അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ ചുമതലയേൽക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ലേഡി ഗാഗ, ജെന്നിഫർ ലോപസ് എന്നിവരുടെ സംഗീത-നൃത്ത വിരുന്നും ചടങ്ങിൽ ഉണ്ടാകുമെന്ന് ഉറപ്പായി. പ്രസിഡൻഷ്യൽ ഇനാഗുറൽ കമ്മിറ്റി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു കഴിഞ്ഞു.
ലേഡി ഗാഗ, ജെന്നിഫർ ലോപ്പസ്, അമാന്ദ ഗോർമൻ എന്നിവരാണ് സംഗീത വിരുന്ന് അവതരിപ്പിക്കുക.
ജനുവരി ഇരുപതിനാണ് സത്യപ്രതിജ്ഞാ ചടങ്ങ്. വാശിയേറിയ തെരഞ്ഞെടുപ്പിനും അതിന് പിന്നാലെയുണ്ടായ വിവാദങ്ങൾക്കും ഒടുവിൽ വരുന്ന ബുനധാഴ്ച്ച ജോ ബൈഡനും കമലാ ഹാരിസും പ്രസിഡന്റും വൈസ് പ്രസിഡന്റുമായി ചുമതലയേൽക്കും.
കത്തോലിക് പുരോഹിതനായ ഫാദർ ലിയോ ഒ ഡനോവൻ ചടങ്ങുകൾക്ക് ആരംഭം കുറിക്കും. 1989 മുതൽ 2001 വരെ ജോർജ്ടൗൺ യൂണിവേഴ്സിറ്റി പ്രസിന്റായിരുന്നു ലിയോ ഒ ഡനോവൻ.
അമേരിക്കയുടെ ദേശീയ ഗാനം ലേഡി ഗാഗ ആലപിക്കും. അമേരിക്കയിൽ LGBTQ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചും സാമൂഹ്യ പ്രവർത്തകയുമാണ് ലേഡി ഗാഗ. എയ്ഡ്സ് ബോധവത്കരണ പ്രവർത്തനങ്ങളിലും ലേഡി ഗാഗ സജീവമാണ്. അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡന് പരസ്യമായി പിന്തുണ നൽകിയ താരം കൂടിയാണ് ലേഡി ഗാഗ.
ഇതിനു ശേഷം ജെന്നിഫർ ലോപസിന്റെ നേതൃത്വത്തിൽ സംഗീത വിരുന്നുമുണ്ടാകും. അമേരിക്കയിൽ ഏറ്റവും പ്രശസ്തയായ സെലിബ്രിറ്റിയാണ്. അമേരിക്കയിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ ഹിസ്പാനിക് കലാകാരിയായ ജെന്നിഫർ 8 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്.
അതേസമയം, ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന്
ഡൊണാൾഡ് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇത് നല്ല കാര്യമാണെന്നായിരുന്നു ജോ ബൈഡന്റെ പ്രതികരണം. ആദ്യമായാണ് അമേരിക്കയിൽ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് മുൻ പ്രസിഡന്റ് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിക്കുന്നത്.
ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റ് പ്രമേയം കഴിഞ്ഞ ദിവസം യുഎസ് ജനപ്രതിനിധി സഭയില്‍ പാസായിരുന്നു. രണ്ട് തവണ ഇംപീച്ച്മെന്റ് നടപടികള്‍ നേരിടുന്ന ആദ്യ പ്രസിഡന്റാണ് ട്രംപ്. കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികളുടെ കലാപത്തിന് പ്രേരണ നല്‍കിയെന്ന കാരണത്തിനാണ് ഇംപീച്ച്മെന്റ് നടപടികൾ നേരിട്ടടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.