• HOME
 • »
 • NEWS
 • »
 • world
 • »
 • NEW CHALLENGES TO SOCIAL MEDIA INCLUDING FACEBOOK IN AFGHANISTAN

താലിബാൻ പിടിച്ച അഫ്ഗാനിസ്ഥാനില്‍ ഫെയ്സ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയയ്ക്ക് പുതിയ വെല്ലുവിളികള്‍

സോഷ്യല്‍ മീഡിയ രംഗത്ത് മുന്‍പന്തിയിലുള്ള ഫേസ്ബുക്ക്, തിങ്കളാഴ്ച മുതല്‍ താലിബാനെ ഒരു ഭീകരവാദ ഗ്രൂപ്പായി പ്രഖ്യാപിക്കുകയും തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഈ ഭീകരവാദികളെ പിന്തുണയ്ക്കുന്ന ഉള്ളടക്കങ്ങള്‍ നിരോധിക്കുകയും ചെയ്തിരുന്നു.

(Image: Reuters)

(Image: Reuters)

 • Share this:
  അഫ്ഗാനിസ്ഥാനിലെ വിവിധ പ്രദേശങ്ങള്‍ താലിബാന്‍ അതിവേഗം പിടിച്ചെടുക്കുന്നതിന് പിന്നാലെ വന്‍കിട അമേരിക്കന്‍ ടെക് കമ്പനികള്‍ക്ക് പുതിയ വെല്ലുവിളികള്‍ ഉയര്‍ന്നിരിക്കുകയാണ്. ലോകത്തിലെ പല രാജ്യങ്ങളുടെയും ഗവണ്‍മെന്റുകള്‍ തീവ്രവാദികളായി കണക്കാക്കപ്പെടുന്ന ഒരു സംഘം സൃഷ്ടിച്ച ഉള്ളടക്കങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള അഫ്ഗാനിലെ സോഷ്യല്‍ മീഡിയകള്‍ നേരിടുന്ന വെല്ലുവിളി.

  സോഷ്യല്‍ മീഡിയ രംഗത്ത് മുന്‍പന്തിയിലുള്ള ഫേസ്ബുക്ക്, തിങ്കളാഴ്ച മുതല്‍ താലിബാനെ ഒരു ഭീകരവാദ ഗ്രൂപ്പായി പ്രഖ്യാപിക്കുകയും തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഈ ഭീകരവാദികളെ പിന്തുണയ്ക്കുന്ന ഉള്ളടക്കങ്ങള്‍ നിരോധിക്കുകയും ചെയ്തിരുന്നു. അപകടകരമായ സംഘടനകള്‍ക്കെതിരായ കമ്പനി നിയമങ്ങള്‍ക്കനുസൃതമായാണ് താലിബാന്റെ ആശയവിനിമയങ്ങള്‍ ഫേസ്ബുക്ക് നിരോധിച്ചത്. പക്ഷേ, നേരിട്ട് ആശയവിനിമയം നടത്താന്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ അംഗങ്ങള്‍ ഫേസ്ബുക്കിന്റെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത മെസേജിംഗ് സേവനമായ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നത് ഇപ്പോഴും തുടരുന്നതായി റിപ്പോര്‍ട്ടുണ്ട്.

  രാജ്യത്തെ സ്ഥിതിഗതികള്‍ കമ്പനി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അഫ്ഗാനിസ്ഥാനിലെ ഭീകര സംഘടനകളുമായി ലിങ്ക് ചെയ്തിട്ടുള്ള ഏതൊരു അക്കൗണ്ടിനെതിരെയും വാട്സ്ആപ്പ് നടപടിയെടുക്കുമെന്നും ആവശ്യമെങ്കില്‍ അക്കൗണ്ട് നിര്‍ത്തലാക്കുമെന്നും ഫേസ്ബുക്ക് വക്താവ് പ്രതികരിച്ചു.

  ട്വിറ്ററില്‍ ലക്ഷക്കണക്കിന് അനുയായികളുള്ള താലിബാന്‍ വക്താവ്, രാജ്യം ഏറ്റെടുക്കുന്ന സമയത്ത് അപ്ഡേറ്റുകള്‍ ട്വീറ്റ് ചെയ്തിരുന്നു. താലിബാന്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിനെക്കുറിച്ച് റോയിട്ടേഴ്സ് പ്രതിനിധി ചോദിച്ചപ്പോള്‍, അക്രമാസക്തമായ സംഘടനകള്‍ക്കും വിദ്വേഷകരമായ പെരുമാറ്റങ്ങള്‍ക്കുമെതിരായ നയങ്ങള്‍ കമ്പനി ചൂണ്ടിക്കാണിച്ചുവെങ്കിലും എങ്ങനെയാണ് അവ തരംതിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

  തീവ്രവാദമോ സിവിലിയന്മാര്‍ക്കെതിരെ അക്രമമോ പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പുകളെ അനുവദിക്കില്ലെന്ന് ട്വിറ്ററിന്റെ നിയമങ്ങളില്‍ പറയുന്നു. എന്നാല്‍ ഈ സംഘടനകള്‍ ഇപ്പോഴും സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നുണ്ട്. താലിബാന്റെ തിരിച്ചുവരവ് അഭിപ്രായ സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും, പ്രത്യേകിച്ച് സ്ത്രീകളുടെ അവകാശങ്ങളെയും തകര്‍ക്കുമെന്നും ആഗോള ഭീകരവാദത്തിന് രാജ്യം ഒരിക്കല്‍ക്കൂടി അഭയം നല്‍കുമെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

  ലോകത്തിലെ പ്രമുഖ നേതാക്കളെയും, അധികാരത്തിലുള്ള സംഘടനകളെയും കൈകാര്യം ചെയ്യുന്നതില്‍ ഈ വര്‍ഷം പ്രമുഖ സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ ചില ഉന്നതതല തീരുമാനങ്ങള്‍ എടുത്തിരുന്നു. ജനുവരി 6-ലെ ക്യാപിറ്റോള്‍ കലാപത്തില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അക്രമത്തിന് പ്രേരിപ്പിച്ചതിനും രാജ്യത്ത് അട്ടിമറി നടക്കുന്നതിനിടെ മ്യാന്‍മറിന്റെ സൈന്യത്തെ നിരോധിച്ചതും സംബന്ധിച്ച വിവാദ ട്വീറ്റുകള്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിരുന്നു.

  ഇതുപോലുള്ള നിരോധനങ്ങള്‍ താലിബാനും ബാധകമാക്കണോ എന്നതാണ് കമ്പനി നേരിടുന്ന മറ്റൊരു വെല്ലുവിളി. എന്നാല്‍ ലോക വേദിയില്‍ താലിബാന്റെ സ്ഥാനം ഇനിയും മാറിയേക്കാനുമിടയുണ്ട്. താലിബാന്‍ അന്താരാഷ്ട്ര ബന്ധ തലത്തില്‍ ഒരു പരിധിവരെ അംഗീകരിക്കപ്പെട്ട 'കളിക്കാരനാണ്' എന്നാണ് ദക്ഷിണേഷ്യയിലെ സുരക്ഷയെക്കുറിച്ചുള്ള ഗവേഷകനും എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ ഡോക്ടറല്‍ സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദ് സിനാന്‍ സിയെച്ച് പറയുന്നത്. ഇതിനായി അദ്ദേഹം ചൂണ്ടി കാട്ടുന്നത് ചൈനയും അമേരിക്കയും താലിബാന്‍ ഗ്രൂപ്പുകളുമായി നടത്തിയ ചര്‍ച്ചകളാണ്.

  സമാധാനപരമായ അന്താരാഷ്ട്ര ബന്ധം വേണമെന്നും, അഫ്ഗാനിസ്ഥാനെ സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നതായും താലിബാന്‍ അധികൃതര്‍ ഇറക്കിയ പ്രസ്താവനകളില്‍ പറയുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ഈ അംഗീകാരം സ്വീകാര്യമായാല്‍ ട്വിറ്റര്‍ അല്ലെങ്കില്‍ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ കമ്പനികള്‍ താലിബാന്‍ മോശമാണെന്ന തരത്തില്‍ നിലപാടെടുക്കുന്നത് കൂടുതല്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കും.
  Published by:Jayashankar AV
  First published:
  )}