ഫെയ്സ്ബുക്ക് പോസ്റ്റിൽ അപ്പോസ്ട്രോഫി ചേർക്കാൻ വിട്ടുപോയതിന് ഓസ്ട്രേലിയയിലെ ഒരു റിയൽ എസ്റ്റേറ്റ് ഏജന്റിന് ചിലവാകുക പതിനായിരക്കണക്കിന് ഡോളർ. റിയൽ എസ്റ്റേറ്റ് ഏജന്റായ ആന്റണി സാദ്രാവിച്ച് ഒരു റിയൽ എസ്റ്റേറ്റ് ഏജൻസിയിലെ തന്റെ മുൻ തൊഴിൽദാതാവായ സ്റ്റുവർട്ട് ഗാനെ ഏജൻസിയിലെ എല്ലാ ജീവനക്കാർക്കും റിട്ടയർമെന്റ് ഫണ്ട് നൽകിയിട്ടില്ലെന്ന് ഫെയ്സ്ബുക്കിൽ ആരോപിച്ചു. എന്നാൽ നിർഭാഗ്യവശാൽ പോസ്റ്റിൽ ഒരു അപ്പോസ്ട്രോഫി ചേർക്കാൻ വിട്ടുപോയി. 'ജീവനക്കാരന്റെ' എന്നുള്ളതിന് പകരം 'ജീവനക്കാർ' എന്ന നിലയിൽ ആരോപണം വ്യാഖ്യാനിക്കപ്പെട്ടതോടെ സ്റ്റുവർട്ട് ഗാൻ ആന്റണി സാദ്രാവിച്ചിനെതിരെ മാനനഷ്ട കേസ് കൊടുത്തു.
പോസ്റ്റിലെ "ജീവനക്കാർ" എന്ന വാക്കാണ് സാദ്രാവിച്ചിനെ കുഴപ്പത്തിലാക്കിയത്. "സ്റ്റുവർട്ട് ഗാൻ!! പേൾ ബീച്ചിൽ മൾട്ടി മില്യൺ ഡോളർ വില വരുന്ന വീടുകൾ വിൽക്കുമ്പോഴും ജീവനക്കാർക്ക് പെൻഷൻ നൽകാൻ കഴിയില്ല” എന്നാണ് സാദ്രാവിച്ച് ഫെയ്സ്ബുക്കിൽ എഴുതിയത്. "Employee's" എന്നതിന് പകരം "Employees" എന്ന് അബദ്ധവശാൽ എഴുതിയതോടെ ഉദ്ദേശിച്ച അർത്ഥമല്ല പോസ്റ്റിന് കൈവന്നത്. ഓസ്ട്രേലിയയിലെ റിട്ടയർമെന്റ് സംവിധാനം അനുസരിച്ച് ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് തൊഴിലുടമകൾ പണം അടയ്ക്കേണ്ടതുണ്ട്. ആ പണം 2 വർഷം കാത്തിരുന്നിട്ടും ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ലെന്നും സാദ്രാവിച്ച് പോസ്റ്റിൽ ആരോപിക്കുന്നു.
തന്റെ പെൻഷൻ കാര്യം പറയാൻ ഉദ്ദേശിച്ച ആന്റണി സാദ്രാവിച്ച് അപ്പോസ്ട്രോഫി ചേർക്കാൻ മറന്നതോടെ ഫലത്തിൽ ഈ വിഷയം ഉന്നയിച്ചത് എല്ലാ ജീവനക്കാരുടെയും പ്രശ്നം എന്ന നിലയ്ക്കാണ്. ഒരൊറ്റ അപ്പോസ്ട്രോഫി മറന്നതിന് സാദ്രാവിച്ചിന് നഷ്ടമാകുക ഭീമൻ തുകയായിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഒക്ടോബർ 22 -ന് പോസ്റ്റ്പങ്കുവെച്ച് 12 മണിക്കൂറിനുള്ളിൽ തന്നെ സാദ്രാവിച്ച് അത് ഡിലീറ്റ് ചെയ്തിരുന്നു. പക്ഷേ അപ്പോഴേക്കും വളരെ വൈകിപ്പോയി. സ്റ്റുവർട്ട് ഗാൻ ആന്റണി സാദ്രാവിച്ചിന്റെ പോസ്റ്റ് കാണുകയും അതിലെ ആരോപണത്തിലെ തെറ്റ് കണ്ടുപിടിക്കുകയും ചെയ്തു. വൈകാതെ സ്റ്റുവർട്ട് ഗാൻ സാദ്രാവിച്ചിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുകയായിരുന്നു.
അപ്പോസ്ട്രോഫിയുടെ അഭാവം കാരണം ഒരു ജീവനക്കാരനെ സംബന്ധിച്ച ആരോപണം എന്നതിൽക്കവിഞ്ഞ അർത്ഥം ആ പോസ്റ്റിന് കൈവരുന്നതായും അതിനാൽ കേസ് തുടരാൻ അനുവദിക്കുകയാണെന്നും ന്യൂ സൗത്ത് വെയിൽസിലെ ഒരു ന്യായാധിപൻ ഉത്തരവിട്ടു. സാദ്രാവിച്ചിന്റെ അഭിഭാഷകരുടെ അഭ്യർത്ഥനകളോട് സ്റ്റുവർട്ട് ഗാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വിരാമചിഹ്നങ്ങളുടെ കാര്യത്തിൽ, സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ വളരെയധികം അശ്രദ്ധ പുലർത്താറുണ്ട്. നിയമപരമായ കാര്യങ്ങളിൽ വിരാമചിഹ്നങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഇവ ഉപയോഗിക്കാൻ മറക്കുകയോ അവയുടെ സ്ഥാനം മാറുകയോ ചെയ്താൽ അർഥം തന്നെ മാറിപ്പോകും. അത് ഒരുപക്ഷെ ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെടുന്നതിലേക്കും നയിച്ചേക്കാം എന്ന് സാദ്രാവിച്ചിന്റെ അനുഭവം നമുക്ക് കാണിച്ചു തരുന്നു.
ആന്റണി സാദ്രാവിച്ച് നഷ്ടപരിഹാരമായി സ്റ്റുവർട്ട് ഗാനിനു ലക്ഷക്കണക്കിന് രൂപ നൽകേണ്ടി വരുമെന്നാണ് സൂചന. വിചാരണയ്ക്ക് മാത്രം സാദ്രാവിച്ചിന് 180,000 ഡോളറിലധികം ചെലവായേക്കും.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.