ചൈനീസ് ചാന്ദ്രദൗത്യം തിരികെ കൊണ്ടുവന്ന ഖര ലാവയുടെ അവശിഷ്ടങ്ങള്‍/സാമ്പിളുകള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മറ്റ് ദൗത്യങ്ങള്‍ നേടിയ വസ്തുക്കളെ അപേക്ഷിച്ച് 1 ബില്യണ്‍ വര്‍ഷം പുതിയതാണെന്ന് സയന്‍സ് ജേർണലിലെ ഒരു ലേഖനം ചൂണ്ടിക്കാട്ടുന്നു. ശാസ്ത്രലോകം കരുതിയിരുന്നതിനേക്കാൾ വൈകിയാണ് ചന്ദ്രന്‍ തണുത്തുറഞ്ഞത് എന്ന സൂചന നൽകുന്നതാണ് ഈ കണ്ടെത്തൽ.
യുഎസ്, സോവിയറ്റ് ചാന്ദ്രദൗത്യങ്ങളിലൂടെ ചന്ദ്രനിൽ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ 2.9 ബില്യണ്‍ വര്‍ഷത്തിലധികം പഴക്കമുള്ളവയാണ്. കഴിഞ്ഞ വര്‍ഷം അവസാനം ചൈനയുടെ ചാങ്ങ് (Chang'e -5) ദൗത്യത്തില്‍ നേടിയ സാമ്പിളുകളുടെ പഴക്കമാകട്ടെ, ഏകദേശം 1.96 ബില്യണ്‍ വര്‍ഷങ്ങളാണ്. മുമ്പ് പ്രതീക്ഷിച്ചിരുന്നതിലും കൂടുതല്‍ കാലം ചന്ദ്രനിൽ അഗ്‌നിപര്‍വ്വത പ്രവര്‍ത്തനങ്ങള്‍ നിലനിന്നിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ഡിസംബറില്‍ ചന്ദ്രനിൽ മുമ്പ് ആരും എത്താത്തതും വലിയ ലാവാ സമതല പ്രദേശവുമായ 'ഓഷ്യാനസ് പ്രോസല്ലറം' (Oceanus Procellarum) അഥവാ 'ഓഷ്യന്‍സ് ഓഫ് സ്റ്റോംസ്' (Oceans of Storms) എന്ന ഭാഗത്ത് ആളില്ലാത്ത ഒരു പേടകത്തെ ചൈനീസ് ഗവേഷകര്‍ എത്തിച്ചിരുന്നു. അവിടെ നിന്ന് ഏകദേശം 1731 ഗ്രാം സാമ്പിളുകള്‍ ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കുകയും ചെയ്തു. ചൈനീസ് പുരാണത്തിലെ ചന്ദ്രദേവതയുടെ പേരിലുള്ള ഈ ദൗത്യത്തിന്റെ (ചാങ് -5) പ്രധാന ലക്ഷ്യങ്ങളിലൊന്ന് ചന്ദ്രനില്‍ അഗ്‌നിപര്‍വ്വതങ്ങള്‍ എത്രത്തോളം സജീവമായിരുന്നുവെന്ന് കണ്ടെത്തുക എന്നതായിരുന്നു.
''ചന്ദ്രനിലെ ഓഷ്യാനസ് പ്രോസെല്ലറം മേഖലയില്‍ പൊട്ടാസ്യം, തോറിയം, യുറേനിയം എന്നിവയുടെ ഉയര്‍ന്ന സാന്ദ്രതയുണ്ട്. ദീര്‍ഘകാലമായിട്ടുള്ള റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളുടെ വിഭജനത്തിലൂടെ സൃഷ്ടിക്കപ്പെട്ട മൂലകങ്ങള്‍ കാരണം ചന്ദ്രനില്‍ മാഗ്മാറ്റിക് പ്രവര്‍ത്തനങ്ങൾ കൂടുതൽ കാലം നിലനിന്നിരിക്കാം'', ചൈനീസ് ഗവേഷകര്‍ ഉള്‍പ്പെടെയുള്ള ലേഖനത്തിലെ രചയിതാക്കള്‍ എഴുതുന്നു. ഉരുകിയ, അല്ലെങ്കില്‍ പകുതി ഉരുകിയ പ്രകൃതിദത്ത പദാര്‍ത്ഥമാണ് മാഗ്മ. അതില്‍ നിന്നാണ് എല്ലാ അഗ്‌നിശിലകളും രൂപം കൊള്ളുന്നത്. 'ടൈഡല്‍ ഹീറ്റിംഗ്' എന്ന് വിളിക്കപ്പെടുന്ന മാഗ്മാറ്റിക് പ്രവര്‍ത്തനത്തിനുള്ള താപ സ്രോതസ്സ്, ഭൂമിയുടെ ഗുരുത്വാകര്‍ഷണത്താല്‍ വലിച്ചെടുക്കുന്ന താപമാകാം എന്നും ലേഖനം പറയുന്നു.
അമേരിക്കയ്ക്കും സോവിയറ്റ് യൂണിയനും ശേഷം ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച മൂന്നാമത്തെ രാജ്യമായി ചൈനയെ മാറ്റിയിരിക്കുകയാണ് ചാങ് -5-മിഷന്‍. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ചന്ദ്രന്റെ ദക്ഷിണധ്രുവം പര്യവേക്ഷണം ചെയ്യുന്നതിനായി ചാങ്ങ് -6, ചാങ്ങ് -7 എന്നീ ചാന്ദ്രദൗത്യങ്ങൾ ആരംഭിക്കാന്‍ ചൈന പദ്ധതിയിടുന്നുണ്ട്. ചൈനീസ് ലൂണാര്‍ എക്‌സ്‌പ്ലോറേഷന്‍ പ്രോഗ്രാമിന് നാല് ഘട്ടങ്ങളുണ്ട്.
ഒന്നാം ഘട്ടം - ചന്ദ്രനെ ഭ്രമണം ചെയ്യുക. 2007-ല്‍ ചാങ് 1 ഉം, 2010-ല്‍ ചാങ് 2 ഉം ഇത് പൂര്‍ത്തിയാക്കി.
രണ്ടാം ഘട്ടം - ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗും റോവറിന്റെ വിന്യാസവും. ചാങ്ങ് 3 (2013) , ചാങ്ങ് 4 (2018 ഡിസംബറില്‍ വിക്ഷേപിച്ചു, 2019 ജനുവരിയില്‍ ചന്ദ്രന്റെ വിദൂര ഭാഗത്ത് ഇറങ്ങി) എന്നിവ ഈ ഘട്ടം പൂര്‍ത്തിയാക്കി.
മൂന്നാം ഘട്ടം - ചന്ദ്ര സാമ്പിളുകൾ തിരികെ എത്തിക്കുക. ഈ ദൗത്യം ചാങ്ങ് 5 പൂര്‍ത്തിയാക്കി. ചാങ്ങ് 5-ന്റെ ബാക്കപ്പായ ചാങ്ങ് 6 ദൗത്യവും ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ഭൂമിയിൽ എത്തിക്കാനുള്ള ദൗത്യമാണ്.
നാലാം ഘട്ടം - ഇന്‍-സിറ്റു റിസോഴ്‌സ് യൂട്ടിലൈസേഷന്‍. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് ഒരു അന്താരാഷ്ട്ര ലൂണാര്‍ റിസര്‍ച്ച് സ്റ്റേഷന്റെ നിര്‍മാണം.
ചൈനീസ് ലൂണാര്‍ എക്‌സ്‌പ്ലോറേഷന്‍ പ്രോഗ്രാമിന്റെ ഒടുവിൽ 2030-കളിൽ ചന്ദ്രനില്‍ ആളെ എത്തിക്കുന്ന ദൗത്യങ്ങളിലേക്ക് കടക്കാനാണ് ചൈനയുടെ പദ്ധതി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: China, Moon mission, USA