• HOME
 • »
 • NEWS
 • »
 • world
 • »
 • Al-Qurashi | ആരായിരുന്നു ISIS നേതാവ് അൽ ഖുറേഷി? യുഎസ് സൈന്യം വളഞ്ഞപ്പോൾ ചാവേറായ അമേരിക്കയുടെ മുൻ വിവരദായകൻ

Al-Qurashi | ആരായിരുന്നു ISIS നേതാവ് അൽ ഖുറേഷി? യുഎസ് സൈന്യം വളഞ്ഞപ്പോൾ ചാവേറായ അമേരിക്കയുടെ മുൻ വിവരദായകൻ

ഖുറേഷി സ്വയം പൊട്ടിത്തെറിക്കുകയും സ്ത്രീകളും കുട്ടികളും അടങ്ങുന്ന സ്വന്തം കുടുംബത്തിലെ അംഗങ്ങളെ കൊല്ലുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

 • Share this:
  സിറിയയിൽ (Syria) യുഎസ് സേന നടത്തിയ വ്യോമാക്രമണത്തിനിടയിൽ ഇസ്ലാമിക് സ്റ്റേറ്റ് (Islamic State) ഗ്രൂപ്പിന്റെ നേതാവായ അബു ഇബ്രാഹിം അൽ-ഹാഷിമി അൽ ഖുറേഷിയെ (Abu Ibrahim al-Hashimi al-Qurashi) വധിച്ചതായി യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റ് ജോ ബൈഡൻ (Joe Biden) വ്യാഴാഴ്ച അറിയിച്ചു. അമീർ മുഹമ്മദ് സഈദ് അബ്ദ് -അൽ-റഹ്മാൻ അൽ-മൗല അല്ലെങ്കിൽ അൽ-മൗല എന്നും അറിയപ്പെടുന്ന അബു ഇബ്രാഹിം അൽ-ഹാഷിമി അൽ ഖുറാഷി 2019ൽ അബൂബക്കർ അൽ-ബാഗ്ദാദിയുടെ മരണശേഷമാണ് "ഖിലാഫത്ത്" ഏറ്റെടുക്കുന്നത്. അബൂബക്കർ അൽ-ബാഗ്ദാദിയാണ് അൽ ഖുറേഷിയെ തന്റെ പിൻഗാമിയായി തിരഞ്ഞെടുത്തത്.

  "വിശ്വാസികളുടെ അമീർ" എന്നർത്ഥമുള്ള ഖുറേഷിയുടെ പേര് ദാർശനികമായ ഭംഗിയുള്ള ഒന്നായി തോന്നിയേക്കാം. പക്ഷെ ഇപ്പോൾ അമേരിക്ക ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച, സിറിയൻ പ്രതിസന്ധിയുടെ കാലത്ത് വിവിധ ഭീകര പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ഭീകരസേനയുടെ തലവനാണ് അദ്ദേഹം. ഖുറേഷി അൽ-ബാഗ്ദാദിയിൽ നിന്ന് ഏറ്റെടുത്തത് ദുർബലമായതും ക്ഷയിച്ചുകൊണ്ടിരിക്കുന്നതുമായ "ഖിലാഫത്ത്" ആയിരുന്നു. പക്ഷേ ഇപ്പോഴും ആ മേഖലയിൽ ഭയം ജനിപ്പിക്കുന്ന ഒന്നാണിത്. എന്നാൽ 2015ൽ, അതിന്റെ ശക്തിയുടെ കൊടുമുടിയിൽ നിൽക്കവെ ഐഎസ്ഐഎസ് അതിന്റെ ഭാവിയെ അൽ-ഖുറേഷിയുടെ കൈകളിൽ ഏൽപ്പിക്കുകയായിരുന്നു.

  തന്റേതായ വഴികളിലൂടെ പ്രവർത്തിച്ച മനുഷ്യൻ

  അൽ-ഖുറേഷിയെക്കുറിച്ചുള്ള വിവരങ്ങൾക്ക് പകരമായി യുഎസ് 10 ദശലക്ഷം ഡോളർ സമ്മാനം പ്രഖ്യാപിച്ചിരുന്നു. വടക്കുപടിഞ്ഞാറൻ സിറിയയിൽ യുഎസ് പ്രത്യേക സേന നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെടുന്നത്. കുർദിഷ് സേനയും വ്യോമാക്രമണത്തിന്റെ ഭാ​ഗമായിരുന്നു. അദ്ദേഹത്തിന്റെ മുൻഗാമിയായ അൽ-ബാഗ്ദാദിയും 2019ൽ സമാനമായ ഒരു വ്യോമാക്രമണത്തിൽ ആണ് കൊല്ലപ്പെട്ടത്. ഖുറേഷി സ്വയം പൊട്ടിത്തെറിക്കുകയും സ്ത്രീകളും കുട്ടികളും അടങ്ങുന്ന സ്വന്തം കുടുംബത്തിലെ അംഗങ്ങളെ കൊല്ലുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

  ആദ്യമായി അധികാരത്തിൽ വന്നപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് അദ്ദേഹത്തിന്റെ പേരായിരുന്നു. ദി ഇന്ത്യൻ എക്‌സ്പ്രസിന്റെ റിപ്പോർട്ട് പ്രകാരം, പ്രവാചകനായ മുഹമ്മദ് നബിയുടെ ഖുറൈഷ് ഗോത്രത്തിൽ നിന്നുള്ള വംശപരമ്പരയെ സൂചിപ്പിക്കുന്ന വിശേഷണമാണ് അദ്ദേഹത്തിന്റെ പേരിലുള്ള "അൽ-ഖുറാഷി". അദ്ദേഹത്തിന്റെ മുൻഗാമിയായ അൽ-ബാഗ്ദാദിയും ഇതേ അവകാശവാദം ഉന്നയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

  Also Read- ICC Under-19 World Cup 2022 Final| അഞ്ചാം ലോക കിരീടം തേടി യഷ് ദൂലും സംഘവും; അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ - ഇംഗ്ലണ്ട് ഫൈനല്‍


  സംഘടനയ്ക്കുള്ളിൽ തുടക്കത്തിൽ അബ്ദുള്ള കർദാഷ് അല്ലെങ്കിൽ ഹാജി അബ്ദുള്ള എന്നറിയപ്പെട്ടിരുന്ന അദ്ദേഹം അൽ-ബാഗ്ദാദിയുടെ പിൻഗാമിയാണെന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. യുഎസ്, ഇറാഖ് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പിന്നീട് ഖർദാഷ് തന്നെയാണ് അൽ-ഖുറേഷിയെന്ന് സ്ഥിരീകരിച്ചു. അമീർ മുഹമ്മദ് സൈദ് അൽ സൽബി അൽ മൗല എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. 1976ൽ ഇറാഖിലെ മൊസൂളിലെ ഉപജില്ലയായ മഹ്‌ലബിയയിൽ ജനിച്ച അമീർ ഒരു ഇമാമിന്റെ ഏഴു മക്കളിൽ ഇളയവനായിരുന്നു. ഒരു സൂഫി കുടുംബത്തിൽ നിന്നുള്ള ഖർദാഷ് ശാന്തനായിട്ടാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ ചുറ്റും ഉയർന്നു വന്ന തീവ്രവാദ അന്തരീക്ഷമാണ് കുടുംബ പശ്ചാത്തലത്തേക്കാൾ കൂടുതൽ അദ്ദേഹത്തെ സ്വാധീനിച്ചത്.

  സാന്നിധ്യം പ്രകടമാക്കാതെ പതുങ്ങിയിരുന്ന് പ്രവർത്തിക്കുന്ന നേതാവായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഐസ്ഐഎസ് (ISIS) നേതാവാകുമ്പോൾ അദ്ദേഹത്തെ കുറിച്ച് അധികം വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല. ഇദ്ദേഹത്തിന്റെ വിവരങ്ങൾ ശേഖരിക്കാൻ തീവ്രവാദ വിരുദ്ധ വിദഗ്ധർ പോലും നെട്ടോട്ടമോടുകയായിരുന്നു. ഐഎസും 2019ൽ തങ്ങളുടെ പുതിയ നേതാവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിരുന്നില്ല. ന്യൂ ലൈൻസ് മാഗസിൻ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, രണ്ട് പതിറ്റാണ്ടിലേറെയായി ഇറാഖി ജിഹാദി ഗ്രൂപ്പുകളിലെ പ്രമുഖ വ്യക്തിയായിരുന്നു അദ്ദേഹം. മാത്രമല്ല മുമ്പ് യുഎസിനെതിരെ പോരാടിയിട്ടുമുണ്ട്. ഇസ്‌ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനുള്ളിൽ ഏറെ ജാ​ഗ്രതയോടെ പ്രവർത്തിച്ച വ്യക്തി കൂടിയായിരുന്നു അദ്ദേഹം. അൽ-ബാഗ്ദാദി അദ്ദേഹത്തെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാവിയായി കണ്ടതിനെക്കുറിച്ചും യുദ്ധക്കളത്തിൽ നിന്ന് അകറ്റി നിർത്തി സംരക്ഷിച്ചതിനെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഇസ്‌ലാമിനെക്കുറിച്ചുള്ള അക്കാദമിക് പഠനവും രണ്ട് പതിറ്റാണ്ടിലേറെയായുള്ള അനുഭവസമ്പത്തും സംഘടനയുടെ ഘടനയെക്കുറിച്ചുള്ള പുതിയ അറിവുകളും ഉള്ള ഒരു "ജിഹാദി" എന്ന നിലയിലാണ് ഖുറേഷിയെ അദ്ദേഹം കൂടുതൽ ഇഷ്ടപ്പെട്ടത്.

  ശിരഛേദം ചെയ്യുന്നതിന്റെയും മറ്റ് തരത്തിലുള്ള വധശിക്ഷകളുടെയും വീഡിയോകൾക്ക് പേരുകേട്ട ഐസ്ഐഎസ് തുടക്കത്തിൽ തങ്ങളുടെ പുതിയ നേതാവിനെ ചുറ്റിപ്പറ്റി ഒരു നിഗൂഢത നിലനിർത്താൻ തീരുമാനിച്ചു. സിറിയൻ ജനാധിപത്യ സേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ അദ്ദേഹം രഹസ്യമായി പോയതായും ഐഎസിനെ പുനർനിർമ്മിക്കുന്നതിനുള്ള ചുമതലയുണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. അൽ-ബാഗ്ദാദിയുടെ കാര്യവും സമാനമായിരുന്നു, അദ്ദേഹം ചുമതലയേറ്റപ്പോൾ തീവ്രവാദ വിരുദ്ധ വൃത്തങ്ങളിൽ അജ്ഞാതനായിരുന്നു. തങ്ങളെ വേട്ടയാടുന്നവർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് തീവ്രവാദ ഗ്രൂപ്പുകൾക്ക് നേട്ടമാകാറുണ്ടെന്ന് വിദഗ്ധർ കരുതുന്നു.

  മുൻഗാമിയെക്കാൾ കൂടുതൽ തീവ്രമായ നിലപാടുകൾ

  ഐഎസിന്റെ നേതൃ സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് അൽ-ഖുറേഷി ഏറെക്കുറെ ഒളിവിലായിരുന്നു. ന്യൂ ലൈൻസ് റിപ്പോർട്ട് അനുസരിച്ച്, ഖുറേഷി അറിയപ്പെട്ടിരുന്നത് "അഗാധമായ അറിവുള്ള ഒരു മനുഷ്യൻ" എന്നാണ്. നേതാവായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് തന്നെ അദ്ദേഹം "ഖിലാഫത്തിന്റെ" കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നു. 2003-04 കാലഘട്ടത്തിലാണ് ഇയാൾ ഐഎസുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

  അതിനുമുമ്പ്, 2000ൽ അദ്ദേഹം മൊസൂൾ സർവകലാശാലയിൽ നിന്ന് ബിരുദം നേടി, തുടർന്ന് ഖുറാൻ പഠനത്തിലും ഇസ്‌ലാമിക വിദ്യാഭ്യാസത്തിലും 18 മാസത്തെ സൈനിക പരിശീലനവും നേടി. തൊട്ടുപിന്നാലെ ഇയാൾ തീവ്രവാദ ഗ്രൂപ്പുകളുമായി ചേർന്ന് പ്രവർത്തിച്ചതായി പറയപ്പെടുന്നു. പിന്നീട് ഇസ്ലാമിക പഠനത്തിൽ ബിരുദാനന്തര ബിരുദവും നേടി. എന്നിരുന്നാലും, തന്റെ മുൻഗാമിയായ അൽ-ബാഗ്ദാദിയെക്കാൾ കൂടുതൽ ഭീകരനായാണ് അദ്ദേഹം കണക്കാക്കപ്പെട്ടിരുന്നത്.

  Also Read- Orphaned Children | 2020 ഏപ്രിലിനും 2021 ജൂണിനും ഇടയ്ക്ക് രാജ്യത്ത് അനാഥരായത് 30,111 കുട്ടികളെന്ന് കേന്ദ്രസര്‍ക്കാര്‍

  2014ൽ സംഘടനയ്ക്കുള്ളിൽ തീവ്രമായ സംഘർഷം നിലനിന്നിരുന്ന കാലഘട്ടത്തിൽ, ഐസിസ് നിയന്ത്രണം വിപുലീകരിക്കുമ്പോൾ, യസീദി സ്ത്രീകളെ അടിമകളാക്കുന്നതിൽ അതിന്റെ നേതാക്കൾക്കിടയിൽ പലപ്പോഴും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. കുർദിസ്ഥാനിൽ നിന്നുള്ള ഒരു പുരാതന ന്യൂനപക്ഷ വിഭാഗമാണ് യസീദികൾ. അവരുടെ സ്ത്രീകളെ ശരീഅത്തിന്റെ പേരിൽ ഐസിസ് പിടികൂടി അടിമകളാക്കുകയായിരുന്നു.

  എന്നിരുന്നാലും, ഈ സമയത്ത്, "നയം" നടപ്പിലാക്കുന്നതിൽ ഖർദാഷ് ഉറച്ചുനിൽക്കുകയും ഇത് "ഇസ്ലാമിക നിയമത്തിന്റെ അടിസ്ഥാനഘടകങ്ങളെ" അടിസ്ഥാനമാക്കിയുള്ളതാണെന്ന് പറഞ്ഞുകൊണ്ട് തന്റെ നിലപാടിനെ ന്യായീകരിക്കുകയും ചെയ്തു. അൽ-ബാഗ്ദാദിയുടെ പ്രധാന പ്രതിനിധികളിൽ ഒരാളും അദ്ദേഹത്തിന്റെ രണ്ടാമത്തെ കമാൻഡുമായി കണക്കാക്കപ്പെട്ടിരുന്ന അബു അലി അൽ-അൻബാരി ഈ നയത്തിന് എതിരായിരുന്നു. എന്നാൽ അൽ-ബാഗ്ദാദി ഒടുവിൽ യസീദി സ്ത്രീകളെ അടിമകളാക്കാനുള്ള തീരുമാനത്തെ പിന്തുണച്ചത് ഖുറേഷിയ്‌ക്ക് വലിയ വിജയം നൽകി.

  യുഎസിന്റെ വിവരദാതാവ്?

  വിരോധാഭാസമെന്നു പറയട്ടെ, അദ്ദേഹം അധികാരമേറ്റപ്പോൾ അൽ-മൗലയെക്കുറിച്ച് ആദ്യം ഒന്നും അറിയില്ലായിരുന്നെങ്കിലും യുഎസ് സൈന്യത്തിന്റെ കീഴിൽ തടവിലായിരുന്നപ്പോൾ അദ്ദേഹം ഒരു വിവരദാതാവ് ആയിരുന്നു എന്ന് സൂചിപ്പിക്കുന്ന നിരവധി റിപ്പോർട്ടുകൾ ഉണ്ട്. ഒരു ദശാബ്ദക്കാലം മുമ്പ് യുഎസും സഖ്യസേനയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ അൽ-മൗല യുഎസ് സൈന്യത്തിന് തീവ്രവാദികളെ സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറിയിരുന്നു എന്നാണ് വാഷിംഗ്ടൺ പോസ്റ്റിലും ബിസിനസ് ഇൻസൈഡറിലും പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളിൽ പറയുന്നത്. 2008ലെ ആ ചോദ്യം ചെയ്യലിൽ ഇയാൾ മറ്റ് തീവ്രവാദികളെ കുറിച്ച് വിവരം നൽകിയിരുന്നു.

  തടങ്കലിൽ കഴിഞ്ഞതും ഒരു വിവരദാതാവ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ റെക്കോർഡും കാരണം യുഎസിന് അദ്ദേഹത്തെക്കുറിച്ച് ഒരു രേഖാസമാഹാരം നിർമ്മിക്കാൻ കഴിഞ്ഞു. വാസ്‌തവത്തിൽ, അൽ-മൗല ഐഎസ്ഐഎസ് വളർന്ന ഇറാഖിലെ ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ള, കുറഞ്ഞത് 88 പേരുടെ പേരുകളെങ്കിലും നൽകിയിട്ടുണ്ട്. വെസ്റ്റ് പോയിന്റിലെ പെന്റഗൺ ധനസഹായത്തോടെയുള്ള തീവ്രവാദ പോരാട്ട കേന്ദ്രത്തിന്റെ രഹസ്യ രേഖകളിൽ പറയുന്നത് , മൂന്ന് ഘട്ടങ്ങളായി ചോദ്യം ചെയ്തപ്പോൾ ഇതിൽ ചില ആളുകളുടെ വിശദമായ വിവരണങ്ങളും അദ്ദേഹം നൽകി എന്നാണ്. മാധ്യമ റിപ്പോർട്ടുകളിൽ ഇതാണ് ഒരു സ്രോതസ്സായി പറയപ്പെടുന്നത്.
  ഈ രേഖകൾ അനുസരിച്ച്, അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തവർ അദ്ദേഹത്തെ സഹകരണ മനോഭാവമുള്ളയാളാണ് എന്നാണ് പരാമർശിച്ചിരിക്കുന്നത്. എതിരാളികളുടെയും വിദേശത്തു ജനിച്ച ഭീകരരുടെയും വിവരങ്ങൾ മാത്രമേ അദ്ദേഹം നൽകുകയുള്ളൂ എന്നും അവർ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആർക്കെതിരെയാണോ വിവരം നൽകിയത്, അവരെയും അവരുടെ സംഘടനയെയും ഭാവിയിൽ നയിക്കാൻ പോകുന്നയാളാണ് ഖുറേഷി എന്ന് അന്നാർക്കും അറിയില്ലായിരുന്നു.
  Published by:Rajesh V
  First published: