• HOME
 • »
 • NEWS
 • »
 • world
 • »
 • Sri Lanka | ഭക്ഷണത്തിനു പോലും പണമില്ലാതെ തകർന്നടിഞ്ഞ് ശ്രീലങ്ക; പ്രതിസന്ധിക്ക് കാരണമെന്ത്? ഇനി ചെയ്യേണ്ടതെന്ത്?

Sri Lanka | ഭക്ഷണത്തിനു പോലും പണമില്ലാതെ തകർന്നടിഞ്ഞ് ശ്രീലങ്ക; പ്രതിസന്ധിക്ക് കാരണമെന്ത്? ഇനി ചെയ്യേണ്ടതെന്ത്?

ജനങ്ങളുടെ പ്രതിഷേധ തുടർന്ന്, തങ്ങൾ രാജി വെയ്ക്കാൻ സന്നദ്ധരാണെന്നാണ് പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയും പ്രസിഡന്റ് ഗോതബായ രജ്പക്സെയും പറഞ്ഞത്.

 • Last Updated :
 • Share this:
  ഭക്ഷണത്തിനും ഇന്ധനത്തിനും പോലും പണമില്ലാത്ത വിധം ശ്രീലങ്ക (Sri Lanka) കടക്കെണിയിലായെന്നും സമ്പദ്‌വ്യവസ്ഥ ഇപ്പോഴും തകർച്ചയിൽ തന്നെയാണെന്നും ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിം​ഗെ (Ranil Wickremesinghe) കഴിഞ്ഞ മാസം പറഞ്ഞിരുന്നു. അവശ്യവസ്തുക്കളുടെ ഇറക്കുമതിക്ക് പണമില്ലാത്തതും കടം തിരിച്ചടയ്ക്കാനാകാത്തതും മൂലം, അയൽരാജ്യങ്ങളായ ഇന്ത്യ, ചൈന എന്നിവിടങ്ങളിൽ നിന്നും അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നും സഹായം നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചിരുന്നു.

  തകർന്നടിഞ്ഞ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് തനിക്കുള്ളതെന്നും മെയ് മാസത്തിൽ അധികാരമേറ്റ വിക്രമസിംഗെ ചൂണ്ടിക്കാട്ടിയിരുന്നു. ജനങ്ങളുടെ പ്രതിഷേധ തുടർന്ന്, തങ്ങൾ രാജി വെയ്ക്കാൻ സന്നദ്ധരാണെന്നാണ് പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയും പ്രസിഡന്റ് ഗോതബായ രജ്പക്സെയും പറഞ്ഞത്.

  മണിക്കൂറുകളോളം ക്യൂവിൽ നിന്ന് ഇന്ധനം വാങ്ങാൻ കഴിയാത്തതിനാലും ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും ലഭ്യതക്കുറവും മൂലവും ചില നേരങ്ങളിൽ ഭക്ഷണം പോലും ഒഴിവാക്കുകയാണ് ലങ്കക്കാർ. നിലവിലെ പ്രതിസന്ധി രൂക്ഷമാകുന്നതുവരെ, അതിവേ​ഗം വളർന്നു കൊണ്ടിരുന്ന ഒരു സമ്പ​ദ്‍വ്യവസ്ഥയായിരുന്നു ശ്രീലങ്കയുടേത് എന്ന കാര്യവും ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്.

  നിലവിലെ പ്രതിസന്ധി എത്രത്തോളം ​ഗുരുതരമാണ്?

  നിലവിൽ ശ്രീലങ്കൻ സർക്കാരിന് 51 ബില്യൺ ഡോളറിന്റെ കടബാധ്യതയുണ്ട്. വായ്പയുടെ പലിശയടക്കാൻ പോലും രാജ്യത്തിന് കഴിയുന്നില്ല. സാമ്പത്തിക വളർച്ചക്ക് പ്രധാന ചുക്കാൻ പിടിച്ചിരുന്ന ടൂറിസം രം​ഗംത്തെ വളർച്ചയും മന്ദ​ഗതിയിലായി. 2019 ലെ ഭീകരാക്രമണങ്ങൾക്ക് ശേഷം രാജ്യത്തെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയർന്നതും കോവിഡ് മഹാമാരിയുമാണ് ടൂറിസം രം​ഗത്തെ പ്രധാനമായും ബാധിച്ചത്. രൂപയുടെ മൂല്യം 80 ശതമാനം ഇടിഞ്ഞു. ഇറക്കുമതിയ്ക്ക് ചെലവേറി. ഗ്യാസോലിൻ, പാൽ, പാചക വാതകം, ടോയ്‌ലറ്റ് പേപ്പർ എന്നിവ പോലും ഇറക്കുമതി ചെയ്യാൻ പണമില്ലാത്ത അവസ്ഥയിലേക്ക് രാജ്യം മാറി.

  രാജ്യത്തെ ഇപ്പോഴത്തെ ഈ അവസ്ഥയിലേക്ക് എത്തിക്കുന്നതിൽ രാഷ്ട്രീയ രംഗത്തുള്ളവരുടെ അഴിമതിയും പ്രധാന കാരണം ആയെന്ന് വിദഗ്ധർ വിലയിരുത്തുന്നു. രാജ്യത്തിന്റെ സമ്പത്ത് പാഴാക്കി കളയുന്നതിൽ ഇക്കൂട്ടരും കാരണക്കാരാണ്. ഈ സാഹചര്യത്തിൽ, ഐഎംഎഫിൽ നിന്നോ ലോക ബാങ്കിൽ നിന്നോ ലഭിക്കുന്ന ഏതു സഹായവും പാഴാകില്ലെന്ന് ഉറപ്പാക്കാൻ കർശനമായ വ്യവസ്ഥകൾ ഉണ്ടാകണമെന്ന് വാഷിംഗ്ടണിലെ സെന്റർ ഫോർ ഗ്ലോബൽ ഡെവലപ്‌മെന്റിലെ പോളിസി ഫെലോയും സാമ്പത്തിക വിദഗ്ധനുമായ അനിത് മുഖർജി പറഞ്ഞു. ലോകത്തിലെ ഏറ്റവും തിരക്കേറിയ നാവിക പാതകളിലൊന്നിലാണ് ശ്രീലങ്കയെന്നും ഇത്രയും പ്രാധാന്യമുള്ള ഒരു രാജ്യത്തെ ഈ വിധത്തിൽ തകരാൻ അനുവദിക്കരുതെന്നും മുഖർജി കൂട്ടിച്ചേർത്തു.

  ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി സാധാരണക്കാരെ ബാധിക്കുന്നത് എങ്ങനെ?

  ശ്രീലങ്കയിലെ പത്തിൽ ഒൻപത് കുടുംബങ്ങളും ‌ഭക്ഷണം പോലും ഒഴിവാക്കേണ്ട അവസ്ഥയിലെത്തിയെന്ന് യു.എൻ. വേൾഡ് ഫുഡ് പ്രോഗ്രാം പറയുന്നു. 3 ദശലക്ഷം ആളുകൾക്ക് അടിയന്തര സഹായം ലഭിക്കുണ്ടെന്നും യുഎൻ കൂട്ടിച്ചേർത്തു.

  മരുന്നുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളും പോലുള്ള അവശ്യ സാധനങ്ങൾ ലഭിക്കാൻ ഡോക്ടർമാർ സോഷ്യൽ മീഡിയയെ ആണ് ആശ്രയിക്കുന്നത്. ജോലി തേടി വിദേശത്തേക്ക് പോകാൻ പാസ്‌പോർട്ടുകൾ തേടുന്ന ശ്രീലങ്കക്കാരുടെ എണ്ണവും വർദ്ധിച്ചു വരികയാണ്. സർക്കാർ ജീവനക്കാർക്ക് മൂന്ന് മാസത്തേക്ക് അധിക അവധി നൽകിയിരിക്കുകയാണ്. അവർക്കു വേണ്ട ഭക്ഷ്യ വസ്തുക്കൾ സ്വന്തമായി കൃഷി ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്. ചുരുക്കത്തിൽ, പട്ടിണിയിലും നിരാശയിലുമാണ് രാജ്യത്തെ ജനങ്ങളിപ്പോൾ.

  എന്തുകൊണ്ടാണ് സമ്പദ്‌വ്യവസ്ഥ ഇത്ര രൂക്ഷമായ പ്രതിസന്ധിയിലായത്?

  അഴിമതിയും കെടുകാര്യസ്ഥതയും പോലുള്ള ആഭ്യന്തര കാരണ​ങ്ങളാണ് നിലവിലെ പ്രതിസന്ധി സൃഷ്ടിച്ചതെന്ന് സാമ്പത്തിക വിദഗ്ദർ പറയുന്നു.
  ഇപ്പോഴത്തെ പ്രസിഡന്റ് ഗോതബായ രാജപക്‌സെക്കും സഹോദരനും മുൻ പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്‌സക്കും എതിരെ ജനവികാരം അണ പൊട്ടുകയാണ്. ആഴ്ചകളോളം നീണ്ടുനിന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ ഒടുവിൽ അക്രമാസക്തമായി മാറിയതിനെത്തുടർന്ന് ഇക്കഴിഞ്ഞ് മേയ് മാസത്തിലാണ് മഹീന്ദ്ര രാജപക്സെ രാജിവച്ചത്.

  കഴിഞ്ഞ കുറേ വർഷങ്ങളായി സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കുകയാണ്. 2019-ലെ ഈസ്റ്റർ ദിനത്തിൽ പള്ളികളിലും ഹോട്ടലുകളിലും നടന്ന ചാവേർ സ്‌ഫോടനങ്ങളിൽ 260-ലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവം വിദേശനാണ്യത്തിന്റെ പ്രധാന സ്രോതസായ ടൂറിസത്തെയും ബാധിച്ചു.

  വൻകിട ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾക്കായി എടുത്ത വിദേശ കടം തിരിച്ചടക്കേണ്ടതിനാൽ സർക്കാരിന് വരുമാനം വർദ്ധിപ്പിക്കേണ്ടതുണ്ടായിരുന്നു. പകരം, ശ്രീലങ്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നികുതിയിളവുകളാണ് മഹീന്ദ്ര രാജപക്‌സെ നൽകിയത്. ഈ നികുതിയിളവുകളിൽ അടുത്തിടെ മാറ്റം വരുത്തിയിരുന്നു. കോവിഡ് മഹാമാരിയുടെ വരവോടെ ടൂറിസം രം​ഗം കൂടുതൽ പ്രതിസന്ധിയിലായി.

  2021 ഏപ്രിലിൽ രാജപക്‌സെ രാസവളങ്ങളുടെ ഇറക്കുമതി നിരോധിച്ചു. ജൈവകൃഷി നടത്താൻ കർഷകർക്ക് നിർദേശം നൽ‌കി. ഇതോടെ പ്രധാന നെൽവിളകളുടെയെല്ലാം ഉത്പാദനം കുറഞ്ഞു. വില ഉയർന്നു. വിദേശനാണ്യം ലാഭിക്കുന്നതിനായി ചില വസ്തുക്കളുടെ ഇറക്കുമതിയും നിരോധിച്ചു. അതിനിടെ റഷ്യ- യുക്രെയ്ൻ യുദ്ധം ഉണ്ടാകുകയും ഭക്ഷ്യവസ്തുക്കളുടെയും എണ്ണയുടെയും വില കുത്തനെ ഉയരുകയും ചെയ്തു. പണപ്പെരുപ്പം 40 ശതമാനത്തിനടുത്തെത്തി. മേയ് മാസത്തിൽ ഭക്ഷ്യവസ്തുക്കളുടെ വില 60 ശതമാനത്തോളം ഉയർന്നു.

  സമ്പദ്‌വ്യവസ്ഥ തകർന്നടിഞ്ഞ അവസ്ഥയിൽ തന്നെയാണെന്ന് പ്രധാനമന്ത്രി പറഞ്ഞത് എന്തുകൊണ്ട്?

  ഇത് ആറാം തവണയാണ് റെനിൽ വിക്രമസിംഗെ ശ്രീലങ്കൻ പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തിരിക്കുന്നത്. സമ്പദ് വ്യവസ്ഥയിൽ ഇപ്പോഴും കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടില്ലെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് ഐഎംഎഫിന്റെയും മറ്റ് അയൽ രാജ്യങ്ങളുടെയും സഹായം അദ്ദേഹം ആവശ്യപ്പെട്ടത്. സമ്പദ്‌വ്യവസ്ഥയെ തിരികെ കൊണ്ടുവരാൻ കൂടുതൽ സമയവും പിന്തുണയും നേടാൻ ശ്രമിക്കുക കൂടിയാണ് വിക്രമസിംഗെ ചെയ്തത്.

  ശ്രീലങ്കയുടെ കൈവശം ഇപ്പോൾ 25 മില്യൺ ഡോളർ വിദേശ കരുതൽ ശേഖരം മാത്രമേയുള്ളൂ എന്നാണ് ധനമന്ത്രാലയം അറിയിച്ചത്. കോടിക്കണക്കിന് കടം തിരിച്ചടയ്ക്കണം. ഇറക്കുമതിക്ക് നൽകാനുള്ള പണവും കൈവശമില്ല.

  ശ്രീലങ്കൻ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ 360 ആയി കുറഞ്ഞിരിക്കുകയുമാണ്. ഇത് ഇറക്കുമതിച്ചെലവ് കൂടുതൽ വർധിപ്പിക്കും. 2026-ഓടെ, വായ്പ എടുത്തതിൽ 25 ബില്യൺ ഡോളറാണ് രാജ്യത്തിന് തിരിച്ചടക്കേണ്ടത്.

  പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ചെയ്യുന്നതെന്ത്?

  ശ്രീലങ്കക്ക് 4 ബില്യൺ ഡോളറോളം ധനസഹായം നൽകുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടത്താൻ ഒരു ഇന്ത്യൻ പ്രതിനിധി തലസ്ഥാനമായ കൊളംബോയിൽ എത്തിയിരുന്നു, എന്നാൽ ഇന്ത്യയിൽ നിന്നുള്ള സഹായം മാത്രം ശ്രീലങ്കയെ പിടിച്ചുനിർത്തില്ലെന്നും വിക്രമസിംഗെ പറഞ്ഞു. ''ഐഎംഎഫിലാണ് ശ്രീലങ്ക അവസാന പ്രതീക്ഷകൾ പുലർത്തുന്നത്'' എന്നായിരുന്നു ജൂണിൽ കൊളംബോ ടൈംസിൽ പ്രത്യക്ഷപ്പെട്ട തലക്കെട്ടുകളിലൊന്ന്. ചൈനയിൽ നിന്നും ശ്രീലങ്ക കൂടുതൽ സഹായം തേടിയിട്ടുണ്ട്. യു.എസ്, ജപ്പാൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും ധനസഹായം നൽകിയിരുന്നു. ശ്രീലങ്കയുടെ ഇന്ധനക്ഷാമം നേരിടാൻ, റഷ്യയിൽ നിന്ന് കൂടുതൽ വിലക്കുറവിൽ എണ്ണ വാങ്ങുന്നത് പരിഗണനയിൽ ഉണ്ടെന്നും അടുത്തിടെ അസോസിയേറ്റഡ് പ്രസിന് നൽകിയ അഭിമുഖത്തിൽ വിക്രമസിംഗെ പറഞ്ഞിരുന്നു.

  Also read: ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്സെ സൈനിക വിമാനത്തിൽ രാജ്യം വിട്ടു; ഭാര്യക്കൊപ്പം മാലിദ്വീപില്‍
  Published by:Amal Surendran
  First published: