ടാംവര്‍ത്ത് മേഖലയിലെ 1,042 ഹെക്ടറോളം ഭൂമി കത്തിനശിച്ചു. 1.7 മില്യണ്‍ ഡോളറിന്റെ നാശനഷ്ടങ്ങളാണ് ഇവര്‍ വരുത്തിവെച്ചത്.
Last Updated :
Share this:
തെളിവുകള്‍ നശിപ്പിക്കാന്‍ മോഷ്ടാക്കൾ പല വഴികളും കണ്ടെത്താറുണ്ട്. എന്നാല്‍ ഓസ്ട്രേലിയയില്‍ (australia) ആയിരം ഹെക്ടര്‍ സ്ഥലത്ത് തീയിട്ടാണ് യുവാവ് മോഷണ മുതൽ (theft evidence) നശിപ്പിച്ചത്. ഓസ്ട്രേലിയന്‍ കോടതി മോഷ്ടാവിന് ജയില്‍ശിക്ഷ വിധിച്ചു. വിയോണ്‍ ന്യൂസ് റിപ്പോര്‍ട്ട് അനുസരിച്ച്, ഓസ്ട്രേലിയയിലെ സെന്‍ട്രല്‍ വിക്ടോറിയയിലെ ഹാംഗിംഗ് റോക്കിന് സമീപമുള്ള ഒരു ലോഗ്ഗിംഗ് എക്സ്കവേറ്ററില്‍ നിന്ന് ഇയാള്‍ തന്റെ കൂട്ടാളിയുമായി ചേര്‍ന്ന് 200 ലിറ്റര്‍ ഡീസല്‍ മോഷ്ടിച്ചിരുന്നു. 2019ലായിരുന്നു സംഭവം. എന്നാല്‍ സ്ഥലംവിടുന്നതിനു മുമ്പ് ഇരുവരും ബാക്കിയുള്ള ഡീസല്‍ (diesel) ഒരു സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് കത്തിച്ചു. ഇത് വലിയ തീപിടുത്തത്തിന് കാരണമായി. ടാംവര്‍ത്ത് മേഖലയിലെ 1,042 ഹെക്ടറോളം ഭൂമി കത്തിനശിക്കാന്‍ ഇടയാക്കി. 1.7 മില്യണ്‍ ഡോളറിന്റെ നാശനഷ്ടങ്ങളാണ് ഇവര്‍ വരുത്തിവെച്ചത്.
നാശത്തിന്റെ വ്യാപ്തി അംഗീകരിക്കുന്നുവെന്നാണ് പ്രതിഭാഗം വക്കീല്‍ കിംബര്‍ലി നോര്ക്വേ ഇവാന്‍സ് പറഞ്ഞത്. ഇങ്ങനെ സംഭവിച്ചതിൽ ഖേദിക്കുന്നതായും അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. എന്നാല്‍ അഭിഭാഷകന്റെ ന്യായീകരണങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. മതിയായ കാരണങ്ങളില്ലാതെ ഒരാളും ഇത്തരമൊരു പ്രവൃത്തി ചെയ്യില്ലെന്ന് മജിസ്ട്രേറ്റ് ചൂണ്ടിക്കാട്ടി. മോഷണം നടത്തുമ്പോള്‍ പ്രതിയ്ക്ക് വെറും 17 വയസ്സ് മാത്രമായിരുന്നു പ്രായം. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കോടതി യുവാവിന് 12 മാസത്തെ തടവിന് ശിക്ഷിച്ചു. അഞ്ച് മാസത്തിന് ശേഷം പരോള്‍ ലഭിക്കാനുള്ള അര്‍ഹതയുണ്ട്. എബിസി ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം പ്രതിക്ക് ക്രിമിനല്‍ റെക്കോര്‍ഡുകള്‍ ഒന്നും തന്നെയില്ല.
അടുത്തിടെ, കാമുകിയുമായി വഴക്കിട്ട യുവാവ് ആര്‍ട്ട് മ്യൂസിയത്തിലെ 40 കോടി രൂപ വിലമതിക്കുന്ന വസ്തുക്കള്‍ നശിപ്പിച്ചതും വാർത്തയായിരുന്നു. യുഎസിലെ ഡല്ലാസിലായിരുന്നു സംഭവം. 5 മില്യണ്‍ ഡോളറിലധികം (ഏകദേശം 38.85 കോടി രൂപയുടെ) നാശനഷ്ടമാണ് ബ്രെയിന്‍ ഹെര്‍ണാണ്ടസ് എന്ന യുവാവ് വരുത്തി വച്ചത്. മ്യൂസിയത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇയാള്‍ വിലപിടിപ്പുള്ള ശില്പ്പങ്ങള് നശിപ്പിക്കുന്നത് കണ്ടെത്തിയത്. ഇയാള്‍ ഓരോ മുറിയിലും കയറിയിറങ്ങി ഡിസ്പ്ലേ കേസുകളും അതിനുള്ളിലെ സാധനങ്ങളും തല്ലിത്തകര്‍ത്തുവെന്ന് പോലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. ലോഹക്കസേര കൊണ്ടാണ് അയാള്‍ ഓരോന്നും തല്ലിത്തകര്‍ക്കുന്നത്. ആറാം നൂറ്റാണ്ടിലെ ഒരു ഗ്രീക്ക് ആംഫോറയും ബിസി 450-ലെ ഒരു പാത്രവും അയാള്‍ തല്ലിത്തകര്‍ത്തിരുന്നു.
100,000 ഡോളര്‍ വിലമതിക്കുന്ന 'കൈലിക്സ് ഹെരാക്ള്സ് ആന്‍ഡ് നെമിയോണ്‍ ലയണ്‍' പ്രതിമയും ബ്രയാന്‍ നശിപ്പിച്ചിട്ടുണ്ട്. മ്യൂസിയത്തില്‍ സ്ഥാപിച്ചിരിക്കുന്ന സാനിറ്റൈസര്‍ സ്റ്റാന്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ 'ബട്ടാ കുഹു അലിഗേറ്റര്‍ ഗാര് ഫിഷ്' പ്രതിമ തകര്‍ത്തത്. ഈ പ്രതിമ 10,000 ഡോളര്‍ വിലമതിക്കുന്നതാണ്. ഡിസ്പ്ലേ കേസ് തകര്‍ന്നപ്പോള്‍ ബ്രയാന്‍ പ്രതിമ തറയിലേക്കെറിഞ്ഞ് കഷണങ്ങളാക്കുകയായിരുന്നു. ശില്പ്പങ്ങള് കൂടാതെ, ലാപ്ടോപ്പ്, മോണിറ്റര്‍, ഫോണ്‍, നാല് പ്ലെക്സിഗ്ലാസ് ഡിസ്പ്ലേ കേസുകള്‍, രണ്ട് വുഡന്‍ ഡിസ്പ്ലേകള്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് വസ്തുക്കളും ബ്രയാന്‍ നശിപ്പിച്ചിട്ടുണ്ട്.
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.