• HOME
 • »
 • NEWS
 • »
 • world
 • »
 • മുല്ലാ ഉമറിന്റെ വിശ്വസ്തനും താലിബാൻ സഹസ്ഥാപകനും; നിയുക്ത അഫ്ഗാൻ പ്രസിഡന്റ് മുല്ലാ അബ്ദുൽ ഗനി ബരാദർ

മുല്ലാ ഉമറിന്റെ വിശ്വസ്തനും താലിബാൻ സഹസ്ഥാപകനും; നിയുക്ത അഫ്ഗാൻ പ്രസിഡന്റ് മുല്ലാ അബ്ദുൽ ഗനി ബരാദർ

1970 കളുടെ അവസാനത്തിൽ സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാനെ ആക്രമിച്ചതോടു കൂടി ബരാദറിന്റെ ജീവിതവും എന്നെന്നേക്കുമായി മാറിമറിഞ്ഞു. വാസ്തവത്തിൽ അത് അദ്ദേഹത്തെ ഒരു കലാപകാരിയായി മാറ്റുകയാണ് ചെയ്തത്.

 • Last Updated :
 • Share this:
  താലിബാന്റെ സഹസ്ഥാപകനായ മുല്ല അബ്ദുൽ ഗനി ബരാദറിനെ അഫ്ഗാനിസ്ഥാന്റെ പുതിയ പ്രസിഡന്റായി പ്രഖ്യാപിച്ചേക്കുമെന്ന് സിഎൻഎൻ-ന്യൂസ്18 റിപ്പോർട്ട് ചെയ്യുന്നു. താലിബാന്റെ സഹസ്ഥാപകരിലൊരാളായ ബരാദർ ഇപ്പോൾ താലിബാന്റെ കലാപകാരികളായ ഗ്രൂപ്പിന്റെ രാഷ്ട്രീയ വിഭാഗം തലവനുമാണ്. കൂടാതെ താലിബാന്‍ ഗ്രൂപ്പിന്റെ ദോഹയിലുള്ള ചർച്ചാ സംഘത്തിന്റെ പ്രതിനിധിയുമാണ്.

  താലിബാൻ സ്ഥാപകൻ മുല്ല ഒമറിന്റെ വിശ്വസ്തനായ കമാൻഡർമാരിൽ ഒരാളായിരുന്നുവെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ബരാദറിനെ2010 ൽ തെക്കൻ പാകിസ്താൻ നഗരമായ കറാച്ചിയിൽ വച്ച് സുരക്ഷാ സേന പിടികൂടുകയും 2018 ൽ അദ്ദേഹം കാരാഗൃഹവാസം കഴിഞ്ഞ് പുറത്തിറങ്ങുകയും ചെയ്തിരുന്നു. അദ്ദേഹം അഫ്ഗാനിസ്ഥാനിൽ അധികാരം ഏറ്റെടുക്കാൻ ഒരുങ്ങുമ്പോൾ, ന്യൂസ് 18 ഈ താലിബാൻ നേതാവിന്റെ ഉയർച്ചയും പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലുള്ള അദ്ദേഹത്തിന്റെ പങ്കും പരിശോധിക്കുന്നു:

  ഉത്ഭവം

  താലിബാൻ പ്രസ്ഥാനത്തിന്റെ ജന്മസ്ഥലമായ കാണ്ഡഹാറിലാണ് ബരാദർ വളര്‍ന്നത്. മിക്ക അഫ്ഗാനികളെയും പോലെ, 1970 കളുടെ അവസാനത്തിൽ സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാനെ ആക്രമിച്ചതോടു കൂടി ബരാദറിന്റെ ജീവിതവും എന്നെന്നേക്കുമായി മാറിമറിഞ്ഞു. വാസ്തവത്തിൽ അത് അദ്ദേഹത്തെ ഒരു കലാപകാരിയായി മാറ്റുകയാണ് ചെയ്തത്. ഒറ്റക്കണ്ണുള്ള ആത്മീയ നേതാവായ മുല്ല ഉമറുമായി തോളോട് തോൾ ചേർന്നുനിന്നുകൊണ്ട് അദ്ദേഹവും അഫ്ഗാനായി പോരാടിയതായി വിശ്വസിക്കപ്പെടുന്നു. 1990 കളുടെ തുടക്കത്തിലെ സോവിയറ്റ് പിന്മാറ്റത്തിനുശേഷം പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധത്തിന്റെ കഷ്ടപ്പാടുകൾക്കും ബുദ്ധിമുട്ടുകൾക്കും ഇടയിൽ ഇരുവരും താലിബാൻ പ്രസ്ഥാനം സ്ഥാപിക്കുകയായിരുന്നു.

  2001 ൽ താലിബാന്റെ തകർച്ചയെ തുടർന്ന്, തീവ്രവാദികൾ പുതിയ ഭരണകൂടത്തെ അംഗീകരിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ വിവരിക്കുന്ന ഒരു കത്തുമായി ഇടക്കാല നേതാവ് ഹമീദ് കർസായിയെ സമീപിച്ച ഒരു ചെറിയ വിപ്ലവകാരി സംഘത്തിലുള്ള ഒരാളായിരുന്നു ബരാദർ.

  2010 ൽ പാകിസ്താനിൽ അറസ്റ്റിലായ ബരാദറിനെ 2018 ൽ അമേരിക്കയുടെ സമ്മർദ്ദത്തെ തുടർന്ന് പാകിസ്ഥാൻ മോചിപ്പിക്കുകയായിരുന്നു. തുടർന്ന് ബരാദർ താമസം ഖത്തറിലേക്ക് മാറ്റുകയും ചെയ്തു. ഇങ്ങനെയാണ് അദ്ദേഹം താലിബാന്റെ രാഷ്ട്രീയ ഓഫീസിന്റെ തലവനായി നിയമിതനാകുകയും അമേരിക്കക്കാരുടെ പിൻവാങ്ങൽ കരാർ ഒപ്പിടുന്നതിന് മേൽനോട്ടം വഹിക്കുകയും ചെയ്തത്.

  1994 ൽ അഫ്ഗാൻ തെഹ്രീക്-ഇ-താലിബാൻ എന്ന സംഘടന രൂപീകരിക്കുന്നതിനുള്ള യോഗത്തിൽ പങ്കെടുത്ത 33 പേരിൽ ഒരാളാണ് ബരാദർ. ഹെറാത്ത് പ്രവിശ്യയുടെ ഗവർണറും താലിബാൻ സൈന്യത്തിന്റെ തലവനുമായതിനു പുറമേ, താലിബാൻ പോരാളികൾക്കായി ഒരു പെരുമാറ്റച്ചട്ടം (കോഡ് ഓഫ് കോണ്ടാക്ട്) അദ്ദേഹം ഒരു ബുക്ക്‌ലെറ്റ് രൂപത്തിൽ എഴുതിത്തയ്യാറാക്കിയിട്ടുണ്ട്. ഒരു യുദ്ധപ്രഭുവായ കമാൻഡർ (വാര്‍ ലോഡ് കമാന്‍ഡര്‍) എന്നാണ് അദ്ദേഹം പൊതുവേ അറിയപ്പെട്ടിരുന്നത്. അദ്ദേഹം തെക്കൻ അഫ്ഗാൻ ജില്ലയായ ഉറുസ്ഗാനിൽ നിന്നുള്ളയാളാണെന്ന് പറയപ്പെടുന്നു. പക്ഷേ താലിബാന്റെ ശക്തികേന്ദ്രം എന്നറിയപ്പെടുന്ന അഫ്ഗാൻ പ്രവിശ്യയായ കാണ്ഡഹാറിൽ വർഷങ്ങളോളം അദ്ദേഹം താമസിച്ചിരുന്നു.

  അന്താരാഷ്ട്ര അംഗീകാരം

  2020 മാർച്ചിൽ ചരിത്രത്തിലാദ്യമായി ഒരു അമേരിക്കൻ പ്രസിഡന്റും തീവ്രവാദ ഗ്രൂപ്പും തമ്മില്‍ സമാധാനത്തിനായി ഒരുമിച്ച് നടത്തിയ ആദ്യ ആഹ്വാനത്തിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്, ബരാദറുമായി സംസാരിക്കുകയും അഫ്ഗാനിസ്ഥാനിൽ സമാധാനം കൈവരിക്കുന്നതിനുള്ള പുരോഗതി ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ഇരുവരും സംയുക്തമായി നടത്തിയ ആഹ്വാനത്തെ കുറിച്ച് വൈറ്റ് ഹൗസ് വക്താക്കൾ പറഞ്ഞതിങ്ങനെയാണ്, "അക്രമം കുറയ്ക്കൽ തുടരേണ്ടതിന്റെ ആവശ്യകത ട്രംപ് ഊന്നിപ്പറയുകയും ചരിത്രപരമായ യുണൈറ്റഡ് സ്റ്റേറ്റ്സ്-താലിബാൻ കരാർ ഫെബ്രുവരി 29 ന് ഒപ്പുവയ്ക്കുന്നതിന്‌ കാരണമാവുകയും ചെയ്തു."

  എന്നിരുന്നാലും, താലിബാനെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഏറ്റവും വലിയ ‘പിന്തുണ’ വരുന്നത്, അവരെ പലപ്പോഴും തീവ്രവാദികളെന്ന നിലയിലല്ലാതെ പോരാളികളായി മാത്രം മുദ്രകുത്തിയിട്ടുള്ള പാകിസ്ഥാനിൽ നിന്നാണ്. 1996 ൽ ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച ഒരു വിശകലന റിപ്പോർട്ട് അനുസരിച്ച്, പാക്കിസ്ഥാൻ താലിബാനിലൂടെ മധ്യേഷ്യയിൽ കൂടുതൽ ആഴം പുലർത്താൻ ആഗ്രഹിക്കുകയും അവര്‍ക്കാവശ്യമായ വെടിമരുന്ന്, ഭക്ഷണം, ഇന്ധനം പോലുള്ള അത്യന്താപേക്ഷിതമായ എല്ലാ വസ്തുക്കളും നൽകുകയും ചെയ്യുന്നുണ്ട്. 1994 ലെ സ്പിൻ ബോൾഡക് ഏറ്റുമുട്ടൽ താലിബാന് ഒരു വഴിത്തിരിവായി. കാണ്ഡഹാർ പ്രവിശ്യയിലെ പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിലുള്ള ഒരു അതിർത്തി പട്ടണമാണ് സ്പിൻ ബോൾഡക്. താലിബാൻ 800 ട്രക്ക് ലോഡ് സോവിയറ്റ് ആയുധങ്ങളും വെടിമരുന്നുകളും ഗുഹകളിൽ ഒളിപ്പിച്ചിട്ടുണ്ടായിരുന്നു. പാക്കിസ്ഥാന്‍ നല്‍കുന്ന ആയുധങ്ങളും വെടിക്കോപ്പുകളും പണവും കൈവശമുള്ളതിനാൽ, ഇതോടുകൂടി രാജ്യമാസകലം വേഗത്തിൽ മുന്നേറാൻ അവരെ പര്യാപ്തമാക്കി.

  അൽ-ഖായിദയെ പിന്തുണച്ചതിന് യുഎൻ താലിബാനെതിരെ ഉപരോധം ഏർപ്പെടുത്തിയതിനുശേഷവും പാകിസ്താൻ, താലിബാന് നൽകിവരുന്ന സഹായ സഹകരണങ്ങൾ ഒട്ടും കുറച്ചില്ല. തങ്ങളുടെ രാഷ്ട്രീയ, സൈനിക, സാമ്പത്തിക പിന്തുണയോടെ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ താലിബാനെ അവരുടെ ഉയര്‍ത്തെഴുന്നേല്പിലും ഭരണത്തിലും കൈയ്യയച്ച് സഹായിച്ചു.

  പാകിസ്ഥാന്റെ എക്കാലത്തെയും സുഹൃത്തായിരുന്ന ചൈനയും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലായിരുന്നില്ല. ഈ വർഷം ജൂലൈയിൽ, അഫ്ഗാനിസ്ഥാനിൽ അടുത്തിടെ താലിബാൻ തങ്ങളുടെ ആധിപത്യം ഉറപ്പാക്കിയതോടു കൂടി ചൈന അപൂർവമായ ഒൻപതംഗ താലിബാൻ പ്രതിനിധി സംഘത്തിന് ആതിഥേയത്വം വഹിച്ചു. വിദേശകാര്യ മന്ത്രി വാങ് യി ഈ ഗ്രൂപ്പിനെ രാജ്യത്തെ "ഒരു സുപ്രധാന സൈനിക-രാഷ്ട്രീയ ശക്തി" എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ബരാദറിന്റെ നേതൃത്വത്തിലുള്ള താലിബാന്‍ പ്രതിനിധി സംഘം ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ നേതൃത്വത്തിലുള്ള മറ്റ് ഉദ്യോഗസ്ഥരുമായി ബീജിംഗിന് 100 കിലോമീറ്റർ തെക്കുകിഴക്കന്‍ തുറമുഖ നഗരമായ ടിയാൻജിനിൽ കൂടിക്കാഴ്ച നടത്തി.

  കാബൂളിലെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ഈ തീവ്രവാദി സംഘം കീഴടക്കിയാൽ അഫ്ഗാനിസ്ഥാനിലെ നിയമാനുസൃത ഭരണാധികാരിയായി താലിബാനെ അംഗീകരിക്കാൻ ചൈന തയ്യാറാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചൈനീസ് സൈന്യത്തിന്റെയും മറ്റ് രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തലുകളുടേയും ഫലമായി അഫ്ഗാനിസ്ഥാനിലെ നിലവിലെ മാറിയ സാഹചര്യത്തെക്കുറിച്ച് മനസ്സിലാക്കിയതിനെ തുടര്‍ന്ന് ചൈന ഈ തീവ്രവാദ ഗ്രൂപ്പിനെ ഔപചാരികമായി അംഗീകരിക്കാൻ തയ്യാറായതായി ചൈനീസ് നീക്കങ്ങളെക്കുറിച്ച് പരിചയമുള്ള രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ പ്രസിദ്ധീകരണം റിപ്പോർട്ട് ചെയ്യുന്നു.

  താലിബാൻ ശ്രേണിയിലെ മറ്റ് നേതാക്കൾ

  2016 ൽ യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തില്‍ അമേരിക്ക തന്റെ മുൻഗാമിയായ മുല്ല മൻസൂർ അക്തറിനെ കൊലപ്പെടുത്തിയതിനെത്തുടർന്ന് വളരെ പെട്ടെന്ന് നടന്ന അധികാരമാറ്റത്തില്‍ താലിബാന്റെ സുപ്രീം ലീഡറായി ഹൈബത്തുല്ല അഖുൻസാദ നിയമിതനായി. ഒരു സൈനിക കമാൻഡര്‍ എന്നതിനേക്കാൾ ഒരു ആത്മീയ വ്യക്തിയായി സേവനം ചെയ്യാനാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടതെന്ന് ആളുകൾ പരക്കെ വിശ്വസിക്കുന്നു.

  സിറാജുദ്ദീൻ ഹഖാനി, ഹഖാനി നെറ്റ്‌വർക്ക്

  സോവിയറ്റ് വിരുദ്ധ ജിഹാദിലൂടെ പ്രശസ്തനായ കമാൻഡർ ജലാലുദ്ദീൻ ഹഖാനിയുടെ മകൻ, സിറാജുദ്ദീൻ താലിബാൻ പ്രസ്ഥാനത്തിന്റെ ഉപനേതാവായും അതേസമയം തന്നെ ശക്തമായ ഹഖാനി ശൃംഖലയുടെ തലവനായും തുടരുന്നു. യുഎസ് നിയുക്ത ഭീകരസംഘടനയാണ് ഹഖാനി നെറ്റ്‌വർക്ക്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി അഫ്ഗാനിസ്ഥാനെതിരായും അഫ്ഗാനിസ്ഥാനിൽ പോരാടുന്ന അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സേനയ്ക്കുമെതിരായും പോരാടുന്ന ഏറ്റവും അപകടകരമായ വിഭാഗങ്ങളിലൊന്നായി ഇതിനെ വളരെക്കാലമായി കണക്കാക്കപ്പെടുന്നു.

  മുല്ല യാക്കൂബ്

  താലിബാന്റെ സ്ഥാപകൻ മുല്ല ഉമറിന്റെ മകൻ. മുല്ല യാക്കൂബ് താലിബാന്‍ ഗ്രൂപ്പിന്റെ ശക്തമായ സൈനിക കമ്മീഷന്റെ തലവനാണ്. ഇദ്ദേഹം യുദ്ധത്തിലെ തന്ത്രപരമായ പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നതായി കണക്കാക്കുന്ന ഫീൽഡ് കമാൻഡർമാരുടെ വിശാലമായ ശൃംഖലയുടെ മേൽനോട്ടം വഹിക്കുന്നു. താലിബാൻ നേതാവെന്ന നിലയിലുള്ള നേതൃത്വ പദവി ആസ്വദിച്ച തന്റെ പിതാവുമായുള്ള അദ്ദേഹത്തിന്റെ പാരമ്പര്യവും മറ്റുള്ളവരുമായുള്ള ബന്ധങ്ങളും സഹായകരമായി മാറുകയും ഈ വിശാലമായ പ്രസ്ഥാനത്തെ ഏകീകരിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇദ്ദേഹത്തെ സഹായിക്കുകയും ചെയ്യുന്നു.

  നിലവിലെ സ്ഥിതി

  20 വർഷത്തെ യുദ്ധത്തിൽ വിമതർ വിജയിച്ചതായി സമ്മതിക്കുന്ന തരത്തില്‍ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടതിന് ശേഷം അഫ്ഗാനിസ്ഥാന്‍ തിങ്കളാഴ്ച മുതല്‍ താലിബാന്റെ നിയന്ത്രണത്തിലാണ്‌. ഞായറാഴ്ച രാത്രി തീവ്രവാദികൾ പ്രസിഡൻഷ്യൽ കൊട്ടാരം പിടിച്ചടക്കിയതോടെ അതിശയകരമാംവിധം പെട്ടെന്നുള്ള സർക്കാരിന്റെ പതനം തലസ്ഥാനത്ത് ഭയവും പരിഭ്രാന്തിയും സൃഷ്ടിക്കുകയുണ്ടായി.

  ഇസ്ലാമിക ഭരണത്തിന്റെ കടുത്ത ബ്രാൻഡായ താലിബാനില്‍ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച ആയിരക്കണക്കിന് ആളുകൾ തിങ്കളാഴ്ച കാബൂളിലെ വിമാനത്താവളത്തിൽ തടിച്ചുകൂടുകയുണ്ടായി. വിമതർ കാബൂളിനെ വളഞ്ഞതിനാൽ ഞായറാഴ്ച അഷ്റഫ് ഗനി പലായനം ചെയ്യുകയായിരുന്നു. രാജ്യം പിടിച്ചെടുത്ത് താലിബാൻ സൈനിക വിജയം ഉറപ്പിച്ചതോടെ, വെറും 10 ദിവസത്തിനുള്ളിൽ എല്ലാ നഗരങ്ങളും അവരുടെ മുന്നിൽ കീഴടങ്ങുകയായിരുന്നു. കൊല്ലും കൊലയും ആക്രമണങ്ങളുമായി മുന്നേറുന്ന താലിബാന്റെ ഭാവി പരിപാടികള്‍ എങ്ങനെയാകും എന്നതൊക്കെ കാത്തിരുന്ന് കാണേണ്ട കാര്യമാണ്‌. അതുകൊണ്ടുതന്നെ അഫ്ഗാന്റെ ഭാവി ഇനി എങ്ങനെയാകും എന്നതാണ്‌ ലോകം ഉറ്റു നോക്കുന്നത്.
  First published: