യുഎസിലെ അയോവയിലെ ഒരു ബീച്ചില്‍ (beach) നീന്താനിറങ്ങിയ വിനോദസഞ്ചാരിക്ക് അപൂര്‍വ്വവും മാരകവുമായ മസ്തിഷ്ക രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ബീച്ചിലേക്കുള്ള പ്രവേശനം നിരോധിച്ചു. ടെയ്ലര് കൗണ്ടിയിലെ ലേക് ഓഫ് ത്രീ ഫയേഴ്സ് സ്റ്റേറ്റ് പാര്‍ക്കിലെ ബീച്ചാണ് താല്‍ക്കാലികമായി അടയ്ക്കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചത്.
''കടലില്‍ നീന്തുന്നതിനിടെയാണ് മിസോറി നിവാസിയായ യുവാവിന് നെഗ്ലേരിയ ഫൗലേരി അണുബാധ (naegleria fowleri infection) ഉണ്ടായത്. തുടർന്ന് മുന്‍കരുതല്‍ ആയാണ് ബീച്ച് താല്‍ക്കാലികമായി അടച്ചത്,'' ആരോഗ്യ വകുപ്പിന്റെ വാർത്താക്കുറിപ്പില്‍ പറയുന്നു.
കടലില്‍ നീന്തി വന്നതിനു ശേഷം അദ്ദേഹത്തിന് തലവേദന (headache) അനുഭവപ്പെടുകയും പിന്നീട് ആരോഗ്യനില വഷളാവുകയുമായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നെഗ്ലേരിയ ഫൗലേറി അമീബ എന്ന അപൂര്‍വ രോഗബാധയുണ്ടെന്ന് കണ്ടെത്തിയത്. ഇത് വളരെ അപകടകരമാണ്. തലച്ചോറിലെ കോശങ്ങളെ ഭക്ഷിക്കുന്ന ഒരു തരം അമീബയാണ് രോഗകാരി. മിക്ക കേസുകളിലും രോഗികൾക്ക് മരണം സംഭവിക്കാറുണ്ട്.
പ്രൈമറി അമീബിക് മെനിംഗോ എന്‍സെഫലൈറ്റിസ് (PAM) എന്ന് വിളിക്കുന്ന ഈ അണുബാധ, ഏകകോശ ജീവിയായ നെഗ്ലേരിയ ഫൗലേരി അമീബ മൂലമുണ്ടാകുന്ന അസാധാരണവും മാരകമായേക്കാവുന്നതുമായ മസ്തിഷ്ക അണുബാധയാണ്. യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്റെ അഭിപ്രായത്തില്‍, മണ്ണ്, തടാകങ്ങള്‍, നദികള്‍, ചൂടുള്ള നീരുറവകള്‍ എന്നിവിടങ്ങളിലുള്‍പ്പെടെ നെയ്ഗ്ലേരിയ ഫൗലേരി എന്ന അമീബയെ പതിവായി കാണാറുണ്ട്. ക്ലോറിനേറ്റ് ചെയ്യാത്ത സ്വിമ്മിംഗ് പൂളുകളിലും അവയുയുണ്ടാകാം.
ആരോഗ്യ വകുപ്പിന്റെ അഭിപ്രായത്തില്‍, അമീബയുള്ള വെള്ളം ഒരു വ്യക്തിയുടെ മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിച്ച് തലച്ചോറിലെത്തുകയും മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. 1962 മുതല്‍ 2021 വരെ അമേരിക്കയില്‍ ഇത്തരം 154 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ നാല് പേരെ മാത്രമാണ് രക്ഷിക്കാനായത്.
ടെക്സാസ് നദിയില്‍ നീന്തുന്നതിനിടെ മസ്തിഷ്കം ഭക്ഷണമായി കഴിക്കുന്ന അപൂര്‍വ അമീബ ബാധിച്ചതിനെ തുടര്‍ന്ന് യുഎസില്‍ പത്തു വയസുകാരി മരിച്ചതും വലിയ വാര്‍ത്തയായിരുന്നു. 2020ലായിരുന്നു സംഭവം. സെപ്തംബര്‍ ആദ്യമായിരുന്നു ലിലി മാ അവന്ത് എന്ന പെൺകുട്ടി അവധിക്കാലം ആഘോഷിക്കാന്‍ ടെക്സാസില്‍ എത്തിയത്. ഇവിടെ നദിയില്‍ കുളിച്ച പെണ്‍കുട്ടിക്ക് പിന്നീട് തലവേദനയും പനിയും അനുഭവപ്പെടുകയായിരുന്നു.
ആരോഗ്യം വളരെ പെട്ടെന്നു തന്നെ വഷളായതിനെ തുടര്‍ന്ന് പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട്, ഫോര്‍ത്ത് വോര്ത്തിലെ കുക്ക് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ജീവന് രക്ഷിക്കാന്‍ പരമാവധി ശ്രമം നടത്തിയെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. നീന്തുന്നതിനിടയില്‍ അമീബ മൂക്കിനുള്ളില്‍ കൂടി പ്രവേശിക്കുകയായിരുന്നുവെന്നാണ് ടെക്സാസിലെ ആരോഗ്യവകുപ്പ് വ്യക്തമാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.