• HOME
  • »
  • NEWS
  • »
  • world
  • »
  • Iran Execution | ഇറാനിൽ മൂന്ന് മാസത്തിനിടെ 100-ലധികം വധശിക്ഷ നടപ്പിലാക്കിയെന്ന് യുഎൻ റിപ്പോർട്ട്

Iran Execution | ഇറാനിൽ മൂന്ന് മാസത്തിനിടെ 100-ലധികം വധശിക്ഷ നടപ്പിലാക്കിയെന്ന് യുഎൻ റിപ്പോർട്ട്

2021 ആഗസ്റ്റ് മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലഘട്ടത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ വധശിക്ഷയ്ക്ക് വിധേയരാക്കി. 85 കുട്ടികളാണ് ഇപ്പോഴും വധശിക്ഷ കാത്ത് കഴിയുന്നത്.

 (Image: Reuters)

(Image: Reuters)

  • Share this:
    2022ലെ ആദ്യ മൂന്നു മാസത്തിനുള്ളിൽ 100ലധികം ആളുകളെ ഇറാന്‍ (iran) വധശിക്ഷയ്ക്ക് (death penalty) വിധേയരാക്കിയെന്ന് ഐക്യരാഷ്ട്രസഭയുടെ (united nations) റിപ്പോര്‍ട്ട്. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റേതാണ് റിപ്പോര്‍ട്ട് (report). ഇറാനില്‍ വധശിക്ഷ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ച് വരികയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യുഎന്‍ ഡെപ്യൂട്ടി ഹ്യൂമണ്‍ റൈറ്റ്‌സ് തലവന്‍ നദാ അല്‍ നഷിഫ് ആണ് കഴിഞ്ഞ ദിവസം ജനീവയില്‍ നടന്ന യുഎന്‍ മുനുഷ്യാവകാശ കൗണ്‍സിലില്‍ ഈ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ഇറാന്‍ നടത്തുന്ന ഈ മനുഷ്യാവകാശ ലംഘനത്തെ യുഎൻ അപലപിക്കുകയും ചെയ്തു.

    260 പേരാണ് 2020ല്‍ വധശിക്ഷ ഏറ്റുവാങ്ങിയത്. 2021ല്‍ ഏറ്റവും കുറഞ്ഞത് 310 പേര്‍ വധിക്കപ്പെട്ടു. ഇതില്‍ കുറഞ്ഞത് 14 വനിതകളും ഉള്‍പ്പെടുന്നു. ജനുവരി 1 മുതല്‍ മാര്‍ച്ച് 20 വരെയുള്ള കാലയളവില്‍ 105 ഓളം പേര്‍ വധശിക്ഷയ്ക്ക് വിധേയരായി. ഇതില്‍ കൂടുതലും ന്യൂനപക്ഷ വിഭാഗക്കാര്‍ ആയിരുന്നു എന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. മയക്കുമരുന്ന് ഉപയോഗം പോലുള്ള കുറ്റകൃത്യങ്ങള്‍ക്ക് പോലും വധശിക്ഷ നല്‍കുന്ന രീതി ഇറാനില്‍ വര്‍ദ്ധിക്കുന്നതായി നദാ അല്‍ നഷിഫ് കൗണ്‍സിലില്‍ അറിയിച്ചു. മാര്‍ച്ച് മാസത്തില്‍ 52 പേരെയാണ് മയക്ക് മരുന്നുമായി ബന്ധപ്പെട്ട കേസില്‍ വധശിക്ഷയ്ക്ക് വിധേയരാക്കാന്‍ ഷിറാസ് ജയിലിലേയ്ക്ക് മാറ്റിയത്. പ്രായപൂര്‍ത്തിയാകാത്ത കുറ്റക്കാര്‍ക്ക് പോലും വധശിക്ഷ നല്‍കുന്നത് അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു.

    2021 ആഗസ്റ്റ് മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലഘട്ടത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ വധശിക്ഷയ്ക്ക് വിധേയരാക്കി. 85 കുട്ടികളാണ് ഇപ്പോഴും വധശിക്ഷ കാത്ത് കഴിയുന്നത്. വര്‍ഷങ്ങളായി വധശിക്ഷ കാത്ത് കഴിയുന്ന ഒരു കുട്ടിയുടെ ശിക്ഷാ നടപടി ഈ വര്‍ഷം ഫെബ്രുവരിയില്‍ സുപ്രീംകോടതി റദ്ദ് ചെയ്തിരുന്നു. ഇതാണ് ഈ പ്രശ്‌നത്തില്‍ വന്നിരിക്കുന്ന ഏക പ്രതീക്ഷ. വധശിക്ഷ മാത്രമല്ല, പ്രതിഷേധങ്ങളെയും അടച്ചമര്‍ത്തുന്ന പ്രവണത ഇറാനില്‍ വ്യാപകമാണ്. ജനങ്ങളുടെ സംഘടിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശത്തെ സൈന്യത്തെ ഇറക്കി ഇറാന്‍ ഇല്ലാതാക്കുകയാണെന്ന് നദാ വ്യക്തമാക്കി.

    Also Read- Afghanistan earthquake| അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം: 250ലേറെ പേർ മരിച്ചു, മരണ സംഖ്യ ഉയർന്നേക്കുമെന്ന് റിപ്പോർട്ടുകൾ

    ഏപ്രില്‍, മെയ് മാസങ്ങളിലായി 55 പേരെയാണ് രാജ്യത്ത് പ്രതിഷേധം നടത്തിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്തത്. അധ്യാപകര്‍, അഭിഭാഷകര്‍, തൊഴിലാളി നേതാക്കള്‍, കലാകാരന്മാര്‍, അക്കാദമിക് മേഖലയിലെ വിദഗ്ധര്‍ തുടങ്ങിയരെല്ലാം അറസ്റ്റ് ചെയ്തവരില്‍ ഉള്‍പ്പെടുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള കുറ്റകൃത്യങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കെതിരെ അനാവശ്യമായി സൈന്യത്തെക്കൊണ്ട് ആക്രമണം അഴിച്ചുവിട്ട് കൂട്ടക്കൊലകളാണ് ഇറാന്‍ ഭരണകൂടം നടത്തുന്നതെന്നും യുഎന്‍ ചൂണ്ടിക്കാട്ടുന്നു. ജയിലുകളില്‍ വധശിക്ഷ കാത്ത് കഴിയുന്നവരുടെ ഭീമമായ എണ്ണവും അതിപ്രധാനമാണ്.

    അതേസമയം, ഇറാന്‍ പ്രതിനിധി മെഹ്ദി അലി അബാദി ഈ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. കിഴക്കന്‍ രാജ്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട് ഉണ്ടാക്കിയ റിപ്പോര്‍ട്ടാണ് ഇത്, ഇറാനെ മോശമായി ചിത്രീകരിക്കാന്‍ ആസൂത്രിതമായ ശ്രമമാണ് നടക്കുന്നത്. മനുഷ്യാവകാശ സംരക്ഷണ വേദികള്‍ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനീവയിലെ വേദിയില്‍ വെച്ചു തന്നെയായിരുന്നു അബാദിയുടെ പ്രതികരണവും.
    Published by:Rajesh V
    First published: