ആമസോൺ മഴക്കാടുകളുടെയും പ്രദേശത്തെ ജനങ്ങളുടെയും സംരക്ഷണത്തിനായി ചുമതലപ്പെടുത്തിയ നാഷണൽ ഫൗണ്ടേഷൻ ഓഫ് ദി ഇന്ത്യൻ പ്രസിഡന്റായി ബ്രസീലിയൻ വനിതയായ ജോനിയ വാപിചാനയെ തിരഞ്ഞെടുത്തിരുന്നു. പുതുതായി അധികാരത്തിലെത്തിയ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ഡി സിൽവയുടെ കീഴിൽ അടുത്ത മാസം ജോനിയ സത്യപ്രതിജ്ഞ ചെയ്യും. ആമസോൺ കാടുകളിലെ വിഭവങ്ങൾ ചൂഷണം ചെയ്യാൻ അനുവദിച്ചതായി വിമർശിക്കപ്പെടുന്ന ഈ ഏജൻസിയിൽ ശുദ്ധീകരണം നടത്തുമെന്ന് വാപിചന വ്യക്തമാക്കിയിരുന്നു.
മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്ക്കെതിരായ ലുലയുടെ വിജയത്തിന് പരിസ്ഥിതിവാദികളും തദ്ദേശീയരും പ്രധാന പങ്കുവഹിച്ചിരുന്നു. തദ്ദേശീയ പ്രദേശങ്ങൾ വികസിപ്പിക്കുന്നത് മുതൽ നിയമവിരുദ്ധമായ വനനശീകരണം തടയുന്നത് വരെയുള്ള വിവിധ വിഷയങ്ങളിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാനുള്ള ശ്രമത്തിലാണ് ലുല ഇപ്പോൾ. ഈ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനായി, പ്രധാന സ്ഥാനങ്ങളിലേക്ക് അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകരെയും തദ്ദേശവാസികളെയും നിയമിക്കാൻ ലുല തീരുമാനിച്ചു.
മുമ്പ് രണ്ട് തവണ പ്രസിഡന്റായിരുന്നപ്പോഴും, ലുല പരിസ്ഥിതി, തദ്ദേശീയ വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്നത് വാർത്തയായിരുന്നു. അതേസമയം, ആമസോൺ കാടിന്റെ ചില ഭാഗങ്ങൾ ഇപ്പോഴും നിയന്ത്രിക്കുന്ന ബോൾസോനാരോ അനുകൂല സംസ്ഥാന ഗവർണർമാരിൽ നിന്ന് അദ്ദേഹത്തിന് തടസ്സങ്ങൾ നേരിടേണ്ടിവരുമെന്നത് ഉറപ്പാണ്. എന്നാൽ ലുല ശരിയായ പാതയിലാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
എന്നാൽ ലുല അധികാരത്തിലേറുന്നതോടെ വികസനത്തിനായി അനുവദിച്ച ഭൂമിയുടെ അളവ് കുറയ്ക്കുന്നതും നേരത്തെ അനുവദിച്ച പല പ്രവർത്തനങ്ങൾക്കും ശിക്ഷ നൽകുന്നതും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നാണ് ബോൾസോനാരോ അനുയായികൾ ഉന്നയിക്കുന്ന ആരോപണം. ഈ മാസം ആദ്യം രാജ്യത്തെ സുപ്രീം കോടതിയിലും മറ്റും അതിക്രമിച്ച് കയറിയ കലാപകാരികൾക്ക് അഗ്രി ബിസിനസുമായി ബന്ധമുള്ള ചില അനുയായികൾ സാമ്പത്തിക സഹായം നൽകിയതായും ആരോപിക്കപ്പെട്ടിരുന്നു.
ബോൾസോനാരോ പ്രസിഡന്റായിരുന്നപ്പോൾ, പരിസ്ഥിതി മേൽനോട്ടത്തിന് ഉത്തരവാദികളായ ഫുനായിയെയും മറ്റ് ഏജൻസികളെയും അദ്ദേഹം ഫലപ്രദമല്ലാതാക്കിത്തീർത്തു. ഇത് 2006 മുതൽ വനനശീകരണം അതിന്റെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയരാൻ കാരണമായി. ഇതിന് പുറമെ, ഡെവലപ്പർമാരും ഖനിത്തൊഴിലാളികളും തദ്ദേശീയരിൽ നിന്ന് ഭൂമി കൈക്കലാക്കുകയും ചെയ്തു. 2019 നും 2022 നും ഇടയിൽ, ആമസോണിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നൽകിയ പിഴകളുടെ എണ്ണം അതിന് മുമ്പുള്ള നാല് വർഷങ്ങളെ അപേക്ഷിച്ച് 38 ശതമാനമായി കുറഞ്ഞതായും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇത്തരം പ്രവണതകൾ മാറ്റുന്നതിനായി ലുലയുടെ ഏറ്റവും ശക്തമായ തീരുമാനങ്ങളിലൊന്ന് രാജ്യത്തിന്റെ പരിസ്ഥിതി മന്ത്രാലയത്തെ നയിക്കാൻ മറീന സിൽവയെ തിരികെ കൊണ്ടുവരിക എന്നതാണ്. 2003 നും 2008 നും ഇടയിൽ സിൽവ ഈ ചുമതല വഹിച്ചിരുന്നു. ഈ കാലയളവിൽ വനനശീകരണം 53 ശതമാനമായി കുറഞ്ഞിരുന്നു. പാരിസ്ഥിതിക നയങ്ങളെച്ചൊല്ലി സർക്കാരുമായും അഗ്രിബിസിനസ് നേതാക്കളുമായും ഏറ്റുമുട്ടിയതിനെ തുടർന്ന് സിൽവ രാജിവക്കുകയായിരുന്നു.
Also read- ജെസിന്തയുടെ പിൻഗാമിയായി ക്രിസ് ഹിപ്കിൻസ് ന്യൂസിലാൻഡ് പ്രധാനമന്ത്രിയാകും
ആമസോണിനെയും പ്രദേശത്തെ ജനങ്ങളെയും സംരക്ഷിക്കുന്നതിനായി ലുല സ്വീകരിച്ച മറ്റ് നടപടികൾ ഇവയാണ്:
ഇന്ത്യയുടെ ഇരട്ടി വിസ്തീർണ്ണമുള്ള ആമസോൺ മഴക്കാടുകൾ, വലിയ അളവിൽ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്ത് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഒരു ബഫർ ആയി പ്രവർത്തിക്കുന്നു. എന്നാൽ ബോൾസോനാരോ ആമസോണിനെ ഒരു ആഭ്യന്തര കാര്യമായി മാത്രമാണ് പരിഗണിച്ചത്. ഇത് ബ്രസീലിന്റെ ആഗോള പ്രശസ്തിയെ ബാധിച്ചു. ഇത് പരിഹരിക്കാനാണ് ലുല ശ്രമിക്കുന്നത്.
നവംബറിൽ ഈജിപ്തിൽ നടന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ, 2030-ഓടെ വനനശീകരണം പൂർണമായും അവസാനിപ്പിക്കുമെന്നും 2025-ൽ COP30 കാലാവസ്ഥാ സമ്മേളനം സംഘടിപ്പിക്കാനുള്ള തന്റെ രാജ്യത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും ലുല പറഞ്ഞിരുന്നു. എന്നാൽ ലുലയുടെ ശ്രമങ്ങൾക്ക് ഒരു പാട് തടസ്സങ്ങൾ അഭിമൂഖീകരിക്കേണ്ടി വരും. ഇത്തരം ശ്രമങ്ങൾക്ക് പ്രാദേശിക ഉദ്യോഗസ്ഥരിൽ നിന്ന് സഹകരണം ലഭിക്കുന്നത് എളുപ്പമല്ല. ഒമ്പത് ആമസോണിയൻ സംസ്ഥാനങ്ങളിൽ ആറെണ്ണം ബോൾസോനാരോ സഖ്യകക്ഷികൾക്ക് കീഴിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.