• HOME
  • »
  • NEWS
  • »
  • world
  • »
  • അത് റഷ്യയുടേതല്ല; പോളണ്ടിൽ പതിച്ചത് യുക്രെയ്ൻ മിസൈലെന്ന് റിപ്പോർട്ട്

അത് റഷ്യയുടേതല്ല; പോളണ്ടിൽ പതിച്ചത് യുക്രെയ്ൻ മിസൈലെന്ന് റിപ്പോർട്ട്

പോളണ്ടിൽ പതിച്ചത് റഷ്യ അയച്ച മിസൈലുകളല്ല എന്ന നിലപാടിലായിരുന്നു തുടക്കം മുതൽ റഷ്യൻ വിദേശകാര്യ മന്ത്രാലയം

Photo- Reuters

Photo- Reuters

  • Share this:
യുക്രെയ്നിന്റെ അതിർത്തിയോട് ചേർന്ന് കിഴക്കൻ പോളണ്ടിൽ പതിച്ചത് റഷ്യൻ മിസൈലുകളല്ലെന്ന് റിപ്പോർട്ട്. റഷ്യൻ മിസൈലുകളെ പ്രതിരോധിക്കുന്നതിനായി യുക്രെയ്ൻ അയച്ച മിസൈസുകളാണ് അയൽരാജ്യമായ പോളണ്ടിൽ പതിച്ചതെന്നാണ് വിവരം. റഷ്യൻ നിർമിത മിസൈലാണ് പതിച്ചതെന്ന് വ്യക്തമാക്കിയ പോളണ്ട് വിദേശകാര്യ മന്ത്രാലയം, വാഴ്സയിലെ റഷ്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി അടിയന്തരമായി വിശദീകരണം തേടിയിരുന്നു.

എന്നാൽ, പോളണ്ടിൽ പതിച്ചത് റഷ്യൻ മിസൈലാണെന്ന വാർത്തകൾ യുഎസ് പ്രസിഡന്റ് ജോ ബൈഡനും തള്ളിയിരുന്നു. ഇന്തൊനേഷ്യയിലെ ബാലിയിൽ ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന ബൈഡൻ, മിസൈൽ പതിച്ചതിന് പിന്നാലെ ഉച്ചകോടിക്കെത്തിയ നാറ്റോ അംഗരാജ്യങ്ങളിലെയും ജപ്പാനിലെയും ഭരണാധികാരികളുമായി അടിയന്തര ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പതിച്ചത് റഷ്യൻ മിസൈൽ അല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്.

Also Read- 'മൂന്നാം അങ്കത്തിന് തയാർ'; 2024ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്

പോളണ്ട് പ്രസിഡന്റും ആന്ദ്രേയ് ദൂദയും പതിച്ചത് റഷ്യൻ മിസൈലാണെന്ന് ഉറപ്പില്ലെന്ന് വ്യക്തമാക്കിയിരുന്നു. റഷ്യൻ നിർമിത മിസൈലാകാൻ സാധ്യതയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. നേരത്തേ, ലക്ഷ്യം തെറ്റിയെത്തിയ മിസൈൽ കിഴക്കൻ പോളണ്ടിലെ ഗ്രാമമായ സെവോഡോയിൽ പതിച്ചുണ്ടായ സ്ഫോടനത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ, പോളണ്ട് പ്രധാനമന്ത്രി മറ്റിയൂസ് മൊറാവിക്കി അടിയന്തര യോഗം വിളിച്ചിരുന്നു. സൈന്യത്തോട് സജ്ജമാകാന്‍ നാറ്റോ നിര്‍ദേശിക്കുകയും ചെയ്തു.

ജി20 ഉച്ചകോടിയില്‍ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയതിനു പിന്നാലെ യുക്രെയ്ന്‍ നഗരങ്ങളില്‍ റഷ്യ ആക്രമണം കടുപ്പിച്ചിച്ചിരുന്നു. തലസ്ഥാനമായ കീവ് അടക്കം പല ജനവാസ കേന്ദ്രങ്ങളിലും മിസൈല്‍ വര്‍ഷിച്ചു. കീവില്‍ പകുതിയോളം സ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. എഴുപതോളം മിസൈലുകള്‍ റഷ്യ വര്‍ഷിച്ചതായി യുക്രെയ്ന്‍ ആരോപിച്ചു. ജി 20 ഉച്ചകോടിയില്‍ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി റഷ്യക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.
Published by:Rajesh V
First published: