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. 1970 മുതല്‍ ആരംഭിച്ച ഈ ആരോപണങ്ങള്‍ 2016വരെ നീണ്ടുനിന്നു. ജെസീക്ക ലീഡ്‌സ് എന്ന വനിതയാണ് ട്രംപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച ഒരു വനിത.
2016ല്‍ ന്യൂയോര്‍ക്ക് ടൈംസിനോടായിരുന്നു ജെസീക്കയുടെ തുറന്ന് പറച്ചില്‍. തന്റെ സ്തനങ്ങളില്‍ ട്രംപ് കടന്ന് പിടിച്ചെന്നും തന്റെ വസ്ത്രത്തിനുള്ളിലേക്ക് അയാള്‍ കൈകടത്തിയെന്നുമാണ് ഇവര്‍ പറഞ്ഞത്. 1980ലാണ് സംഭവം നടന്നത്. വിമാനയാത്രയ്ക്കിടെയാണ് ട്രംപില്‍ നിന്ന് ദുരനുഭവം ഉണ്ടായതെന്നും ജെസീക്ക പറഞ്ഞു. ”ഒരു നീരാളിയെപ്പോലെയായിരുന്നു അയാള്‍. അയാളുടെ കൈ എല്ലായിടത്തേക്കും വ്യാപിച്ചു,’ എന്നാണ് ജെസീക്ക പറഞ്ഞത്.
കോളമിസ്റ്റായ ഇ. ജീന്‍ കാരോളും ട്രംപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. 1990കളില്‍ ഡ്രസ്സിംഗ് റൂമില്‍ വെച്ച് ട്രംപ് തനിക്ക് നേരെ ലൈംഗികാതിക്രമണം നടത്തിയെന്നാണ് ഇവര്‍ ആരോപിച്ചത്. ട്രംപിനെതിരെ നിയമനടപടിയുമായി ഇവര്‍ മുന്നോട്ട് പോകുകയാണ്. കേസിന്റെ വിചാരണ ഏപ്രില്‍ 25നാണ് ആരംഭിക്കുന്നത്.
എന്നാല്‍ ഈ ആരോപണങ്ങള്‍ ട്രംപ് നിഷേധിക്കുകയായിരുന്നു. ഇവാനയുടെയും ട്രംപിന്റെയും വിവാഹം അധികം നാള്‍ നീണ്ടുനിന്നില്ല. മോഡലായ മര്‍ല മേപ്പിളുമായി ട്രംപിന് ബന്ധമുണ്ടെന്ന പ്രചരണങ്ങള്‍ വന്നതോടെ ഈ വിവാഹബന്ധത്തിൽ വിള്ളലുകളുണ്ടാകുകയായിരുന്നു. തുടര്‍ന്ന് 1991ല്‍ ഇവാനയും ട്രപും വിവാഹമോചിതരായി. ഇവാന 2022ലാണ് അന്തരിച്ചത്.
ഇവാനയുമായുള്ള വിവാഹ മോചനത്തിന് പിന്നാലെ ട്രംപ് മര്‍ല മേപ്പിളിനെ വിവാഹം കഴിച്ചു. 1993ലായിരുന്നു വിവാഹം. ഇവര്‍ക്ക് ഒരു മകളും ജനിച്ചു. ടിഫാനി എന്നാണ് പേര്. എന്നാല്‍ ഈ ബന്ധവും അധികം നാള്‍ നിലനിന്നില്ല. 1997ല്‍ ഇരുവരും വിവാഹ മോചിതരാകുകയായിരുന്നു.
എന്നാല്‍ പിന്നീടുള്ള ട്രംപിന്റെ ജീവിതവും ഒറ്റയ്ക്കായിരുന്നില്ല. ആ അവസരത്തിലാണ് ട്രംപ് മോഡലായ മെലാനിയ നൗസുമായി അടുക്കുന്നത്. 1998ലായിരുന്നു ഇത്. പിന്നീട് 2005ല്‍ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും ഒരു മകന്‍ പിറന്നു. ബാരണ്‍ എന്നാണ് മകന്റെ പേര്. 2006ലായിരുന്നു ബാരണിന്റെ ജനനം.
Also read- മികവിന് പുരസ്‌കാരം, ഗോൾഫ് കളിക്കിടെ ട്രംപുമായി ബന്ധം; പോൺ താരം സ്റ്റോമി ഡാനിയേൽസ്
എന്നാല്‍ പിന്നീടാണ് സ്റ്റോമി ഡാനിയേല്‍സ് എന്ന പോണ്‍ താരം ട്രംപിനെതിരെ ചില ആരോപണങ്ങളുമായി രംഗത്തെത്തുന്നത്. 2006ല്‍ നാലുമാസക്കാലത്തോളം ട്രംപുമായി തനിക്ക് വിവാഹേതര ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്നാണ് സ്റ്റോമിയുടെ ആരോപണം. 2016ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുമ്പ് സ്റ്റോമി ഡാനിയേല്‍സിന് ഏകദേശം 130000 ഡോളര്‍ ട്രംപിന്റെ അഭിഭാഷകന്‍ മൈക്കല്‍ കോഹന്‍ നല്‍കിയെന്ന വാര്‍ത്ത വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ടിരുന്നു. 2018ലായിരുന്നു വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
2018 ഓഗസ്റ്റില്‍ സ്റ്റോമിയ്ക്ക് പണം നല്‍കിയത് ഉള്‍പ്പടെ എട്ട് കേസുകളില്‍ കോഹന്‍ കുറ്റസമ്മതം നടത്തിയിരുന്നു. തുടര്‍ന്നാണ് ട്രംപിനെ മാന്‍ഹട്ടണ്‍ ജില്ലാ അറ്റോര്‍ണി ഓഫീസില്‍ ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ വ്യാജമാണെന്നാണ് ട്രംപ് ഇപ്പോഴും പറയുന്നത്.
അതേസമയം മെലാനിയയിൽ ട്രംപിന്റെ മകന്‍ ജനിക്കുന്ന സമയത്തും ട്രംപിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സമാന ആരോപണവുമായി പ്ലേ ബോയ് മോഡല്‍ കാരന്‍ മെക്‌ഡോഗലും രംഗത്തെത്തിയിരുന്നു. ബാരണ്‍ ജനിക്കുന്നതിനോടടുത്ത സമയത്തും ട്രംപുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്.
നിരവധി സ്ത്രീകളാണ് ഇത്തരത്തില്‍ ട്രംപിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍ ഈ ആരോപണങ്ങള്‍ക്കിടയിലും ട്രംപിനോടൊപ്പം ഉറച്ച് നില്‍ക്കുകയായിരുന്നു മെലാനിയ. അമേരിക്കയുടെ പ്രഥമ വനിതയായ സമയത്ത് പൊതുയിടങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്ന നിലപാടാണ് മെലാനിയ സ്വീകരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Donald trump, Donald trumps