• HOME
 • »
 • NEWS
 • »
 • world
 • »
 • ഹിന്ദുസമൂഹം യുകെയുടെ അവിഭാജ്യ ഘടകം, ഹിന്ദുഫോബിയക്കെതിരെ പോരാടണം: യുകെ പ്രതിപക്ഷ നേതാവ്

ഹിന്ദുസമൂഹം യുകെയുടെ അവിഭാജ്യ ഘടകം, ഹിന്ദുഫോബിയക്കെതിരെ പോരാടണം: യുകെ പ്രതിപക്ഷ നേതാവ്

“ഹിന്ദുഫോബിയക്ക് നമ്മുടെ സമൂഹത്തിൽ ഒരു തരത്തിലുള്ള പിന്തുണയും ലഭിക്കില്ല. അതിനെതിരെ നാം ഒന്നിച്ച് നിന്ന് പോരാടണം,” സ്റ്റാർമർ പറഞ്ഞു.

 • Share this:
  യുകെയിൽ (UK) ഹിന്ദു മതക്കാര്‍ക്ക് നേരെ നടക്കുന്ന (Hindu Community)  സംഘടിതമായ  വിദ്വേഷ ആക്രമണങ്ങളും കൂടി വരുന്നതായി റിപ്പോര്‍ട്ട്. ലോകത്തിൻെറ പല കോണുകളിൽ നിന്നും ഇതിനെതിരെ ശക്തമായ വിമർശനം ഉയർന്ന് വരുന്നുണ്ട്. ലണ്ടനിൽ നടന്ന യൂറോപ്പിലെ ഏറ്റവും വലിയ നവരാത്രി ആഘോഷത്തിൽ പങ്കെടുത്ത് കൊണ്ട് ഹിന്ദു സമൂഹത്തിന് ഐകദാർഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ് യുകെയിലെ പ്രതിപക്ഷ നേതാവും ലേബർ പാർട്ടി നേതാവുമായ കെയർ സ്റ്റാർമർ (Keir Starmer). “ഹിന്ദുഫോബിയക്ക് നമ്മുടെ സമൂഹത്തിൽ ഒരു തരത്തിലുള്ള പിന്തുണയും ലഭിക്കില്ല. അതിനെതിരെ നാം ഒന്നിച്ച് നിന്ന് പോരാടണം,” സ്റ്റാർമർ പറഞ്ഞു.

  നൂറുകണക്കിന് ബ്രിട്ടീഷ് ഇന്ത്യക്കാർ പങ്കെടുത്ത പരിപാടിയിലാണ് സ്റ്റാർമർ സംസാരിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. സമൂഹത്തിൽ വിദ്വേഷ പ്രചാരണം നടത്തി ഭിന്നിപ്പുണ്ടാക്കുന്ന പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിലടക്കം നടക്കുന്നുണ്ട്. ഇത്തരത്തിൽ തീവ്ര ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിഭജന രാഷ്ട്രീയത്തെ തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദുക്കൾ ബ്രിട്ടൻെറ അവിഭാജ്യ ഘടകമാണെന്ന് സ്റ്റാർമർ വ്യക്തമാക്കിയതായും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

  കഴിഞ്ഞ കുറച്ച് വർഷങ്ങളായി യുകെയിൽ വിദ്വേഷ കുറ്റകൃത്യങ്ങൾ കൂടിവരുന്നുണ്ട്. “മതത്തിൻെറ പേരിൽ പലരും ആക്രമിക്കപ്പെടുന്നുവെന്ന് നമുക്കറിയാം. ഈയടുത്താണ് യുകെയിൽ വിദ്വേഷ ആക്രമണങ്ങൾ കാര്യമായി വർധിച്ചത്. ഇവിടുത്തെ വിഭജന രാഷ്ട്രീയം മടുപ്പിക്കുന്നതാണ്. ബർമ്മിങ്ങാമിലും ലെസ്റ്ററിലും ഈയടുത്തുണ്ടായ സംഭവങ്ങൾ നിരാശപ്പെടുത്തുന്നതാണ്. വിദ്വേഷം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ നാം എന്ത് വിലകൊടുത്തും ഒന്നിച്ച് നിൽക്കണം,” സ്റ്റാർമർ പറഞ്ഞു.

  Also Read-സാരി ധരിച്ച 14ഓളം സ്ത്രീകൾക്ക് നേരെ ഹിന്ദു വിരുദ്ധ വംശീയ ആക്രമണം; അമേരിക്കയിൽ യുവാവ് അറസ്റ്റിൽ

  “നമ്മുടെ പരിമിതികൾ മുതലെടുക്കാൻ തക്കം പാർത്തിരിക്കുകയാണ് തീവ്ര വലതുപക്ഷം. അത്തരം ശ്രമങ്ങളെയും ചെറുക്കേണ്ടതുണ്ട്. നമ്മൾ ഒന്നിച്ച് നിൽക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഭിന്നിപ്പിച്ച് കൊണ്ട് നമ്മളെ തമ്മിലടിപ്പിക്കാനുള്ള ശ്രമങ്ങളാണ് ചിലയിടങ്ങളിൽ നടക്കുന്നത്. നമ്മുടെ മതവും സ്ഥലവും പ്രതീകങ്ങളും ആരാധനാലയങ്ങളും എല്ലാം ബഹുമാനിക്കപ്പെടേണ്ടതാണ്. ഒരു ലേബർ സർക്കാരിന് മാത്രമേ ജനങ്ങളെ വീണ്ടും ഒറ്റക്കെട്ടായി നിർത്താൻ സാധിക്കുകയുള്ളൂ. ഈ ഭിന്നിപ്പിൻെറ രാഷ്ട്രീയം നമുക്ക് അവസാനിപ്പിക്കേണ്ടതുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

  ലെസ്റ്ററിലാണ് ഈയടുത്ത് ഹിന്ദുക്കൾക്കെതിരെ സംഘടിത അക്രമവും വിദ്വേഷ പ്രചാരണങ്ങളും നടന്നത്. അവിടുത്തെ അരാജകത്വ പ്രവണതകൾക്ക് ശേഷമാണ് ഹിന്ദുഫോബിയ എന്നൊരു വാചകം ഉടലെടുക്കുന്നത്. യുകെയിലെ ചില പ്രവാസി സംഘടനകളാണ് ഹിന്ദുഫോബിയക്കെതിരെ ഒന്നിച്ച് നിൽക്കണമെന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചത്. സോഷ്യൽ മീഡിയ വഴി നടന്ന വ്യാജപ്രചാരണങ്ങളാണ് ഹിന്ദുക്കൾക്കെതിരായ അതിക്രമത്തിലേക്ക് വഴിവെച്ചതെന്നും പ്രവാസി സംഘടനകൾ ചൂണ്ടിക്കാട്ടി.

  യുകെയിലെ ഇന്ത്യക്കാരോടും ഇന്ത്യൻ സമൂഹത്തോടും അത്ര സൌഹാർദ്ദത്തിലല്ലാതെ മുന്നോട്ട് പോയിരുന്ന തൻെറ മുൻഗാമിയായ ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻെറ നിലപാടുകൾ തിരുത്തിക്കൊണ്ടാണ് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് സ്റ്റാർമർ മുന്നോട്ട് പോവുന്നത്. ദസറ ആഘോഷങ്ങളിൽ താൻ ആദ്യമായാണ് പങ്കെടുക്കുന്നതെന്നും സ്റ്റാർമർ പറഞ്ഞു. നവരാത്രി ആഘോഷത്തെക്കുറിച്ചും അതിൻെറ പ്രാധാന്യത്തെക്കുറിച്ചുമൊക്കെ പ്രസംഗത്തിൽ സംസാരിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
  Published by:Arun krishna
  First published: