മുൻ അഗ്നിശമന സേനാംഗത്തെ സ്ത്രീവിരുദ്ധനും വക്രബുദ്ധിക്കാരനും നുണയനുമായി തെറ്റായി ചിത്രീകരിച്ചെന്ന ആരോപണത്തെ തുടർന്ന് ലണ്ടനിലെ യൂണിവേഴ്സിറ്റി യൂണിയൻ നേതാവ് നഷ്ടപരിഹാരം നൽകണമെന്ന് കോടതി. യൂണിവേഴ്‌സിറ്റി ആൻഡ് കോളേജ് യൂണിയൻ (യുസിയു) ജനറൽ സെക്രട്ടറി ഡോ. ജോ ഗ്രാഡിക്കെതിരെ ട്രേഡ് യൂണിയൻ പ്രവർത്തകൻ കൂടിയായ പോൾ എംബെറി നൽകിയ പരാതിയെത്തുടർന്നാണ് ഹൈക്കോടതിയുടെ വിധി. 10,000 പൗണ്ട് ആണ് (10 ലക്ഷം രൂപ) ജോ ഗ്രേഡി നഷ്ടപരിഹാരമായി നൽകേണ്ടത്. നഷ്ടപരിഹാരത്തിനു പുറമേ കേസ് നടത്താൻ ചെലവാക്കിയ പണവും ജോ ഗ്രേഡി എംബറിക്ക് നൽകണം.
Also read- ഇമ്രാന്‍ ഖാന്‍റെ അറസ്റ്റിന് പിന്നാലെ പാകിസ്ഥാനില്‍ കലാപം; സൈനിക ആസ്ഥാനത്തിന് നേരെ കല്ലേറ്
ട്വിറ്ററിലൂടെയാണ് ജോ ഗ്രേഡി പോൾ എംബെറിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നോർവിച്ചിലേക്കുള്ള ഒരു ട്രെയിൻ യാത്രക്കിടെ ബിയർ കുപ്പിയുമായി ഒരു കൂട്ടം സ്ത്രീകൾ മക്കളുടെ മുന്നിൽ വെച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്ന് എഴുത്തുകാരനും ബ്രോഡ്കാസ്റ്ററും കൂടിയായ എംബെറി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ”കുറച്ചു കൂടി വിശാലമായി ചിന്തിക്കൂ പോൾ. ട്രെയിനിൽ വെച്ച് സ്ത്രീകൾ ചെയ്യുന്നത് റെക്കോർഡ് ചെയ്യുകയും ആ വീഡിയോ പങ്കിടുകയും അവരെ കുറിച്ച് സോഷ്യൽ മീഡിയയിൽ കള്ളം പറയുകയും ചെയ്യുന്നത് നല്ലതല്ല. ഇങ്ങനെ സ്ത്രീവിരുദ്ധനാകരുത്”, എന്നാണ് ജോ ഗ്രേഡി ഇതിനു മറുപടിയായി ട്വീറ്റ് ചെയ്തത്.
ജോ ഗ്രേഡിയുടെ ട്വീറ്റ് നിരവധി പേർ റീട്വീറ്റ് ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തെന്നും ഇത് തന്റെ കക്ഷിയുടെ പ്രശസ്തിക്ക് സൽപേരിനെ ബാധിച്ചെന്നും പോൾ എംബറിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ജോ ഗ്രേഡി പോളിനെ ഒരു സ്ത്രീവിരുദ്ധനായും വക്രബുദ്ധിക്കാരനായും നുണയനായും ചിത്രീകരിച്ചെന്നും തന്നെയും മക്കളെയും സഹയാത്രികരെയും ഈ സ്ത്രീകളുടെ മോശം പെരുമാറ്റത്തിൽ നിന്നും രക്ഷിക്കുകയാണ് തന്റെ കക്ഷി ചെയ്തതെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. കൂടുതൽ സമയവും പണവും പാഴാക്കാൻ കഴിയാത്തതിനാൽ നഷ്ടപരിഹാരം നൽകാൻ തയ്യാറാണെന്ന് ജോ ഗ്രേഡി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Compensation, Court, London