ഈജിപ്തിലെ മമ്മികളെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാകും. മരണത്തിനപ്പുറം ഒരു രണ്ടാം ജീവിതമുണ്ടെന്ന വിശ്വാസത്തോടെ രാസവസ്തുക്കൾ ഉപയോഗിച്ച് സംരക്ഷിച്ച മൃതശരീരങ്ങളെയാണ് മമ്മികൾ എന്നു വിളിക്കുന്നത്. ചിലപ്പോൾ മമ്മികൾ സ്വാഭാവികമായും രൂപം കൊള്ളാറുണ്ട്. ധാതു സമ്പന്നമായ മണ്ണിൽ കുഴിച്ചിടുന്ന മൃതശരീരങ്ങളാണ് ഇങ്ങനെയുള്ള മമ്മികൾ. രണ്ടാമത്തെ തരത്തിലുള്ള മമ്മികൾ ജനങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം എന്ന് മുന്നറിയിപ്പ് നൽകുകയാണ് വിദഗ്ധർ.
മെക്സിക്കോയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രോപോളജി ആൻഡ് ഹിസ്റ്ററിയിലെ വഗേഷകരാണ് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഡെയിലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് മമ്മികളിൽ ഫംഗസ് ബാധ ഉണ്ടാകുന്നത് സന്ദർശകർക്ക് അപകടകരമാണ്. ചില മമ്മികളിൽ മുടിയും മേൽചർമലും വസ്ത്രങ്ങളുമെല്ലാം ഉണ്ടാകും. ചിലതിൽ ഫംഗസ് ബാധയുണ്ടെന്നും ഗവേഷകർ പറയുന്നു. മെക്‌സിക്കോ സിറ്റിയിലെ ഒരു ടൂറിസം മേളയിൽ ആറ് മമ്മികൾ ഒരു ഗ്ലാസ് കെയ്‌സിംഗിൽ പ്രദർശിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് രംഗത്തു വരികയും ചെയ്തിരുന്നു.
ഗ്ലാസ് കെയ്‌സുകൾ വായു കടക്കാത്തതാണെന്ന് ഉറപ്പുവരുത്തിയില്ലെങ്കിൽ ആരോഗ്യപരമായ അപകടങ്ങൾ ഉണ്ടാകും എന്നും മതിയായ ബോധവത്ക്കരണമോ പൊതുജനങ്ങൾക്ക് സംരക്ഷണമോ ഇല്ലാതെ അവ പ്രദർശിപ്പിക്കുന്നത് ആശങ്കാജനകമാണെന്നും ഗവേഷകർ വിലയിരുത്തി. ”2021 നവംബറിൽ ഞങ്ങൾ പരിശോധിച്ച ചില മമ്മികളിൽ ഫംഗസ് ബാധയുടെ വ്യാപനത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു”, ഗവേഷകർ കൂട്ടിച്ചേർത്തു.
മമ്മികളെ കൂടുതൽ ശ്രദ്ധാപൂർവ്വം പഠിക്കാൻ അനുവദിക്കണമെന്നും ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ അഭ്യർത്ഥിച്ചു. അവ കൈകാര്യം ചെയ്യുന്നവരുടെയും കാണാൻ വരുന്നവരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ഗവേഷകർ പറഞ്ഞു. 1860 കളിൽ തുടങ്ങുന്നതാണ് മമ്മികളുടെ ചരിത്രം. മൃതശരീരങ്ങൾ സംസ്കരിക്കാൻ മതിയായ പണമില്ലാത്ത കുടുംബങ്ങൾ പൊതു കല്ലറകളിലാണ് അവ അടക്കം ചെയ്തിരുന്നത്. ഇവിടെ നിന്നാണ് മമ്മികളെ ആദ്യം കണ്ടെത്തിയത്.
Also read- അമേരിക്കയിൽ നിന്ന് അകലുന്നുവോ? ചൈനയ്‌ക്കൊപ്പമുള്ള ഗ്രൂപ്പിലേക്ക് സൗദി അറേബ്യ
ഈജിപ്റ്റിലെ ഗര്‍ഭിണിയായ ഒരു സ്ത്രീയുടെ മമ്മിയില്‍ നിന്നും കഴിഞ്ഞ വർഷം കാന്‍സര്‍ രോഗത്തിന്റെ അടയാളങ്ങള്‍ കണ്ടെത്തിയിരുന്നു. പോളണ്ടിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തൽ നടത്തിയത്. മൂക്കിലെ കാന്‍സര്‍ ആയിരുന്നു ഈ സ്ത്രീയുടെ മരണ കാരണം എന്നാണ് ശാസ്ത്ര ലോകത്തിന്റെ അനുമാനം. പോളണ്ടിലെ വാര്‍സോ മമ്മി പ്രോജക്ടിലെ ഗവേഷകര്‍ ഈ പുരാതന മൃതദേഹത്തിന്റെ തലയോട്ടി സ്‌കാന്‍ ചെയ്യുകയായിരുന്നു. പെട്ടെന്ന്, അതിന്റെ അസ്ഥികളില്‍ ചില അടയാളങ്ങള്‍ കാണാന്‍ സാധിച്ചു.
മൂക്കില്‍ കാന്‍സര്‍ ബാധിച്ച രോഗികളില്‍ കാണാറുള്ളതിന് സമാനമായ തരത്തിലാണ് ഈ അടയാളങ്ങള്‍ ഉണ്ടായിരുന്നത്. ‘നിഗൂഢ സ്ത്രീ’ എന്നറിയപ്പെടുന്ന ഈ പുരാതന ഈജിപ്തുകാരി കാന്‍സര്‍ ബാധിച്ച് മരിച്ചതാകാമെന്നാണ് ഗവേഷകരുടെ അനുമാനം. മൂക്കിന്റെ പിന്‍ഭാഗവും വായയുടെ പിന്‍ഭാഗവും തമ്മില്‍ ബന്ധിപ്പിക്കുന്ന തൊണ്ടയുടെ ഭാഗങ്ങളെയാണ് നാസോഫാറിന്‍ജിയല്‍ കാന്‍സര്‍ പ്രധാനമായും ബാധിക്കുന്നത്. സാധാരണ മമ്മികളിൽ ഇത്തരത്തില്‍ അടയാളങ്ങള്‍ ഉണ്ടാകാറില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.