• HOME
 • »
 • NEWS
 • »
 • world
 • »
 • മിഖായേൽ ഗൊർബച്ചേവ് അന്തരിച്ചു; സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റിന് വിടപറഞ്ഞ് ലോകം

മിഖായേൽ ഗൊർബച്ചേവ് അന്തരിച്ചു; സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റിന് വിടപറഞ്ഞ് ലോകം

ആറു വർഷം സോവിയറ്റ് യൂണിയന്റെ പ്രസിഡന്റായിരുന്ന മിഖായേൽ ഗൊർബച്ചോവ് വിടവാങ്ങി.

 • Last Updated :
 • Share this:
  മോസ്കോ: സോവിയറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡന്റ് മിഖായേൽ ഗൊർബച്ചേവ് (91) ഓർമ്മയായി. നീണ്ടുനിന്ന ഗുരുതര അസുഖത്തെത്തുടർന്ന് മോസ്കോയിലെ സെൻട്രൽ ഹോസ്പിറ്റലിൽ വച്ച് ഗോർബച്ചേവ് മരിച്ചുവെന്ന് റഷ്യൻ വാർത്താ ഏജൻസികൾ അറിയിച്ചു. അന്ത്യത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മോസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചിരുന്നു.

  അമേരിക്കയുമായുള്ള ശീതയുദ്ധം രക്തച്ചൊരിച്ചി‍ൽ ഇല്ലാതെ അവസാനിപ്പിക്കുന്നതിൽ ഗൊർബച്ചേവ് നിർണായക പങ്കുവഹിച്ചു. 1991ൽ സോവിയറ്റ് യൂണിയന്റെ ശിഥിലീകരണം തടയുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. രണ്ടാം ലോകയുദ്ധത്തിനു ശേഷം ലോകത്ത് ഉയർന്നുവന്ന ‘ഇരുമ്പുമറ’ ഇല്ലാതാക്കുന്നതിലും ജർമനിയുടെ ഏകീകരണം സാധ്യമാക്കുന്നതിലും ഗൊർബച്ചേവിന്റെ നടപടികൾ പ്രധാനപങ്ക് വഹിച്ചു.

  അദ്ദേഹത്തിന്റെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ പറഞ്ഞു. യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ് ഗോർബച്ചേവിനെ "ചരിത്രത്തിന്റെ ഗതി മാറ്റിമറിച്ച ഒരു രാഷ്ട്രതന്ത്രജ്ഞൻ" എന്നും "ശീതയുദ്ധത്തിന് സമാധriനപരമായ അന്ത്യം കൊണ്ടുവരാൻ മറ്റേതൊരാളേക്കാളും കൂടുതൽ പ്രവർത്തിച്ച വ്യക്തി" എന്നും പ്രശംസിച്ചു.

  read also: ക്യൂബൻ വിപ്ലവ നേതാവ് ചെഗുവേരയുടെ മകന്‍ കാമിലോ ഗുവേര അന്തരിച്ചു

  ആറു വർഷം സോവിയറ്റ് യൂണിയന്റെ പ്രസിഡന്റായിരുന്ന മിഖായേൽ ഗൊർബച്ചോവ് കൊണ്ടുവന്ന ഭരണപരിഷ്കരങ്ങളാണ് ലക്ഷ്യംകാണാതെ സോവിയറ്റ് സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടിയത്. റിപ്പബ്ലിക്കുകൾ ഓരോന്നായി വിട്ടുപോകവേ, ഡിസംബർ 25ന് അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചു.

  ശീതയുദ്ധം സമാധാനപരമായ ഒരു പരിസമാപ്തിയിലെത്തിക്കാൻ ഗോർബച്ചേവ് കാണിച്ച ധൈര്യത്തെയും സത്യസന്ധതയെയും താൻ എല്ലായ്‌പ്പോഴും അഭിനന്ദിക്കുന്നുവെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. “യുക്രെയ്‌നിലെ പുടിന്റെ ആക്രമണത്തിന്റെ കാലത്ത്, സോവിയറ്റ് സമൂഹത്തെ വിശാലമാക്കാനുള്ള അദ്ദേഹത്തിന്റെ അശ്രാന്തമായ പ്രതിബദ്ധത നമുക്കെല്ലാവർക്കും ഒരു മാതൃകയാണ്,” അദ്ദേഹം ഒരു ട്വിറ്റർ പോസ്റ്റിൽ പറഞ്ഞു.

  1985ൽ അധികാരമേറ്റ ഗൊർബച്ചോവ് രാജ്യത്തെ കൂടുതൽ വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കാൻ ലക്ഷ്യമിട്ടു രണ്ടു നയപരിപാടികൾ കൊണ്ടുവന്നു. രാഷ്ട്രീയ സുതാര്യത വാഗ്‍ദാനം ചെയ്യുന്ന ഗ്ലാസ്നോസ്തും സാമ്പത്തിക ഉദാരവൽക്കരണമായ പെരിസ്ട്രോയിക്കയും. ഗൊർബച്ചേവിന്റെ ഈ നടപടികൾ വിജയം കണ്ടില്ല.

  യെൽറ്റ്‌സിൻ ഉൾപ്പെടെ നിരവധി പ്രശസ്ത റഷ്യൻ വ്യക്തികളുടെ വിശ്രമകേന്ദ്രമായ മോസ്കോയിലെ നോവോഡെവിച്ചി സെമിത്തേരിയിൽ, ഭാര്യ റൈസയുടെ അരികിൽ അദ്ദേഹത്തെ സംസ്‌കരിക്കുമെന്ന് ഗോർബച്ചേവ് കുടുംബവുമായി അടുപ്പമുള്ളവർ വാർത്താ ഏജൻസിയായ ടാസിനോട് പറഞ്ഞു.
  Published by:Amal Surendran
  First published: