കാന്‍ബെറ : ഓസ്ട്രേലിയയില്‍ നീണ്ട ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അധികാരം തിരിച്ചുപിടിച്ച് ലേബര്‍ പാര്‍ട്ടി. രാജ്യത്തിന്റെ 31-ാം പ്രധാനമന്ത്രിയായി ആന്റണി ആല്‍ബനീസ് (59) ചുമതലയേല്‍ക്കും. ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണിന്റെ നേതൃത്വത്തിലുള്ള ലിബറല്‍ - നാഷണല്‍ സഖ്യം ഭൂരിപക്ഷം നേടുന്നതില്‍ പരാജയപ്പെട്ടു. ആല്‍ബനീസിന്റെ മദ്ധ്യ - ഇടതുപക്ഷ ലേബര്‍ പാര്‍ട്ടി പാര്‍ലമെന്റിലെ ഏറ്റവും വലിയ കക്ഷിയാകുമെന്നാണ് പ്രവചനം.
2007 ന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അൽബനീസ് പ്രധാനമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി മോറിസൺ പരാജയം സമ്മതിച്ചതിന് ശേഷം സിഡ്നിയിൽ തന്റെ അനുയായികളെ അഭിസംബോധന ചെയ്ത അൽബാനീസ്, ഓസ്ട്രേലിയൻ ജനത മാറ്റത്തിനായി വോട്ട് ചെയ്തിട്ടുണ്ടെന്നും ഈ വിജയത്തിൽ തനിക്ക് സന്തോഷമുണ്ടെന്നും പറഞ്ഞു.
Also Read-
Burkini | മുസ്ലീം സ്ത്രീകൾക്ക് ഇനി ബുർക്കിനി ധരിച്ച് നീന്താം; നിരോധനം നീക്കി ഫ്രഞ്ച് നഗരമായ ഗ്രെനോബിൾ
“ഓസ്ട്രേലിയയെ പുനരുപയോഗിക്കാവുന്ന ഊർജ സൂപ്പർ പവർ ആകാനുള്ള അവസരം നമുക്ക് പ്രയോജനപ്പെടുത്താം,” കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് വാഗ്ദാനം ചെയ്ത മധ്യ-ഇടതുപക്ഷ ലേബർ പാർട്ടി നേതാവ് പറഞ്ഞതായി വാർത്താ ഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അൽബനീസ് 2005 ലെ നിലവാരത്തിൽ നിന്ന് 2030-ഓടെ കാർബൺ പുറന്തള്ളൽ 43 ശതമാനം കുറയ്ക്കുമെന്നും പുനരുപയോഗിക്കാവുന്ന ഊർജ ഉപയോഗം വർദ്ധിപ്പിക്കുമെന്നും ഇലക്ട്രിക് കാറുകൾക്ക് കിഴിവ് നൽകുമെന്നും സർക്കാർ ഉടമസ്ഥതയിലുള്ള സോളാർ പവർ, ബാറ്ററി പദ്ധതികൾ നിർമ്മിക്കാൻ സഹായിക്കുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.
മെയ് 24 ന് ടോക്കിയോയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ യുഎസ്, ജാപ്പനീസ്, ഇന്ത്യൻ നേതാക്കൾക്കൊപ്പം പങ്കെടുക്കുമെന്നും ആന്റണ അൽബനീസ് പറഞ്ഞു. വിദേശകാര്യ മന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്ന പെന്നി വോംഗ് ഉച്ചകോടിയിൽ അൽബനീസിനൊപ്പം ചേരും. അൽബനീസ് സർക്കാരിലെ അംഗങ്ങൾ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
നിലവിലെ പ്രതിപക്ഷ നേതാവ് കൂടിയായ ആന്റണി ആല്‍ബനീസിന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി വരുന്ന മൂന്ന് വര്‍ഷം ഓസ്ട്രേലിയ ഭരിക്കും. ആല്‍ബനീസ് 2013 ജൂണ്‍ മുതല്‍ 2013 സെപ്തംബര്‍ വരെ രാജ്യത്തെ ഉപപ്രധാനമന്ത്രിയായിരുന്നു. കെവിന് റൂഡ്, ജൂലിയ ഗില്ലാര്‍ഡ് മന്ത്രിസഭകളില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 151 അംഗ പാര്‍ലമെന്റില്‍ 76 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
66.33 ശതമാനം വോട്ടുകളെണ്ണിയപ്പോള്‍ 72 സീറ്റുകളോടെ ലേബര്‍ പാര്‍ട്ടി മുന്നിലാണ്. ലിബറല്‍ സഖ്യം 50 സീറ്റുകളില്‍ മാത്രമാണ് മുന്നിലെത്തിയത്. പരാജയം സമ്മതിച്ച സ്കോട്ട് മോറിസണ്‍ ആന്റണി ആല്‍ബനീസിനെ അഭിനന്ദിച്ചു. പാര്‍ട്ടി അദ്ധ്യക്ഷ പദവി മോറിസണ്‍ ഒഴിഞ്ഞേക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.