മലേഷ്യയിൽ പഫർ മത്സ്യം പാകം ചെയ്ത് കഴിച്ച 83കാരി മരിച്ചു. ഭർത്താവ് അബോധാവസ്ഥയിൽ. മലേഷ്യയിലെ കാംപുങ് ചമേക്കിൽ താമസിച്ചിരുന്ന ലിം സിയു ഗുവാനും അവരുടെ ഭർത്താവിനുമാണ് അപകടം സംഭവിച്ചത്.
അവരുടെ ഗ്രാമത്തിൽ പതിവായി മൽസ്യവില്പനയ്ക്ക് എത്തുന്ന ആളിൽ നിന്നാണ് അന്നും മൽസ്യം വാങ്ങിയത്. എന്നാൽ അന്ന് വാങ്ങിയത് പഫർ മത്സ്യമായിരുന്നു. അതിന്റെ പാർശ്വഫലങ്ങളെ കുറിച്ച് അറിവില്ലാതിരുന്നതാകാം ഈ അപകടത്തിന് കാരണമായതെന്ന് മകൾ എൻജി എയ് ലീ പറഞ്ഞു.
ലിം സിയു ഗുവാൻ ഉച്ചഭക്ഷണത്തിനായി മീൻ കറി വച്ചു. അത് കഴിച്ചയുടനെ അവർക്ക് ശ്വാസതടസ്സവും വിറയലും അനുഭവപ്പെട്ടു തുടങ്ങി. പിന്നാലെ ഭർത്താവിനും സമാനമായ ബുദ്ധിമുട്ടുകൾ ഉണ്ടായി.
Also read-പറക്കുന്നതിനിടെ ഹോട്ട് എയര്‍ ബലൂണിന് തീ പിടിച്ചു; രണ്ട് മരണം
“എന്റെ മാതാപിതാക്കൾ വർഷങ്ങളായി ഒരേ മത്സ്യ കച്ചവടക്കാരനിൽ നിന്നാണ് മത്സ്യം വാങ്ങുന്നത്, അതിനാൽ അച്ഛൻ രണ്ടാമതൊന്നും ചിന്തിച്ചിരിക്കില്ല. അദേഹം അറിഞ്ഞുകൊണ്ട് മാരകമായ എന്തെങ്കിലും വാങ്ങി കഴിച്ച് അവരുടെ ജീവൻ അപകടത്തിലാക്കില്ല, ”ലീ പറഞ്ഞു.
മക്കളായ ലീയും സഹോദരനും ക്വാലാലംപൂരിലാണ് താമസിക്കുന്നത്. വിവരം അറിഞ്ഞ ഇരുവരും ഉടൻ തന്നെ അവിടെ നിന്ന് പുറപ്പെട്ടെങ്കിലും അമ്മയുടെ മരണവാർത്ത വഴിമധ്യേ മറ്റൊരു ജ്യേഷ്ഠൻ അറിയിക്കുകയായിരുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പഫർ മത്സ്യത്തിന്റെ വിൽപ്പന നിയന്ത്രിക്കണമെന്ന് ലീ സർക്കാരിനോട് അഭ്യർത്ഥിച്ചു.
പഫർ മത്സ്യത്തിൽ അടങ്ങിയിട്ടുള്ള വിഷാംശം മൂലമാണ് ഗ്വാൻ മരിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇത് ഭക്ഷ്യവിഷബാധയ്ക്കും തുടർന്ന് നാഡീവ്യവസ്ഥയുടെയും ശ്വാസതടസ്സത്തിനും ക്രമരഹിതമായ ഹൃദയമിടിപ്പിനുംകാരണമായതായി റിപോർട്ടുകൾ പറയുന്നു.
ലീയുടെ അച്ഛൻ ഇപ്പോഴും കോമയിലാണ്. “എന്റെ മാതാപിതാക്കളുടെ അനുഭവത്തിലൂടെ വിഷാംശങ്ങളുള്ള ഇത്തരം മത്സ്യങ്ങളോ ഭക്ഷണമോ കഴിക്കുന്നതിലെ അപകടത്തെ കുറിച്ച് പൊതുജനങ്ങൾ കൂടുതൽ അവബോധമുള്ളവരാകുമെന്ന് പ്രതീക്ഷിക്കുന്നു. ആളുകൾ ഇക്കാര്യങ്ങൾ അറിഞ്ഞുകൊണ്ട് തന്നെ പഫർ മത്സ്യം കഴിക്കുന്നുവെന്നത് നിരാശാജനകമാണ്, ”ലീ കൂട്ടിച്ചേർത്തു.
Also read-അമേരിക്കയിൽ സ്‌കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികൾ ഉൾപ്പടെ 6 മരണം, അക്രമിയെ പൊലീസ് വധിച്ചു
അതേസമയം, ശരിയായി വൃത്തിയാക്കാതെ പഫർ മത്സ്യം കഴിക്കുന്നത് ഇത്തരം അപകടങ്ങൾക്ക് കാരണമാകുമെന്ന് ജോഹോർ ഹെൽത്ത് ആൻഡ് യൂണിറ്റി കമ്മിറ്റി ചെയർമാൻ ലിംഗ് ടിയാൻ സൂൺ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇത് ഗുരുതരമായ രോഗത്തിന് കാരണമാകുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ജപ്പാനിൽ പരിചയസമ്പന്നരായ പാചകക്കാർക്ക് മാത്രമേ പഫർ മത്സ്യം പാചകം ചെയ്യാനും വിളമ്പാനും അനുവാദമുള്ളൂ, കാരണം മൽസ്യത്തിലുള്ള വിഷവസ്തുക്കളെ എങ്ങനെ നീക്കം ചെയ്യണമെന്ന് അവർക്കറിയാം.
മലേഷ്യയിലെ ഹെൽത്ത് ഡയറക്ടർ ജനറൽ ടാൻ ശ്രീ ഡോ. നൂർ ഹിഷാം അബ്ദുള്ള അപകടകരമായ വിഷാംശം അടങ്ങിയ പഫർ മത്സ്യം മലേഷ്യയിൽ വിൽക്കാൻ അനുവദിക്കില്ലെന്ന് അറിയിച്ചു. 1985 നും 2023 മാർച്ചിനും ഇടയിൽ രാജ്യത്ത് 58 പേർക്ക് പഫർ ഫിഷ് വിഷബാധ ഉണ്ടായിട്ടുണ്ട്. ഇതിൽ 18 പേർ മരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.