• HOME
 • »
 • NEWS
 • »
 • world
 • »
 • Ruja Ignatova | ക്രിപ്‌റ്റോ റാണി രുജാ ഇഗ്നാറ്റോവ; എഫ്ബിഐ തേടുന്ന പിടികിട്ടാപുള്ളി; വിവരം നൽകുന്നവർക്ക് 80 ലക്ഷത്തോളം പാരിതോഷികം

Ruja Ignatova | ക്രിപ്‌റ്റോ റാണി രുജാ ഇഗ്നാറ്റോവ; എഫ്ബിഐ തേടുന്ന പിടികിട്ടാപുള്ളി; വിവരം നൽകുന്നവർക്ക് 80 ലക്ഷത്തോളം പാരിതോഷികം

അമേരിക്കയില്‍ ഇന്റര്‍നെറ്റ് തട്ടിപ്പ്, നിക്ഷേപ തട്ടിപ്പ് എന്നിവയുള്‍പ്പെടെ എട്ട് കേസുകളിലാണ് അവര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

 • Last Updated :
 • Share this:
  ക്രിപ്‌റ്റോ റാണി എന്നറിയപ്പെടുന്ന ഡോ. രുജാ ഇഗ്നാറ്റോവയെ (Dr ruja ignatova) യുഎസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷൻ (FBI) ആദ്യ പത്ത് പിടികിട്ടാപുള്ളികളുടെ പട്ടികയിൽ ഉള്‍പ്പെടുത്തി. എഫ്ബിഐ ആദ്യമായാണ് ഈ പട്ടികയില്‍ ഒരു സ്ത്രീയുടെ പേര് ഉള്‍പ്പെടുത്തുന്നത്. ക്രിപ്‌റ്റോകറന്‍സിയായ വണ്‍കോയിന്‍ (onecoin) അവതരിപ്പിച്ച് നിരവധി ആളുകളെയാണ് ഇവര്‍ കബളിപ്പിച്ചത്. ഈ തട്ടിപ്പുകളില്‍ ഇഗ്നാറ്റോവയുടെ പങ്കിനെ കുറിച്ചും പൊതുജനങ്ങളില്‍ ഇവരുടെ തട്ടിപ്പിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും എത്രയും വേഗം തട്ടിപ്പുകാരിയെ കണ്ടെത്തുന്നതിനും ഇത് സഹായിക്കുമെന്നാണ് എഫ്ബിഐയുടെ വിശ്വസം.

  ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകള്‍ ദശലക്ഷക്കണക്കിന് രൂപയാണ് വണ്‍കോയിനില്‍ നിക്ഷേപം നടത്തിയത്. എന്നാൽ ക്രിപ്‌റ്റോകറന്‍സി തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ഇവർ മുങ്ങി. 4 ബില്യണ്‍ ഡോളറിലധികം നിക്ഷേപങ്ങള്‍ സമാഹരിച്ച ശേഷമാണ് രുജാ നാടുവിട്ടത്.

  2017ലാണ് ബള്‍ഗേറിയന്‍ സ്വദേശിനിയായ രുജാ ഇഗ്നാറ്റോവയെ കാണാതായത്. 2014 മുതലാണ് രുജാ കോയിന്‍ വില്‍പ്പന ആരംഭിച്ചത്. കോയിൻ വില്‍പ്പന നടത്താന്‍ ബ്ലോക്‌ചെയിന്‍ ടെക്‌നോളജി ഉപയോഗിച്ചിരുന്നില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതാണ് പിന്നീട് നിക്ഷേപകരുടെ മനസ്സില്‍ സംശയങ്ങള്‍ക്കിടയാക്കിയത്.

  '' തുടക്കത്തില്‍ വണ്‍കോയിനെ കുറിച്ച് ആളുകളില്‍ വലിയ മതിപ്പായിരുന്നു. ഇതു മുതലെടുത്ത് അവര്‍ കൃത്യമായി പദ്ധതി ആസൂത്രണം ചെയ്തു,'' മാന്‍ഹട്ടനിലെ ഉന്നത ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ഡാമിയന്‍ വില്യംസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ജര്‍മനി, ദക്ഷിണ കൊറിയ, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കാര്യമായ നിക്ഷേപം അവരെ തേടിയെത്തിയിരുന്നു. വന്‍ തുകയാണ് രുജായുടെ വാക്ക് വിശ്വസിച്ച് പല രാജ്യങ്ങളില്‍ നിന്നും അവരുടെ ക്രിപ്റ്റോകറന്‍സിയിലേക്ക് നിക്ഷേപമായി എത്തിയത്.

  അമേരിക്കയില്‍ ഇന്റര്‍നെറ്റ് തട്ടിപ്പ്, നിക്ഷേപ തട്ടിപ്പ് എന്നിവയുള്‍പ്പെടെ എട്ട് കേസുകളിലാണ് അവര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ഇഗ്നാറ്റോവയെ കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 100,000 ഡോളര്‍ (ഏകദേശം 78.9 ലക്ഷം രൂപ) പാരിതോഷികവും എഫ്ബിഐ വാഗ്ദാനം ചെയ്തിട്ടുണ്ട്. ബിബിസി സൗണ്ട്‌സില്‍ ജാമി ബാര്‍ട്ട്‌ലെറ്റ് അവതരിപ്പിച്ച ഓണ്‍ലൈന്‍ പരിപാടിയിലൂടെയാണ് ഇഗ്നാറ്റോവയുടെ തട്ടിപ്പ് പുറംലോകമറിയുന്നത്. ജോര്‍ജിയ കാറ്റ് ആയിരുന്നു പരിപാടിയുടെ നിര്‍മ്മാതാവ്. ഏഥന്‍സില്‍ വെച്ചാണ് ഇഗ്നാറ്റോവയെ അവസാനമായി കണ്ടത്. എന്നാല്‍ അവര്‍ ജീവനോടെ ഇല്ലെന്നാണ് പലരും വിശ്വസിക്കുന്നത്.

  തിരോധാനത്തിന് രണ്ട് വര്‍ഷത്തിന് ശേഷവും പ്രബലരായ മറ്റ് ആളുകളുടെ പിന്‍ബലം അവര്‍ക്കുണ്ടായിരുന്നു. കുറഞ്ഞത് 500 മില്യണ്‍ ഡോളറുമായാണ് ഇഗ്നാറ്റോവ മുങ്ങിയതെന്നും ജാമി ബാര്‍ട്ട്‌ലെറ്റ് വെളിപ്പെടുത്തിയിരുന്നു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ അവരുടെ കൈവശം ഉണ്ടായിരിക്കാമെന്നും പിടിക്കപ്പെടാതിരിക്കാന്‍ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ അവര്‍ രൂപം മാറ്റിയിട്ടുണ്ടാകാമെന്നും ബാര്‍ട്ട്‌ലെറ്റ് വെളിപ്പെടുത്തിയിരുന്നു.
  Published by:Amal Surendran
  First published: