• HOME
  • »
  • NEWS
  • »
  • world
  • »
  • സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ജോലി ചെയ്യുന്നതിന് വിലക്ക്; ശരീഅത്ത് അനുവദിക്കുന്നില്ലെന്ന് താലിബാൻ

സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ജോലി ചെയ്യുന്നതിന് വിലക്ക്; ശരീഅത്ത് അനുവദിക്കുന്നില്ലെന്ന് താലിബാൻ

സംഘടന അതിന്റെ ശരീഅത്ത് നിയമത്തിന്റെ പൂര്‍ണരൂപം നടപ്പാക്കുമെന്നും അത് സ്ത്രീകളെ പുരുഷന്മാർക്കൊപ്പം ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്നുമാണ് മുതിര്‍ന്ന താലിബാൻ നേതാവായ വഹീദുല്ല ഹാഷിമി റോയിട്ടേഴ്സിനോട് പറഞ്ഞത്.

Waheedullah Hashimi (Image: Reuters)

Waheedullah Hashimi (Image: Reuters)

  • Share this:
    അഫ്ഗാന്‍ സ്ത്രീകളെ പുരുഷന്മാര്‍ക്കൊപ്പം ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് രാജ്യത്തെ ഭരണം നിയന്ത്രിക്കുന്ന താലിബാന്‍ ഭീകര സംഘത്തിലെ ഒരു മുതിര്‍ന്ന അംഗം. സ്ത്രീകള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നിടത്ത് ജോലി ചെയ്യാനുള്ള അവകാശം അനുവദിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദ്ദം ഉണ്ടെങ്കിലും, സംഘടന അതിന്റെ ശരീഅത്ത് നിയമത്തിന്റെ അല്ലെങ്കില്‍ ഇസ്ലാമിക് നിയമത്തിന്റെ പൂര്‍ണരൂപം നടപ്പാക്കുമെന്നും അത് സ്ത്രീകളെ പുരുഷന്മാർക്കൊപ്പം ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്നുമാണ് മുതിര്‍ന്ന താലിബാൻ നേതാവായ വഹീദുല്ല ഹാഷിമി റോയിട്ടേഴ്സിനോട് പറഞ്ഞത്.

    കഴിഞ്ഞ മാസം താലിബാന്‍ ഭീകരര്‍ രാജ്യം പിടിച്ചടക്കിയതിന് ശേഷം, ശരീഅത്ത് നിയമ പരിധിക്കുള്ളില്‍ സ്ത്രീകള്‍ക്ക് ജോലി ചെയ്യാനും പഠിക്കാനും കഴിയുമെന്നായിരുന്നു സംഘടന പറഞ്ഞത്. എന്നാല്‍ സ്ത്രീകള്‍ക്ക് അവരുടെ ജോലി നിലനിര്‍ത്തുന്നത് സംബന്ധിച്ചുള്ള പ്രായോഗിക ഫലത്തെക്കുറിച്ച് വ്യാപകമായ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. 1996-2001 കാലയളവിൽ താലിബാന്‍ അവസാനമായി അഫ്ഗാനിസ്ഥാന്‍ ഭരിച്ചപ്പോള്‍, സ്ത്രീകളെ ജോലിയില്‍ നിന്നും വിദ്യാഭ്യാസത്തില്‍ നിന്നും വിലക്കിയിരുന്നു. മാത്രമല്ല, താലിബാന്‍ വ്യാഖ്യാനിക്കുന്ന ശരീഅത്ത് നിയമമാണ് രാജ്യത്ത് നടപ്പിലാക്കുന്നതെന്നുള്ളതും സ്ത്രീകളുടെ ജോലി സംബന്ധിച്ചുള്ള കാര്യങ്ങള്‍ അനിശ്ചിതത്വത്തിലാക്കുന്നു. അന്താരാഷ്ട്ര സമൂഹം വലിയ പ്രാധാന്യത്തോടെയാണ് അഫ്ഗാനിലെ ഈ പ്രശ്‌നം വീക്ഷിക്കുന്നത്. കൂടാതെ ഇത് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ ബാധിക്കുകയും ചെയ്യും. .

    ''അഫ്ഗാനിസ്ഥാനിലേക്ക് ശരീഅത്ത് നിയമം കൊണ്ടുവരാന്‍ ഞങ്ങള്‍ ഏകദേശം 40 വര്‍ഷമായി പോരാടി. ശരീഅത്ത്, പുരുഷന്മാരെയും സ്ത്രീകളെയും ഒരുമിച്ചു കൂടാനോ ഒരു മേല്‍ക്കൂരയില്‍ ഇരിക്കാനോ അനുവദിക്കുന്നില്ല. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അത് വ്യക്തമാണ്. ഞങ്ങളുടെ ഓഫീസുകളില്‍ വന്ന് ഞങ്ങളുടെ മന്ത്രാലയങ്ങളില്‍ ജോലി ചെയ്യാന്‍ അവര്‍ക്ക് അനുവാദമില്ല,'' ഹാഷിമി അഭിമുഖത്തില്‍ പറഞ്ഞു.

    2001 ല്‍ താലിബാന്റെ വീഴ്ചയ്ക്ക് ശേഷം പാശ്ചാത്യ പിന്തുണയുള്ള സര്‍ക്കാര്‍ സ്ഥാപിതമാവുകയും മാധ്യമങ്ങള്‍ പോലുള്ള മേഖലകളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുകയും ചെയ്തു. അതിനാല്‍ ഇനി പല മേഖലകളിലും സ്ത്രീകള്‍ക്ക് നിരോധനം ബാധകമാകുമെന്ന് ഹാഷിമി പറഞ്ഞു. “വീടിന് പുറത്തുള്ള പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള സമ്പര്‍ക്കം ചില സാഹചര്യങ്ങളില്‍ അനുവദനീയമാണ്, ഉദാഹരണത്തിന് ഒരു പുരുഷ ഡോക്ടറെ കാണുമ്പോള്‍..,” അദ്ദേഹം വിശദീകരിക്കുന്നു.

    എന്നാൽ വിദ്യാഭ്യാസ, മെഡിക്കല്‍ മേഖലകളില്‍ പഠിക്കാനും ജോലി ചെയ്യാനും സ്ത്രീകളെ അനുവദിക്കണം എന്നാണ് ഹാഷിമിയുടെ അഭിപ്രായം. അവിടെ സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കണം. ''തീര്‍ച്ചയായും നമുക്ക് സ്ത്രീകളെ വേണം, ഉദാഹരണത്തിന് വൈദ്യത്തില്‍, വിദ്യാഭ്യാസ രംഗങ്ങളില്‍, അവര്‍ക്ക് പ്രത്യേക സ്ഥാപനങ്ങള്‍, പ്രത്യേക ആശുപത്രികള്‍, പ്രത്യേക സര്‍വകലാശാലകള്‍, പ്രത്യേക വിദ്യാലയങ്ങള്‍, പ്രത്യേക മദ്രസകള്‍ എന്നിവ വേണം,'' ഹാഷിമി കൂട്ടിച്ചേര്‍ത്തു.

    ഹാഷിമിയുടെ അഭിപ്രായങ്ങള്‍ താലിബാന്‍ ഭീകരരുടെ നിയന്ത്രണത്തിലുള്ള പുതിയ സര്‍ക്കാരിന്റെ നയങ്ങളെ എത്രത്തോളം പ്രതിഫലിപ്പിക്കുന്നുവെന്ന് വ്യക്തമല്ല. എന്നിരുന്നാലും മറ്റ് ചില ഉദ്യോഗസ്ഥര്‍ നടത്തിയ പൊതു അഭിപ്രായങ്ങളേക്കാള്‍ കൂടുതല്‍ മുന്നോട്ട് പോകുമെന്നാണ് തോന്നുന്നത്.

    താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയതിന് ശേഷമുള്ള ദിവസങ്ങളില്‍, താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതിങ്ങനെയായിരുന്നു, ''സ്ത്രീകള്‍ സമൂഹത്തിലെ ഒരു പ്രധാന ഭാഗമാണ്, അവര്‍ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കും.'' സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ജോലിയിലേക്ക് മടങ്ങാനുള്ള ആഹ്വാനത്തില്‍ അദ്ദേഹം പ്രത്യേകമായി സ്ത്രീ ജീവനക്കാരെയും ഉള്‍പ്പെടുത്തി സംസാരിച്ചിരുന്നു. പക്ഷെ സെപ്റ്റംബര്‍ 7 ന് പ്രഖ്യാപിച്ച കാബിനറ്റ് നിയമനങ്ങളില്‍ സ്ത്രീകളൊന്നും ഉള്‍പ്പെട്ടിട്ടില്ല. സ്ത്രീകളെ അവരുടെ ജോലിസ്ഥലങ്ങളില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചയച്ചതായി വ്യാപകമായ റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
    Published by:Naveen
    First published: