• HOME
 • »
 • NEWS
 • »
 • world
 • »
 • മലാല യൂസഫ്‌സായ്, ഗ്രേറ്റ തുന്‍ബര്‍ഗ്, ഗീതാഞ്ജലി റാവു; ലോകത്ത് മാറ്റത്തിന് നേതൃത്വം നല്‍കിയ യുവനേതാക്കള്‍

മലാല യൂസഫ്‌സായ്, ഗ്രേറ്റ തുന്‍ബര്‍ഗ്, ഗീതാഞ്ജലി റാവു; ലോകത്ത് മാറ്റത്തിന് നേതൃത്വം നല്‍കിയ യുവനേതാക്കള്‍

ചില യുവാക്കള്‍ തങ്ങളുടെ പ്രതിഭ മൂലവും വിവിധ വിഭവങ്ങളുടെ ലഭ്യത മൂലവും സമൂഹത്തിൽ മാറ്റത്തിന്റെ വിത്ത് വിതയ്ക്കുന്നുണ്ട്. അത്തരത്തിലുള്ള ചില യുവനേതാക്കളെ നമുക്ക് പരിചയപ്പെടാം.

Reuters

Reuters

 • Share this:
  ലോകത്ത് നിരവധി യുവാക്കൾ വിവിധങ്ങളായ ബുദ്ധിമുട്ടുകൾ അതിജീവനത്തിനായി നേരിടുന്നുണ്ട്. അതേ സമയം ചില യുവാക്കളാകട്ടെ തങ്ങളുടെ പ്രതിഭ മൂലവും വിവിധ വിഭവങ്ങളുടെ ലഭ്യത മൂലവും സമൂഹത്തിൽ മാറ്റത്തിന്റെ വിത്ത് വിതയ്ക്കുന്നുമുണ്ട്. അത്തരത്തിലുള്ള ചില യുവനേതാക്കളെ നമുക്ക് പരിചയപ്പെടാം.

  മലാല യൂസഫ്‌സായ്: ഒന്നാം ലോക രാജ്യങ്ങളിൽ ജനിച്ച സമ്പന്നരായ കുട്ടികളെ അപേക്ഷിച്ച് നോക്കുമ്പോൾ യാതൊരു സൗകര്യങ്ങളും ലഭിക്കാതെയാണ് മലാല വളർന്നത്. പെൺകുട്ടികൾ വിദ്യാഭ്യാസം നേടുന്നതിന് താലിബാൻ വിലക്ക് ഏർപ്പെടുത്തിയ പാകിസ്ഥാനിലെ ഒരു പ്രദേശത്താണ് അവർ ജീവിച്ചിരുന്നത്. വിദ്യാഭ്യാസം നേടാനുള്ള പെൺകുട്ടികളുടെ അവകാശത്തിനു വേണ്ടി ശബ്ദമുയർത്തിക്കൊണ്ട് തന്റെ പതിനഞ്ചാം വയസിൽ ലോകശ്രദ്ധ നേടിയ മനുഷ്യാവകാശ പ്രവർത്തകയായി മാറിയ മലാലയെ വധിക്കാൻ താലിബാൻ അവരുടെ തലയ്ക്ക് നേരെ നിറയൊഴിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയോടെ അവർ ആ വധശ്രമത്തെ അതിജീവിച്ചു. 2014 -ൽ 17-ാം വയസിൽ മലാലയ്ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.

  ഗ്രേറ്റ തുൻബർഗ്: കാലാവസ്ഥാ വ്യതിയാനത്തോടുള്ള സ്വീഡിഷ് സർക്കാരിന്റെ അവഗണനയിൽ പ്രകോപിതയായ സ്വീഡിഷ് കൗമാരക്കാരി ഗ്രേറ്റ തുൻബർഗ് തന്റെ 15-ാം വയസിൽ സ്വീഡിഷ് പാർലമെന്റിന് മുന്നിൽ പരിസ്ഥിതി പ്രശ്നങ്ങളിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിക്കാൻ ആരംഭിച്ചു. യുവാക്കൾക്കിടയിൽ പ്രചോദനമായി മാറിയ തുൻബർഗിന്റെ സമരം ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് സ്‌കൂൾ വിദ്യാർത്ഥികളെ കാലാവസ്ഥയുടെ സംരക്ഷണത്തിനായി പോരാടാൻ പ്രേരിപ്പിക്കുകയായിരുന്നു. 2019-ൽ യു എൻ ക്ലൈമറ്റ് ആക്ഷൻ സമ്മിറ്റിൽ അവർ നടത്തിയ പ്രസംഗം വളരെയധികം ജനപ്രീതി പിടിച്ചുപറ്റുകയും ലോകശ്രദ്ധ നേടുകയും ചെയ്തു. കൂടാതെ 2019-ലെ മികച്ച വ്യക്തിത്വമായി ടൈം മാഗസിൻ തിരഞ്ഞെടുത്തത് ഗ്രേറ്റ തുൻബർഗിനെയായിരുന്നു.

  ഗീതാഞ്ജലി റാവു: വെറും 15 വയസു മാത്രം പ്രായമുള്ളപ്പോൾ ഗീതാജ്ഞലി റാവുവിനെ ടൈം മാഗസിൻ ആ വർഷത്തെ ഏറ്റവും മികച്ച കുട്ടിയായി തിരഞ്ഞെടുക്കുകയുണ്ടായി. ആ തവണ ആദ്യമായിട്ടായിരുന്നു ടൈം മാഗസിൻ അത്തരമൊരു ബഹുമതി ഒരു കുട്ടിയ്ക്ക് നൽകിയത്. ശാസ്ത്രജ്ഞയായ ഗീതാജ്ഞലി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ജലമലിനീകരണം, മയക്കുമരുന്നിനോടുള്ള ആസക്തി, സൈബർ ആക്രമണം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ മാർഗങ്ങൾ കണ്ടെത്തി. മാനവരാശി നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയുന്ന യുവാക്കളുടെ ഒരു ആഗോളശൃംഖല സൃഷ്ടിക്കുക എന്നതാണ് അവരുടെ ലക്ഷ്യം.

  മാർലി ഡയസ്: കുട്ടികൾക്ക് വേണ്ടിയുള്ള പുസ്തകങ്ങളിലെ സാംസ്കാരിക വൈവിധ്യത്തിന്റെ അഭാവം മൂലം നിരാശ പൂണ്ട മാർലി ഡയസ് തന്റെ പതിനൊന്നാം വയസിൽ #1000BlackGirlBooks എന്ന ക്യാമ്പയിന് 2015-ൽ തുടക്കമിട്ടു. കറുത്ത വർഗക്കാരായ പെൺകുട്ടികളെ ചിത്രീകരിക്കുന്ന പുസ്തകങ്ങൾ ഈ ക്യാമ്പയിന്റെ ഭാഗമായി വ്യാപകമായി ശേഖരിക്കപ്പെടുകയും സംഭാവന നൽകപ്പെടുകയും ചെയ്തു.
  Published by:Jayesh Krishnan
  First published: