പ്രമുഖ ഡാനിഷ് കാർടൂണിസ്റ്റ് കുർട് വെസ്റ്റർഗാർഡ് അന്തരിച്ചു(86). വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഞായാറാഴ്ച്ചയായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രവാചകൻ മുഹമ്മദിന്റെ വിവാദ കാർട്ടൂൺ വരച്ചത് കുർട്ട് വെസ്റ്റർഗാർഡ് ആയിരുന്നു. 2005 ൽ പുറത്തിറങ്ങിയ ഈ കാർട്ടൂണിനെ തുടർന്ന് ലോകത്തെമ്പാടും ഇസ്ലാം വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഡാനിഷ് പത്രമായ ദി ജുട് ലാന്റ് പോസ്റ്റിലാണ് കാർട്ടൂൺ ആദ്യം പ്രസിദ്ധീകരിച്ചത്.
പിന്നീട് ഫ്രഞ്ച് മാസികയായ ഷാര്‍ലെ എബ്ദോ 2006 ല്‍ കാർട്ടൂൺ പുനപ്രസിദ്ധീകരിച്ചതോടെ വീണ്ടും വിവാദങ്ങളും ആക്രമങ്ങളും ഉണ്ടായി. അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഈ നടപടിയെ അപലപിച്ചിരുന്നു. 2011 നവംബറിലാണ് ഷാര്‍ലെ ഹെബ്ദോ ഓഫീസിനു നേരെ ആദ്യം ബോംബാക്രമണം നടന്നത്. 2013 ല്‍ ഷാര്‍ലെ ഹെബ്ദോ വിവാദ കാര്ട്ടൂണുകള് ഉള്‍പ്പെടുത്തി സ്പെഷ്യല്‍ എഡിഷന് പ്രസിദ്ധീകരിച്ചു.
മുഹമ്മദ് നബിയെ അവഹേളിക്കുന്നതാണ് കാർട്ടൂൺ എന്നായിരുന്നു വിമർശനം. ഡെന്മാർക്കിലും കാർട്ടൂണിനെതിരെ വലിയ പ്രതിഷേധം ഉയർന്നു. മുസ്ലീം രാജ്യങ്ങളിലെ അംബാസിഡർമാർ ഡെന്മാർക്ക് സർക്കാരിന് പരാതിയും നൽകി.
2005 ല്‍ 12 എഡിറ്റോറിയല്‍ കാര്‍ട്ടൂണുകളാണ് ദി ജുട് ലാന്റ് പോസ്റ്റിൽ വന്നത്. ഇതില്‍ ഭൂരിഭാഗവും പ്രവാചകന് മുഹമ്മദിനെ ആസ്പദമാക്കിയായിരുന്നു. അന്ന് കാർട്ടൂണിനെതിരെ ഡെന്മാര്ക്കില് പ്രതിഷേധം ഉയരുകയും കാര്‍ട്ടൂണിസ്റ്റിനെതിരെ നിരന്തര വധ ശ്രമങ്ങളുണ്ടാകുകയും ചെയ്തിരുന്നു. എന്നാൽ, യാഥാസ്ഥിതിക മുസ്ലീങ്ങളും തീവ്രവാദികളും മതങ്ങളെ ദുരുപയോഗിക്കുന്നതിനെ കുറിച്ചാണ് തന്റെ കാർട്ടൂണുകളെന്നായിരുന്നു വെസ്റ്റർഗാർഡിന്റെ വിശദീകരണം.
കാർട്ടൂൺ വിവാദത്തെ തുടർന്ന് വെസ്റ്റർഗാർഡ് ആദ്യം ഒളിവിൽ പോയെങ്കിലും പിന്നീട്, ഡെന്മാർക്കിലെ അർഹസിൽ കനത്ത സുരക്ഷയുള്ള വീട്ടിലേക്ക് പരസ്യമായി താമസം മാറി. 2008 ൽ വെസ്റ്റർഗാഡിനെ വധിക്കാൻ ശ്രമിച്ചതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. 2010 ലും വെസ്റ്റർഗാഡിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവിനെ വധശ്രമത്തിന് പിടിയിലായിരുന്നു. ആയുധവുമായാണ് ഇയാൾ വെസ്റ്റർഗാഡിന്റെ വസതിയിൽ എത്തിയത്. വധശ്രമങ്ങൾ തുടർന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥനൊപ്പം രഹസ്യ അഡ്രസുകളിലായിരുന്നു വെസ്റ്റർഗാഡിന്റെ പിന്നീടുള്ള ജീവിതം.
You may also like:COVID 19 | കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ച് യുകെ; ഇനി മാസ്ക് നിർബന്ധമില്ല, എല്ലാം തുറക്കാംലോകവ്യാപകമായ പ്രതിഷേധങ്ങളും അക്രമസംഭവങ്ങളുമാണ് കാർട്ടൂണിനെ തുടർന്നുണ്ടായത്. കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന് ഉത്തരവാദികളെ വധിക്കാനും ഡാനിഷ് ഉല്പന്നങ്ങളെ ബഹിഷ്കരിക്കാനും ചില സംഘടനകൾ ആഹ്വാനം ചെയ്തു. പലയിടങ്ങളിലും ഡാനിഷ് എംബസികൾ ആക്രമിക്കപ്പെടുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തു.
കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ 2015 ല്‍ ഷാര്‍ലെ എബ്ദോ മാസികയുടെ പാരിസിലെ ഓഫീസിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കാര്‍ട്ടൂണിസ്റ്റുകളടക്കം 12 പേരാണ് കൊല്ലപ്പെട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.