• HOME
  • »
  • NEWS
  • »
  • world
  • »
  • Kobe Bryant | അപകടത്തിന്റെ ചിത്രങ്ങൾ പ്രചരിപ്പിച്ചു; കോബി ബ്രയന്റിന്റെ ഭാര്യക്ക് 128 കോടി രൂപയോളം നഷ്ടപരിഹാരം

Kobe Bryant | അപകടത്തിന്റെ ചിത്രങ്ങൾ പ്രചരിപ്പിച്ചു; കോബി ബ്രയന്റിന്റെ ഭാര്യക്ക് 128 കോടി രൂപയോളം നഷ്ടപരിഹാരം

സംഭവ സ്ഥലത്തേക്ക് ഓടിയെത്തിയ കൗണ്ടി പ്രതിനിധികളും അഗ്നിശമന സേനാംഗങ്ങളും മരിച്ചവരുടെ ചിത്രങ്ങൾ പകർത്തിയിരുന്നു.

  • Last Updated :
  • Share this:
    2020 ൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ (helicopter crash) കൊല്ലപ്പെട്ട അമേരിക്കൻ ബാസ്ക്കറ്റ് ബോൾ താരം കോബി ബ്രയന്റിന്റെ (Kobe Bryant) ഭാര്യ വനേസ ബ്രയന്റിന് (Vanessa Bryant) 16 മില്യൺ (ഏകദേശം 128 കോടി രൂപയോളം) നഷ്ടപരിഹാരം നൽകണമെന്നു വിധിച്ച് കോടതി. അപകടത്തിൽ മരിച്ച കോബി ബ്രയന്റിന്റെയും 13 കാരിയായ മകളുടെയും ഭയാനകമായ ഫോട്ടോകൾ പങ്കുവെച്ചതിനാണ് ലോസ് ഏഞ്ചൽസ് കൗണ്ടി (Los Angeles County) അധികൃതർക്കും അഗ്നിശമനാ സേനാ ഉദ്യോ​ഗസ്ഥർക്കും കോടതി നഷ്ടപരിഹാരം വിധിച്ചത്. ക്രിസ് ചെസ്റ്റർ എന്നയാളും വനേസ ബ്രയന്റിനൊപ്പം പരാതി കൊടുത്തിരുന്നു. ചെസ്റ്ററിന്റെ ഭാര്യയും മകളും ഇതേ അപകടത്തിൽ മരിച്ചിരുന്നു. ചെസ്റ്ററിന് 15 മില്യണാണ് നഷ്ടപരിഹാരം വിധിച്ചത്.

    സംഭവ സ്ഥലത്തേക്ക് ഓടിയെത്തിയ കൗണ്ടി പ്രതിനിധികളും അഗ്നിശമന സേനാംഗങ്ങളും മരിച്ചവരുടെ ചിത്രങ്ങൾ പകർത്തിയിരുന്നു. ഈ ഫോട്ടോകൾ പങ്കുവെച്ചത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും പരാതിക്കാർക്ക് വൈകാരിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും കോടതി നിരീക്ഷിച്ചു. വിധി വായിച്ചപ്പോൾ നിശബ്ദമായി കരയുകയായിരുന്നു വനേസ.

    കോബി ബ്രയന്റിന്റെ ജൻമ ദിനത്തിന്റെ പിറ്റേന്നാണ് വിധി പ്രസ്താവിച്ചത്. ബ്രയന്റ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഇക്കഴിഞ്ഞ ഓ​ഗസ്റ്റ് 24-ന് അദ്ദേഹത്തിന് 44 വയസ് തികയുമായിരുന്നു.

    വിധി വന്നതിനു ശേഷം വനേസ ബ്രയന്റ് തന്റെ ഭർത്താവിനും മകൾക്കുമൊപ്പം നിൽക്കുന്ന ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. "എല്ലാം നിനക്കായ്, ഞാൻ നിന്നെ സ്നേഹിക്കുന്നു, കോബിക്കും ജിജിക്കും നീതി", എന്നാണ് ചിത്രത്തിനൊപ്പം വനേസ പോസ്റ്റ് ചെയ്തത്.

    വിധിയെക്കുറിച്ച് കോടതി മുറിക്ക് പുറത്ത് അഭിപ്രായം പറയാൻ കൗണ്ടിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ വിസമ്മതിച്ചു.

    ഈ ഫോട്ടോകളും വാർത്തകളും തന്റെ ദു:ഖം വർദ്ധിപ്പിച്ചെന്നും 11 ദിവസത്തെ വിചാരണയ്ക്കിടെ വനേസ ബ്രയന്റ് കണ്ണീരോടെ സാക്ഷ്യപ്പെടുത്തിയിരുന്നു. ''ന്യായമായ വിചാരണ പുറപ്പെടുവിച്ച ജൂറിയോടും ജഡ്ജിയോടും ഞങ്ങൾ നന്ദിയുള്ളവരാണ്'', എന്നാണ് ക്രിസ് ചെസ്റ്ററിന്റെ അഭിഭാഷകൻ ജെറി ജാക്‌സൺ പറഞ്ഞത്. അവർ കടന്നു പോയ വിഷമതകൾക്കൊന്നും പരിഹാരം കാണാൻ ഈ പണം കൊണ്ടാകില്ലെന്നും ജെറി ജാക്‌സൺ കൂട്ടിച്ചേർത്തു.

    വനേസ ബ്രയന്റും അഭിഭാഷകനും കോടതിക്ക് പുറത്ത് അഭിപ്രായം പ്രകടിപ്പിക്കാൻ വിസമ്മതിച്ചിരുന്നു. വനേസയുടെ കണ്ണ് നിറഞ്ഞിരിക്കുന്ന ദൃശ്യങ്ങൾ ടെലിവിഷൻ ക്യാമറകൾ പകർത്തുകയും ചെയ്തിരുന്നു. കോബിക്കും വനേസക്കും ജിയാന്ന അടക്കം നാലു പെണ്‍മക്കളാണുള്ളത്.

    മുൻ ബാസ്ക്കറ്റ് ബോൾ താരവും അഞ്ച് തവണ എൻബിഎ ചാമ്പ്യനുമായ കോബി ബ്രയന്റ്, മകൾ ജിയാനയ്ക്കും മറ്റ് ഏഴ് പേർക്കുമൊപ്പം ഒരു ബാസ്‌ക്കറ്റ്‌ബോൾ മൽസരത്തിൽ പങ്കെടുക്കാനുള്ള യാത്രക്കിടെയാണ് മരണപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ ലോസ് ഏഞ്ചൽസിന് പടിഞ്ഞാറുള്ള കാലബാസസിലെ കുന്നുകളിൽ തകർന്നു വീഴുകയായിരുന്നു. 2020 ജനുവരി 26 നാണ് സംഭവം നടന്നത്. പൈലറ്റിന്റെ പിഴവാണ് അപകടത്തിന് കാരണമായതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം.
    Published by:Amal Surendran
    First published: