സൗത്ത് ലണ്ടനിലെ (South London) വീട്ടിൽ തന്റെ മകളെ ഉൾപ്പെടെ അനുയായികളായ സ്ത്രീകളെ 30 വർഷത്തോളം ബന്ദികളാക്കുകയും വേട്ടയാടുകയും ചെയ്ത മാവോയിസ്റ്റ് കൾട്ട് നേതാവ് (Maoist cult leader) ജയിലിൽ വച്ച് മരിച്ചു. ബ്രിട്ടനിലെ എൻഫീൽഡിൽ താമസിച്ചിരുന്ന 81 കാരനായ അരവിന്ദൻ ബാലകൃഷ്ണൻ (Aravindan Balakrishnan), കോമറേഡ് ബാല എന്നാണ് സ്വയം വിശേഷിപ്പിക്കുകയും അനുയായികൾക്കിടയിൽ അറിയപ്പെടുകയും ചെയ്തിരുന്നത്. തന്റെ മകൾ കാറ്റി മോർഗൻ-ഡേവീസ് ഉൾപ്പെടെയുള്ള അനുയായികളായ സ്ത്രീകളെ തനിയ്ക്ക് ദൈവതുല്യമായ ശക്തിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തടങ്കലിലാക്കിയിരുന്നത്. എന്നാൽ 2016ൽ സംഭവം പുറത്തായതോടെ കോടതി 23 വർഷത്തേയ്ക്ക് ഇയാൾക്ക് ജയിൽ ശിക്ഷ വിധിച്ചു.
എഴുപതുകൾ മുതൽ ബാലകൃഷ്ണൻ നടത്തിക്കൊണ്ടിരുന്ന വിചിത്രമായ ക്രൂരത ഒടുവിൽ ലോകമറിഞ്ഞു. ബാലപീഡനം, അന്യായമായി തടങ്കലിൽ വയ്ക്കൽ, ആക്രമണം എന്നിവയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്കാണ് ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ച് വന്നിരുന്നത്. ബാലകൃഷ്ണൻ ഇന്നലെ എച്ച്എംപി ഡാർട്ട്മൂരിൽ വച്ച് മരിച്ചതായാണ് ബിബിസി റിപ്പോർട്ട്.
സൗത്ത്വാർക്ക് ക്രൗൺ കോടതിയിൽ നടന്ന വിചാരണയ്ക്കിടെ, 30 വർഷത്തിലേറെയായി ഇയാൾ തന്റെ രണ്ട് വനിതാ അനുയായികളെ ബലാത്സംഗം ചെയ്തിരുന്നതായി തെളിഞ്ഞിരുന്നു. ജാക്കി എന്ന് പേരിട്ട ഒരു സാങ്കൽപ്പിക റോബോട്ടിനെ മുൻനിർത്തിയാണ് ഇയാൾ തടവുകാരെ ഭയപ്പെടുത്തിയിരുന്നത്. ഈ റോബോർട്ട് അവരുടെ മനസ്സ് വായിക്കുമെന്ന് ബാലകൃഷ്ണൻ ഭീഷണിപ്പെടുത്തിയിരുന്നു.
സിംഗപ്പൂരിൽ വളർന്ന കോമറേഡ് ബാല, ബ്രിട്ടീഷ് കൊളോണിയൽ ക്രൂരതകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.
കേരളത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ച ബാലകൃഷ്ണൻ, ബ്രിട്ടീഷ് നേവൽ ബേസിലെ ഗുമസ്തനായ പിതാവിനൊപ്പമാണ് സിംഗപ്പൂരിലേയ്ക്ക് താമസം മാറിയത്. സ്കൂൾ, ബിരുദതല വിദ്യാഭ്യാസം അവിടെ പൂർത്തിയാക്കി. പിന്നീട് 1963ൽ ബ്രിട്ടീഷ് പാസ്പോർട്ടിൽ ബ്രിട്ടനിലേക്ക് കപ്പൽ കയറി. രാഷ്ട്രീയ പ്രവർത്തനങ്ങളുടെ കേന്ദ്രമായ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ബിരുദമെടുത്തു.
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം സിംഗപ്പൂരിലെ അടിയന്തരാവസ്ഥ കാലഘട്ടത്തിലാണ് താൻ ബ്രിട്ടനിലെത്തിയതെന്ന് കോടതിയിൽ വാദം കേൾക്കുന്നതിനിടെ ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.
താമസിയാതെ അദ്ദേഹം രാഷ്ട്രീയ രംഗത്ത് സജീവമായി. ഒരു 'വിപ്ലവ സോഷ്യലിസ്റ്റ്' എന്ന് സ്വയം വിശേഷിപ്പിച്ച് രാഷ്ട്രീയ രംഗത്തേയ്ക്ക് ഇറങ്ങിയ ബാലകൃഷ്ണൻ വിദ്യാർത്ഥികളെയും മലേഷ്യൻ നഴ്സുമാരെയുമാണ് തന്റെ ലക്ഷ്യത്തിനായി റിക്രൂട്ട് ചെയ്തിരുന്നത്. 1970 കളുടെ തുടക്കത്തിൽ, 'ഫാസിസ്റ്റ് ഭരണകൂടത്തെ' അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ബാലകൃഷ്ണൻ ഔദ്യോഗികമായി വർക്കേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുകയും അനുയായികൾ അദ്ദേഹത്തെ കോമറേഡ് ബാല എന്ന് വിളിക്കുകയും ചെയ്തു.
'തൊഴിലാളിവർഗ്ഗത്തിന് മേൽ സ്വേച്ഛാധിപത്യം സ്ഥാപിക്കാനും ലോകത്തെ വിപ്ലവത്തിലേക്ക് നയിക്കാനും' തനിക്കും ചൈനീസ് സ്വേച്ഛാധിപതി മാവോ സേതുങ്ങിനും മാത്രമേ അധികാരമുള്ളൂ എന്നായിരുന്നു തന്റെ അനുയായികളെ ബാലകൃഷ്ണൻ വിശ്വസിപ്പിച്ചിരുന്നത്. കാലക്രമേണ, അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകൾ കൂടുതൽ തീവ്രമായതായി മാറുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.