• HOME
 • »
 • NEWS
 • »
 • world
 • »
 • Religious Freedom | കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, ഇറാൻ: വിവിധ രാജ്യങ്ങളിലെ മതസ്വാതന്ത്ര്യം‍ എങ്ങനെ?

Religious Freedom | കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, ഇറാൻ: വിവിധ രാജ്യങ്ങളിലെ മതസ്വാതന്ത്ര്യം‍ എങ്ങനെ?

ബിജെപി നേതാക്കളുടെ പ്രവാചക നിന്ദാ പരാമർശങ്ങളെ തുടർന്ന് പല ലോകരാഷ്ട്രങ്ങളുടെയും വിമർശനം നേരിടുകയാണ് ഇന്ത്യ. ഈ സാഹചര്യത്തിൽ കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, ഇറാൻ എന്നീ രാജ്യങ്ങളിൽ നിലവിലുള്ള മതസ്വാതന്ത്ര്യത്തെക്കുറിച്ച് നോക്കാം -

പ്രതീകാത്മക ചിത്രം/ AFP

പ്രതീകാത്മക ചിത്രം/ AFP

 • Share this:
  ബിജെപി നേതാക്കളുടെ പ്രവാചക നിന്ദാ പരാമർശങ്ങളെ തുടർന്ന് പല ലോകരാഷ്ട്രങ്ങളുടെയും വിമർശനം നേരിടുകയാണ് ഇന്ത്യ. ബിജെപി വക്താവ് നൂപുർ ശർമയുടെയും ഡൽഹി മീഡിയാ മേധാവി നവീൻ കുമാർ ജിൻഡാലിന്റെയും പരാമർശത്തെ രൂക്ഷമായി വിമർശിച്ച്, മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഔദ്യോഗിക പ്രസ്താവനകൾ ഇറക്കിയിരിക്കുകയുമാണ് കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ. ഇറാനും പരാമർശത്തെ അപലപിച്ചിട്ടുണ്ട്. എന്നാൽ ഇത് രാജ്യത്തിന്റെ ഔദ്യോ​ഗിക നിലപാട് അല്ലെന്നറിയിച്ച് ഇന്ത്യ ഇരുനേതാക്കൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.

  ഈ സാഹചര്യത്തിൽ കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, ഇറാൻ എന്നീ രാജ്യങ്ങളിൽ നിലവിലുള്ള മതസ്വാതന്ത്ര്യത്തെക്കുറിച്ച് നോക്കാം

  കുവൈത്ത് (Kuwait)

  രാജ്യത്തെ ഔദ്യോ​ഗിക മതമായി ഭരണഘടന പ്രഖ്യാപിച്ചിരിക്കുന്നത് ഇസ്‍ലാം. എന്നാൽ മത സ്വാതന്ത്ര്യം അനുവദിക്കുന്നുമുണ്ട്. ഭരണഘടനയനുസരിച്ച് മതം നോക്കാതെ എല്ലാ വ്യക്തികളും നിയമത്തിനു മുന്നിൽ തുല്യരാണ്. പ്രസിദ്ധീകരണമോ പ്രക്ഷേപണമോ വഴി ഇസ്‌ലാം, യഹൂദമതം, ക്രിസ്തുമതം തുടങ്ങിയ (അബ്രഹാമിക്) മതങ്ങൾക്കെതിരെയുള്ള പ്രചാരണങ്ങൾക്ക് കുവൈറ്റിൽ വിലക്കുണ്ട്. എങ്കിലും സൗദി അറേബ്യ, ബഹ്‌റൈൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരും ജനസംഖ്യയുടെ 35 ശതമാനവും വരുന്ന ഷിയാ വിഭാ​ഗക്കാരായ മതന്യൂനപക്ഷങ്ങളും ഇവിടെ വിവേചനം നേരിടുന്നുണ്ട്.

  ദീപാവലി, ക്രിസ്മസ്, ഈസ്റ്റർ തുടങ്ങിയ ഇസ്ലാമികേതര അവധി ദിനങ്ങൾ ചില ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും ആചരിക്കുന്നുണ്ടെങ്കിലും, ഇത്തരം ആഘോഷങ്ങളെ അംഗീകരിക്കാത്ത ചില മുസ്ലീം മതനേതാക്കൾ ഉണ്ടെന്നും ഈ ഉത്സവങ്ങൾ പരസ്യമായി ആഘോഷിക്കുന്നത് തടയാൻ സർക്കാരിനോട് അവർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരു റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. ഇന്ത്യൻ പൗരത്വമുള്ള ഹിന്ദുക്കൾക്കും സിഖ് വംശജർക്കും ഇന്ത്യൻ എംബസിയിൽ വെച്ച് വിവാഹം കഴിക്കാം. ഇതര വിശ്വാസങ്ങളിലും രജിസ്റ്റർ ചെയ്യാത്ത ക്രിസ്തീയ വിഭാഗങ്ങളിലേയും അംഗങ്ങൾക്ക് രാജ്യത്ത് നിയമപരമായി വിവാഹം കഴിക്കാൻ കഴിയില്ല. എന്നാൽ വിദേശത്തു വെച്ചു നടന്ന അവരുടെ വിവാഹ സർട്ടിഫിക്കറ്റിന് അംഗീകാരമുണ്ടാകും.

  ഇസ്‌ലാം മതത്തിൽ നിന്നും പുറത്തു പോകുന്നവർ കുവൈത്തിൽ നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. രാജ്യത്തിന് പുറത്തു വെച്ച് മതം മാറുന്ന പൗരന്മാരുടെ ബന്ധുക്കൾ പലപ്പോഴും പീഡിപ്പിക്കപ്പെടുന്നു. കുവൈറ്റിലെ അബ്രഹാമിക് ഇതര മതങ്ങളിൽപ്പെട്ടവർക്ക് സ്വകാര്യമായി തങ്ങളുടെ മതാചാരങ്ങൾ അനുഷ്ഠിക്കാൻ സ്വാതന്ത്ര്യമുണ്ടെങ്കിലും അയൽക്കാരെ ശല്യപ്പെടുത്തുന്നുവെന്നോ അസംബ്ലി നിയമങ്ങൾ ലംഘിക്കുന്നുവെന്നോ പരാതി ഉണ്ടായാൽ പ്രോസിക്യൂഷനും പീഡനവും നേരിടേണ്ടിവരുമെന്നും ന്യൂനപക്ഷ വിഭാ​ഗങ്ങൾ ആരോപിക്കുന്നു.

  ഖത്തർ (Qatar)

  ഇസ്‍ലാം ആണ് ഖത്തറിലെ ഔദ്യോ​ഗിക മതം. ഇസ്‌ലാമിനെയോ അതിന്റെ ഏതെങ്കിലും ആചാരങ്ങളെയോ വിശ്വാസങ്ങളെയോ അപകീർത്തിപ്പെടുത്തുന്നതോ ഇസ്‌ലാം, ക്രിസ്‌തപമതം, യഹൂദമതം എന്നിവയ്‌ക്കെതിരെ മതനിന്ദ നടത്തുന്നതോ ശിക്ഷാർഹമാണ്. സുന്നി, ഷിയ മുസ്ലീങ്ങളും എട്ട് ക്രിസ്ത്യൻ വിഭാഗങ്ങളും രാജ്യത്ത് രജിസ്റ്റർ ചെയ്ത മതഗ്രൂപ്പുകളാണ്. രജിസ്റ്റർ ചെയ്യാത്ത മതഗ്രൂപ്പുകൾ നിയമവിരുദ്ധമാണ്. എങ്കിലും സ്വകാര്യമായി മാത്രം അവരുടെ വിശ്വാസം പിന്തുടരാൻ രാജ്യത്ത് അനുവാദം ഉണ്ട്. ക്രിസ്ത്യൻ നോൺ-പ്രോഫിറ്റ് ഓപ്പൺ ഡോർസ് യുഎസ്എ എന്ന സംഘടന 2021-ലെ വേൾഡ് വാച്ച് ലിസ്റ്റ് റിപ്പോർട്ടിൽ, ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്ന മുസ്ലീങ്ങൾ പീഡനം നേരിടുന്നുണ്ടെന്ന് പറഞ്ഞിരുന്നു.

  മതന്യൂനപക്ഷമായ ബഹായി സമൂഹം പീഡിപ്പിക്കപ്പെടുന്നു എന്നാരോപിച്ച് ഐക്യരാഷ്ട്രസഭയിലെ ബഹായ് ഇന്റർനാഷണൽ കമ്മ്യൂണിറ്റി പ്രതിനിധി യുഎന്നിൽ ഖത്തറിനെതിരെ സംസാരിച്ചിരുന്നു.

  ഖത്തറിലെ ജനസംഖ്യയുടെ 15.4 ശതമാനം ഇന്ത്യയിലും നേപ്പാളിലും നിന്നുള്ള ഹിന്ദുക്കളാണ്. മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് ഡിപ്പാർട്ട്‌മെന്റിന്റെ 2021 റിപ്പോർട്ട് അനുസരിച്ച്, പുതിയ ആരാധനാലയങ്ങൾ തുറക്കാൻ ഖത്തർ സർക്കാർ അനുമതി നൽകാത്തതിൽ ഹൈന്ദവ സമൂഹത്തിലെ ചില പ്രതിനിധികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

  കുവൈറ്റിനെപ്പോലെ തന്നെ ഖത്തറും റംസാൻ കാലത്ത് നോമ്പെടുക്കാൻ അമുസ്‌ലിംകളെ നിർബന്ധിക്കുന്നില്ല. എന്നാൽ അവർക്ക് പൊതുസ്ഥലത്ത് മദ്യപിക്കാനോ പുകവലിക്കാനോ ച്യൂയിംഗം ചവയ്ക്കാനോ അനുവാ​ദമില്ല. വിശുദ്ധ മാസത്തെ പകൽ സമയങ്ങളിൽ എല്ലാ റെസ്റ്റോറന്റുകളും അടച്ചിടണം.

  മതസ്വാതന്ത്ര്യത്തെച്ചൊല്ലി ഇന്ത്യയും ഖത്തറും തമ്മിൽ മുൻപ് ഏറ്റുമുട്ടിയിരുന്നു. ഹിന്ദു ദേവതകളെ അപകീർത്തിപരമായി ചിത്രീകരിച്ചു എന്നാരോപിച്ച് ഇന്ത്യയിൽ നിരവധി കേസുകൾ നേരിട്ടതിനെ തുടർന്ന് നാലു വർഷത്തോളം സ്വയം പ്രവാസ ജീവിതം നയിച്ച ഇതിഹാസ ചിത്രകാരൻ എം എഫ് ഹുസൈന് 2010 ൽ ഖത്തർ പൗരത്വം നൽകി. ഇന്ത്യ ഇരട്ട പൗരത്വം അംഗീകരിക്കാത്തതിനാൽ അദ്ദേഹം ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് ഖത്തർ പൗരത്വം സ്വീകരിച്ചു.

  സൗദി അറേബ്യ (Saudi Arabia)

  രാജ്യത്തെ നിയമം മതസ്വാതന്ത്ര്യത്തെക്കുറിച്ച് പരാമർശിക്കുന്നില്ല. രാജാവിന്റെയോ കിരീടാവകാശിയുടെയോ മതത്തെയോ നീതിയെയോ നേരിട്ടോ അല്ലാതെയോ വെല്ലുവിളിക്കുന്നത് നിയമ പ്രകാരം ശിക്ഷാർഹമാണ്. സൗദി ഗവൺമെന്റ് സ്ത്രീകളുടെ അവകാശങ്ങൾക്ക് മേലുള്ള നിരവധി നിയന്ത്രണങ്ങൾ നീക്കുകയും ശൈശവ വിവാഹങ്ങൾ നിയന്ത്രിക്കുന്ന പാർലമെന്ററി ബിൽ പാസാക്കുകയും ചെയ്തിരുന്നു. പക്ഷേ, ഇസ്‌ലാം ഒഴികെയുള്ള ഒരു മതത്തിനും പൊതു ആചാരങ്ങൾ അനുവദനീയമല്ല. മുസ്‌ലിം പള്ളികൾ ഒഴികെയുള്ള ആരാധനാലയങ്ങളും രാജ്യത്ത് അനുവദനീയമല്ല.

  ഷിയാ മുസ്‌ലിംകളോടുള്ള വിവേചനവും അധിക്ഷേപവും സൗദി അറേബ്യയിൽ സാധാരണമാണ്. മാർച്ചിൽ, രാജ്യത്ത് 81 പേരുടെ വധശിക്ഷ നടപ്പാക്കിയിരുന്നു. സമീപ വർഷങ്ങളിലെ ഏറ്റവും വലിയ കൂട്ട വധശിക്ഷയായിരുന്നു ഇത്. ഇതിൽ 41 പേരും രാജ്യത്തെ ഷിയ മുസ്ലീം ന്യൂനപക്ഷത്തിൽ പെട്ടവരാണെന്നും ദീർഘകാലമായി ഭരണകൂടത്തിന്റെ വിവേചനവും അക്രമവും അനുഭവിച്ചവരുമാണെന്ന് സൗദിയിലെ സാമൂഹ്യ പ്രവർത്തകർ ഹ്യൂമൻ റൈറ്റ്സ് വാച്ചിനോട് പറഞ്ഞു.

  ഇറാൻ (Iran)

  രാജ്യത്തെ ഭരണഘടന ഇറാനെ ഒരു ഇസ്ലാമിക റിപ്പബ്ലിക്കായി നിർവചിക്കുകയും ജഅഫാരി ഷിയ ഇസ്ലാമിനെ (Ja’afari Shia Islam) ഔദ്യോഗിക മതമായി നിർവചിക്കുകയും ചെയ്യുന്നു. എല്ലാ നിയമങ്ങളും ചട്ടങ്ങളും ഇസ്‌ലാമിക മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണെന്നും ശരീയത്തിന്റെ ഔദ്യോഗിക വ്യാഖ്യാനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഭരണഘടനയിൽ പറയുന്നുണ്ട്.

  കോവിഡ് 19 വ്യാപകമായിരുന്നിട്ടും, 2021-ൽ, ഇറാനിലെ ജയിലുകളിൽ ക്രിസ്ത്യാനികൾ, ബഹായികൾ, സുന്നികൾ എന്നിവരുൾപ്പെടെ നിരവധി മതന്യൂനപക്ഷങ്ങളെ ജയിൽ ശിക്ഷക്ക് വിധിച്ചിരുന്നു. യഹൂദർക്കെതിരായി വിവേചനം കാണിക്കുന്നുവെന്നും യഹൂദ വിരുദ്ധത പ്രചരിപ്പിക്കുന്നതായും ഇറാനെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങളാണ്.

  കൂടുതൽ മതസ്വാതന്ത്ര്യത്തിന് വേണ്ടി ആഹ്വാനം ചെയ്യുന്നവരെ രാജ്യം തടവിലിടുകയും മതം അനുശാസിക്കുന്ന ശിരോവസ്ത്രം ധരിക്കുന്നതിൽ വിമുഖത കാണിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന സ്ത്രീകളെ തടങ്കലിലാക്കുകയും ചെയ്യാറുണ്ട്. 2021-ൽ ഇറാനിലുടനീളം നിരവധി ബഹായികൾ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

  ക്രിസ്ത്യാനികൾ, പ്രത്യേകിച്ച് ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവർ രാജ്യത്ത് ആക്രമിക്കപ്പെടാറുണ്ട്. ഇറാനിലെ സുന്നി മുസ്‌ലിംകൾ, പ്രത്യേകിച്ച് മതനേതാക്കൾ, വ്യാജ ആരോപണങ്ങളുടെ പേരിൽ പീഡനങ്ങളും ശിക്ഷകളും നേരിട്ടിട്ടും ഉണ്ട്.
  Published by:Naveen
  First published: