ടൊറന്റോ: ലണ്ടനിലെയും യുഎസിലെയും ആക്രമണത്തിന് പിന്നാലെ കാനഡയിലും ഇന്ത്യാ വിരുദ്ധ അക്രമം അഴിച്ചുവിട്ട് ഖലിസ്ഥാനി അനുകൂലികൾ. കാനഡയിലെ മഹാത്മാഗാന്ധിയുടെ പ്രതിമ തകർക്കുകയും ഖലിസ്ഥാൻ അനുകൂല, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ ചുവരെഴുതുകയും ചെയ്തു. ഒന്റാറിയോ പ്രവിശ്യയിലെ ഹാമിൽട്ടണിലെ സിറ്റി ഹാളിന് സമീപം വ്യാഴാഴ്ച പുലർച്ചെയാണ് പ്രതിമ തകർത്തത്. ഇന്ത്യൻ സർക്കാർ സമ്മാനിച്ച ആറടി ഉയരമുള്ള പ്രതിമ തകർത്തുകയും പ്രധാനമന്ത്രി നരേന്ദ്ര മോദി വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതി വെക്കുകയും ചെയ്തു.
Also Read- യുഎസിൽ ഇന്ത്യൻ കോൺസുലേറ്റ് ഖലിസ്ഥാൻ അനുകൂലികൾ അടിച്ചുതകർത്തു
രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ ഖലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധത്തെക്കുറിച്ച് സർക്കാരിന് അറിയാമെന്ന് കാനഡയുടെ വിദേശകാര്യ മന്ത്രാലയം പറഞ്ഞതിന് പിന്നാലെയാണ് സംഭവം. പ്രതിഷേധവുമായി ബന്ധപ്പെട്ട് കനേഡിയൻ അധികൃതർ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കാനഡയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മർലിൻ ഗുവ്രെമോണ്ട് പറഞ്ഞു. അക്രമത്തിനെതിരെ നടപടി എടുക്കുമെന്നും ഇത് ഗൗരവത്തോടെയാണ് കാണുന്നതെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
ഹിന്ദു ക്ഷേത്രങ്ങൾക്കെതിരായ ആക്രമണ പരമ്പരയിൽ, ഈ വർഷം ജനുവരിയിൽ ബ്രാംപ്ടണിലെ ഗൗരി ശങ്കർ മന്ദിർ തകർക്കുകയും അതിന്റെ മതിലുകൾ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉപയോഗിച്ച് വികൃതമാക്കുകയും ചെയ്തു. അതുപോലെ, ഫെബ്രുവരിയിൽ കാനഡയിലെ മിസിസാഗയിലെ പ്രമുഖ രാം മന്ദിർ ഖലിസ്ഥാൻ അനുകൂല ഗ്രൂപ്പുകളെന്ന് ആരോപിക്കപ്പെടുന്നവര്‍ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ ഉപയോഗിച്ച് നശിപ്പിച്ചു. 2022 ജൂലൈയിൽ ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ വിഷ്ണു മന്ദിറിൽ സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധിയുടെ പ്രതിമ നശിപ്പിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.