• HOME
 • »
 • NEWS
 • »
 • world
 • »
 • Najla Bouden Romdhane | ടുണീഷ്യയുടെ പ്രധാനമന്ത്രിയായി നജ്‌ല ബൗഡന്‍ റൊംദാൻ; അറബ് ലോകത്തെ ആദ്യ വനിത പ്രധാനമന്ത്രി

Najla Bouden Romdhane | ടുണീഷ്യയുടെ പ്രധാനമന്ത്രിയായി നജ്‌ല ബൗഡന്‍ റൊംദാൻ; അറബ് ലോകത്തെ ആദ്യ വനിത പ്രധാനമന്ത്രി

2011ലെ വിപ്ലവത്തിലൂടെ നേടിയ രാജ്യത്തെ ജനാധിപത്യ വിജയങ്ങള്‍ നിലവില്‍ സംശയാസ്പദവും പൊതു ധനകാര്യത്തിന് വലിയ ഭീഷണിയുമായ പ്രതിസന്ധി ഘട്ടത്തിലാണ് റൊംദാന്‍ അധികാരമേല്‍ക്കുന്നത്.

Najla Bouden Romdhane

Najla Bouden Romdhane

 • Share this:
  കഴിഞ്ഞ സര്‍ക്കാരിനെ പിരിച്ചുവിട്ട് രണ്ട് മാസങ്ങള്‍ക്ക് ശേഷം പ്രധാന എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ പിടിച്ചെടുത്ത ടുണീഷ്യന്‍ പ്രസിഡന്റ് കൈസ് സെയ്ദ്, രാജ്യത്തിലെയും അറബ് ലോകത്തിലെയും ആദ്യ വനിതാ പ്രധാനമന്ത്രിയായി നജ്‌ല ബൗഡന്‍ റൊംദാനെ നിയമിച്ചു. 'ടുണീഷ്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത രാജ്യത്തെ സര്‍ക്കാരിനെ നയിക്കുന്നത്,' പ്രസിഡന്റിന്റെ ഓഫീസില്‍ നിന്നുള്ള വീഡിയോ പ്രകാരം ബുധനാഴ്ച റൊംദാനുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ സെയ്ദ് പറഞ്ഞു. 'ടുണീഷ്യയ്ക്കും, ടുണീഷ്യന്‍ സ്ത്രീകള്‍ക്കും ഇത് ഒരു ബഹുമതിയാണ്' എന്നും അദ്ദേഹം പറഞ്ഞു.

  ടുണീഷ്യയിലെ ഒരു സ്വകാര്യ എഫ്എം ആയ മൊസൈക്ക് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, 63-കാരിയായ റൊംദാന്‍ 2011വരെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ഡയറക്ടര്‍ ജനറല്‍ ഇന്‍ചാര്‍ജ് ഒഫ് ക്വാളിറ്റിയായി സേവനമനുഷ്ഠിച്ചിരുന്നു. കൂടാതെ ഉന്നത വിദ്യാഭ്യാസ- ശാസ്ത്ര ഗവേഷണ മന്ത്രാലയം, ലോക ബാങ്കുമായി ചേര്‍ന്ന് പദ്ധതികള്‍ നടപ്പിലാക്കാനും ഇവരെ ചുമതലയേല്‍പ്പിച്ചിരുന്നു. 2011ലെ വിപ്ലവത്തിലൂടെ നേടിയ രാജ്യത്തെ ജനാധിപത്യ വിജയങ്ങള്‍ നിലവില്‍ സംശയാസ്പദവും പൊതു ധനകാര്യത്തിന് വലിയ ഭീഷണിയുമായ പ്രതിസന്ധി ഘട്ടത്തിലാണ് റൊംദാന്‍ അധികാരമേല്‍ക്കുന്നത്. എങ്കിലും റൊംദാന് എത്രത്തോളം അധികാരമുണ്ടെന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ബാക്കിയാണ്.

  പ്രസിഡന്റ് സെയ്ദ്, ജൂലൈയില്‍ സര്‍ക്കാരിനെ പുറത്താക്കി, മിതവാദികളായ ഇസ്ലാമിസ്റ്റ് എന്‍ഹ്ദ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങളെ മരവിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ എതിരാളികള്‍ ഇത് ഭരണ അട്ടിമറിയാണെന്ന് ആരോപണമുയര്‍ത്തി. റൊംദാനെ നിയമിച്ചത് നിയമപരമല്ലെന്ന് മുന്‍ സര്‍ക്കാരില്‍ അംഗമായിരുന്ന മന്ത്രി സമീര്‍ ഡിലോ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയായി, അവസാനമില്ലാതെ പോകുന്ന ഒരു അടിയന്തരാവസ്ഥയില്‍ തനിക്ക് നിയമപ്രകാരം രാജ്യം ഭരിക്കാമെന്നും സര്‍ക്കാരിനെ സ്വയം നിയന്ത്രിക്കാമെന്നുമാണ് കഴിഞ്ഞയാഴ്ചയോടെ ഭരണഘടനയുടെ ഭൂരിഭാഗവും തള്ളിക്കളഞ്ഞുക്കൊണ്ട് സെയ്ദ് പറഞ്ഞത്.

  വര്‍ഷങ്ങളായി തുടരുന്ന രാഷ്ട്രീയ കലഹങ്ങളും നിലവിലെ കൊറോണ വൈറസ് പകര്‍ച്ചവ്യാധിയും മൂലം രാജ്യത്ത് സാമ്പത്തിക സ്തംഭനം രൂക്ഷമായതിനെത്തുടര്‍ന്ന് ടുണീഷ്യ പൊതു സാമ്പത്തിക രംഗത്ത് കനത്ത പ്രതിസന്ധികളിലേക്ക് നീങ്ങുകയാണ്. സര്‍ക്കാര്‍ ബോണ്ടുകള്‍ സമ്മര്‍ദ്ദത്തിലാണ്, അവയുടെ ഇന്‍ഷുറന്‍സ് ചെലവ് റെക്കോര്‍ഡ് ഉയരത്തിലെത്തി. ജൂലൈയില്‍ സെയ്ദ്, രാജ്യ ഭരണം പിടിച്ചത്തോടെ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടുമായി (ഐഎംഎഫ്) ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതിനുശേഷം ബജറ്റിനും കടം തിരിച്ചടവിനുമുള്ള സാമ്പത്തിക പിന്തുണ തേടാന്‍ പുതിയ സര്‍ക്കാര്‍ വളരെ വേഗത്തില്‍ നീങ്ങേണ്ടതുണ്ട്.

  കഴിഞ്ഞയാഴ്ച സെയ്ദ് നടത്തിയ പ്രസ്താവനകള്‍ പ്രകാരം, പ്രസിഡന്റിന് സര്‍ക്കാരിൽ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹത്തിന് ക്യാബിനറ്റ് മന്ത്രിമാരെ തിരഞ്ഞെടുക്കാനോ പുറത്താക്കാനോ കഴിയുമെന്നും മുന്‍ ഭരണങ്ങളെ അപേക്ഷിച്ച് പ്രധാനമന്ത്രിയുടെ പങ്ക് കുറവായിരിക്കും എന്നുമാണ്. 'രാജ്യത്തെ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് അഴിമതിയും അരാജകത്വവും അവസാനിപ്പിക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കും. ഞങ്ങള്‍ ധാരാളം സമയം പാഴാക്കി,' ബുധനാഴ്ച പുതിയ പ്രധാനമന്ത്രി റോംദനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സെയ്ദ് പറഞ്ഞു.

  കോവിഡ് -19 കേസുകളില്‍ വര്‍ദ്ധനവ് നേരിടുന്നതിലും ദീര്‍ഘകാലമായിട്ടുള്ള രാഷ്ട്രീയ അപര്യാപ്തതയിലും സാമ്പത്തിക അസ്വസ്ഥതയിലും ടുണീഷ്യയില്‍ രോഷം വര്‍ദ്ധിച്ചുവരുകയാണ്. സെയ്ദ് അധികാരം പിടിച്ചെടുത്തതിൽ പ്രതിഷേധിച്ച്, നൂറുകണക്കിന് ടുണീഷ്യന്‍ ജനങ്ങള്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ തലസ്ഥാന നഗരിയിലെ തെരുവുകളില്‍ പ്രകടനം നടത്തിയിരുന്നു.
  Published by:Naveen
  First published: